തിരുവനന്തപുരം: കന്യാസ്ത്രീക്കെതിരെ പി.സി. ജോര്‍ജ് എം.എല്‍.എ നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ ഉയര്‍ന്നു വന്ന പരാതികള്‍ നിയമസഭയുടെ എത്തിക്സ് കമ്മിറ്റി പരിശോധിക്കുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് അറിയിച്ചു.
എത്തിക്സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ജോര്‍ജിന്റെ കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും സ്പീക്കര്‍ അറിയിച്ചു. അതേസമയം, എ. പ്രദീപ്കുമാര്‍ അദ്ധ്യക്ഷനായ നിയമസഭാ എത്തിക്സ് കമ്മിറ്റിയില്‍ പി.സി. ജോര്‍ജും അംഗമാണെന്നതാണ് ശ്രദ്ധേയം.
നമ്മുടെ നിയമ, നീതിന്യായ വ്യവസ്ഥകളുടെ പരിരക്ഷ സമൂഹത്തിലെ എല്ലാ വിഭാഗം ആളുകള്‍ക്കും ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്താന്‍ നിലകൊള്ളേണ്ടവരാണ് സാമാജികര്‍. ഇപ്പോള്‍ ഉയര്‍ന്നുവന്ന തരം കേസുകളില്‍ സ്ത്രീകളുടെ പരാതി അടിസ്ഥാനമായി പരിഗണിച്ചാണ് കേസും നടപടികളുമുണ്ടാവുന്നത്. ഈഘട്ടത്തില്‍ ഇത്തരം നിലപാടുകള്‍ സാമാജികരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത് നിര്‍ഭാഗ്യകരമാണെന്ന് സ്പീക്കര്‍ പറഞ്ഞു.
പി.കെ. ശശി എം.എല്‍.എയ്ക്കെതിരായ പരാതിയില്‍ നടപടികള്‍ അതിന്റെ വഴിക്ക് നടക്കും. സാമാജികര്‍ക്ക് പ്രത്യേക പരിഗണന ഒരു കാര്യത്തിലും കിട്ടാറില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: