ഡ്യുവല്‍ സിം ഐഫോണുമായി ആപ്പിള്‍, ഇസിജി നോക്കാന്‍ ആപ്പിള്‍ വാച്ചും

Thursday 13 September 2018 8:36 am IST

കലിഫോര്‍ണിയ: ഏറെ കാത്തിരിപ്പിനൊടുവില്‍ ഐ ഫോണിന്റെ പുതിയ മോഡലുകള്‍ വിപണിയിലേക്ക്. കലിഫോര്‍ണിയയിലെ സ്റ്റീവ് ജോബ്‌സ് തീയറ്ററില്‍ നടന്ന ചടങ്ങില്‍ ഐഫോണ്‍ എക്‌സ് എസ്, എക്‌സ് എസ് മാക്‌സ് , എക്‌സ് ആര്‍ എന്നീ മൂന്നു മോഡലുകളും , ഡോക്ടറുടെ കുറിപ്പടിയില്ലാതെ തന്നെ ഇസിജി എടുക്കാന്‍ കഴിയുന്ന ആദ്യ വാച്ചും ആപ്പിള്‍ വിപണിയിലിറക്കി.

5.8 ഇഞ്ച്, 6.1 ഇഞ്ച്, 6.5 ഇഞ്ച് എന്നീ സ്‌ക്രീന്‍ വലുപ്പങ്ങളാണ് പുതിയ ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നത്. ഇരട്ട സിം പ്രേമികളെ കൂടി കൈയിലെടുക്കാന്‍ ആദ്യമായി ഡ്യുവല്‍ സിം കൂടി ഫോണിനൊപ്പം ഉള്‍പ്പെടുത്തി. ഇന്ത്യയിലെയും ചൈനയിലെയും മാര്‍ക്കറ്റു കൂടി ലക്ഷ്യമിട്ടാണ് ആപ്പിളിന്റെ ഈ നീക്കം.

ആപ്പിളിന്റെ മറ്റ് ഫോണുകളിലെ സാങ്കേതികവിദ്യയെ വെല്ലുന്ന മാറ്റങ്ങളാണ് പുതിയ ഫോണിലും ഒരുക്കിയിട്ടുള്ളത്. സുപ്പര്‍ റെറ്റിന ഒഎല്‍ഇഡി ഡിസ്‌പ്ലേയും 12 മെഗാപിക്‌സലിന്റെ ഇരട്ട പിന്‍ കാമറകളും നല്‍കിയിട്ടുണ്ട്. ഐഫോണ്‍ എക്‌സ് എസ്, എക്‌സ് എസ് മാക്‌സ് ഫോണുകള്‍ 64 ജിബി, 256 ജിബി, 512 ജിബി സ്റ്റോറേജില്‍ ലഭിക്കും.

ഇസിജി നോക്കാന്‍ ആപ്പിള്‍ വാച്ച് 

ആപ്പിള്‍ വാച്ചിന്റെ നാലാമത് പതിപ്പും കന്പനി പുറത്തിറക്കി. ഹെല്‍ത്ത് ആപ്‌സ്, ഓഹരി വിപണി അപ്‌ഡേഷന്‍ തുടങ്ങിയവ അറിയാനുള്ള അവസരവും വാച്ചില്‍ നല്‍കിയിരിക്കുന്നു. വാച്ചിന് 18 മണിക്കൂര്‍ ചാര്‍ജ് നിലനില്‍ക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ഹെല്‍ത്ത് ആപ്പുവഴി 30 സെക്കന്‍ഡിനുള്ളില്‍ ഇസിജി പരിശോധിക്കാന്‍ കഴിയുമെന്നാണ് ആപ്പിളിന്റെ അവകാശവാദം. വാച്ച് ഉപയോഗിക്കുന്നവര്‍ അപകടത്തില്‍പ്പെട്ടാല്‍ ഉടന്‍തന്നെ എമര്‍ജന്‍സി കോണ്‍ടാക്ട് നമ്പരുകളിലേക്ക് കോളുകള്‍ പോകുന്നതും പ്രത്യേകതയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.