കേരളത്തിന് കുറയ്ക്കാം മൂന്നു രൂപയിലേറെ; കുറ്റം കേന്ദ്രത്തിന്

Thursday 13 September 2018 7:00 am IST

കൊച്ചി: എണ്ണവില കുത്തനെ കൂടുന്നതിന്റെ പേരില്‍ കേന്ദ്രത്തെ പ്രതിക്കൂട്ടിലാക്കുന്നവര്‍, കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ ഇതുവഴിയുണ്ടാക്കുന്ന കൊള്ളലാഭം കാണുന്നില്ല. പെട്രോള്‍, ഡീസല്‍ തുടങ്ങിയവയ്ക്ക് ഏറ്റവും അധികം നികുതിയുള്ള സംസ്ഥാനമാണ് കേരളം. കുറ്റം മുഴുവന്‍ കേന്ദ്രത്തിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും തലയില്‍ വച്ചുകെട്ടി ലാഭം കൊയ്യുകയാണ് പല സംസ്ഥാനങ്ങളും.

എണ്ണവില കൂടാന്‍ കാരണങ്ങള്‍ പലതാണ്. രൂപയുടെ മൂല്യത്തിലുണ്ടായ കുറവു മുതല്‍ അന്താരാഷ്ട്ര തലത്തിലുള്ള സമ്മര്‍ദങ്ങള്‍ വരെ.

കേരളത്തില്‍ പെട്രോള്‍ വില 83.24 രൂപയാണ്. ഡീസല്‍ വില 77.25 രൂപയും. കേരളം ഡീസലിന് ചുമത്തുന്ന തീരുവ 22.78  ശതമാനവും പെട്രോളിന് ചുമത്തുന്നത് 30.8 ശതമാനവും. ഇതിനു പുറമേ രണ്ടുല്‍പ്പന്നങ്ങള്‍ക്കും ലിറ്ററിന് ഒരു രൂപ വച്ച് സെസും ചുമത്തുന്നുണ്ട്. അതായത് ഒരു ലിറ്റര്‍ പെട്രോള്‍ വിറ്റാല്‍ കേരളത്തിനു ലഭിക്കുന്നത് 26.65 രൂപ. ഡീസല്‍ വിലയില്‍ ലഭിക്കുന്നത് 18.81 രൂപ. സംസ്ഥാനത്തിന്റെ ഏറ്റവും വലിയ മൂന്നാമത്തെ വരുമാനമാണിത്. 2014-2015 വര്‍ഷം കേരളത്തിന് ലഭിച്ചത് 5378 കോടിയായിരുന്നു. ഇത് 2017-2018ല്‍ 7266 കോടിയായി. പുതിയ വര്‍ധന വരുന്നതോടെ അത് 7800 കോടിയാകും. വെറുതേയിരുന്ന് വാങ്ങുന്നതാണിത്. ഇതില്‍ ഒരംശം കുറച്ചാല്‍ പോലും വലിയ വ്യത്യാസം വിലയില്‍ വരും. കേരളത്തിന് പെട്രോള്‍ വിലയില്‍ 3.20 രൂപയും ഡീസലില്‍ 2.30 രൂപയും കുറയ്ക്കാന്‍ കഴിയുമെന്നാണ് എസ്ബിഐയുടെ പഠനം ചൂണ്ടിക്കാട്ടുന്നത്. ഇതുമൂലം വരുമാനത്തില്‍ വലിയ നഷ്ടം ഉണ്ടാവുകയുമില്ല. എന്നാല്‍ ഈ പണം കൂടി ഇങ്ങു പോരട്ടെ എന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാരും ധനമന്ത്രി ഡോ. തോമസ് ഐസക്കും. സംസ്ഥാന തീരുവ കുറയ്ക്കില്ലെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു കഴിഞ്ഞു.

എല്ലാ സംസ്ഥാനങ്ങള്‍ക്കും കൂടി അധിക വരുമാനമായി ലഭിക്കുന്നത് 22,700 കോടിയാണെന്നാണ് എസ്ബിഐയുടെ കണ്ടെത്തല്‍.  ഒരു വീപ്പ എണ്ണയുടെ വില ഒരു ഡോളര്‍ കൂടിയാല്‍ പോലും 19 സംസ്ഥാനങ്ങള്‍ക്കായി 1513 കോടി അധികവരുമാനം ലഭിക്കും. എസ്ബിഐ പഠനത്തില്‍ പറയുന്നു. ഇതുവഴി സംസ്ഥാനങ്ങളുടെ സാമ്പത്തിക കമ്മി പതിനഞ്ചു മുതല്‍ 20 ശതമാനം വരെ കുറയും.

എണ്ണവില : ഹൈക്കോടതി ഇടപെട്ടില്ല

ന്യൂദല്‍ഹി: പെട്രോളും  ഡീസലും നിശ്ചിത വിലയ്ക്ക് വില്ക്കാന്‍ കേന്ദ്രത്തോട് നിര്‍ദ്ദേശിക്കണമെന്ന ആവശ്യം ദല്‍ഹി ഹൈക്കോടതി തള്ളി. ഇത് വലിയ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉള്ള നയപരമായ കാര്യമാണ്. അതില്‍ ഇടപെടാന്‍ കോടതിക്ക് കഴിയില്ല. ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോന്‍, ജസ്റ്റിസ് വി കാമേശ്വര റാവു എന്നിരുവരള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി. പൊതുതാല്പ്പര്യ ഹര്‍ജിയില്‍ 16ന് വാദം തുടരും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.