രഞ്ജന്‍ ഗോഗോയിയെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു

Thursday 13 September 2018 7:56 pm IST
രാജ്യത്തിന്റെ 46ാമത് ചീഫ് ജസ്റ്റിസാണ് ഗോഗോയി. ഗോഗോയിയുടെ പേര് നിലവിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നേരത്തേ ശുപാര്‍ശ ചെയ്തിരുന്നു. ഒക്ടോബര്‍ രണ്ടിനാണ് മിശ്ര വിരമിക്കുന്നത്.

ന്യൂദല്‍ഹി: സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌യെ നിയമിച്ച് രാഷ്ട്രപതി ഉത്തരവിറക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഒക്ടോബര്‍ 2ന് വിരമിക്കുന്ന ഒഴിവിലാണ് നിയമനം. ഒക്ടോബര്‍ 3ന് രാഷ്ട്രപതി ഭവനില്‍ രഞ്ജന്‍ ഗൊഗോയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള പ്രമുഖര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും.

സുപ്രീംകോടതിയുടെ 46-ാമത് ചീഫ് ജസ്റ്റിസായാണ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് സ്ഥാനമേല്‍ക്കുന്നത്. 64കാരനായ ഗൊഗോയ്ക്ക് ഒരുവര്‍ഷം ചീഫ് ജസ്റ്റിസായി തുടരാനാകും. കോണ്‍ഗ്രസ് നേതാവും മുന്‍ അസം മുഖ്യമന്ത്രിയുമായിരുന്ന കേശവ് ചന്ദ്ര ഗൊഗോയ്‌യുടെ മകനാണ് രഞ്ജന്‍ ഗൊഗോയ്. 1978ല്‍ ഗുവാഹതി ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ച ഗൊഗോയ് 2001 ഫെബ്രുവരിയില്‍ അവിടെത്തന്നെ ജഡ്ജായി നിയമിതനായി. 2010ല്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്ക് മാറിയ ഗൊഗോയ് 2011 സപ്തംബറില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 2012 ഏപ്രിലിലാണ് സുപ്രീംകോടതി ജഡ്ജിയായി ഗൊഗോയ് ഉയര്‍ത്തപ്പെടുന്നത്. 

ഗോവിന്ദച്ചാമിക്കെതിരായ സൗമ്യ വധക്കേസ്, അസം പൗരത്വ രജിസ്റ്റര്‍ കേസ്, ലോക്പാല്‍-ലോകായുക്ത നിയമന കേസ്, ജസ്റ്റിസ് കര്‍ണ്ണനെതിരായ കേസ് എന്നിവ ഗൊഗോയ് പരിഗണിച്ച സുപ്രധാന കേസുകളാണ്. ജസ്റ്റിസ് ചലമേശ്വര്‍ അടക്കമുള്ള നാല് ജഡ്ജിമാര്‍ക്കൊപ്പം ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ പത്രസമ്മേളനം നടത്തി പ്രതിഷേധിച്ച ഗൊഗോയ്, താന്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടാണ് പത്രസമ്മേളനത്തിന്റെ ഭാഗമായതെന്ന് പിന്നീട് അടുത്ത സഹപ്രവര്‍ത്തകരോട് വെളിപ്പെടുത്തിയിരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. രഞ്ജന്‍ ഗൊഗോയ്‌യെ ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് നിലവിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ശുപാര്‍ശ ചെയ്യില്ലെന്നും കേന്ദ്രസര്‍ക്കാര്‍ ഗൊഗോയിയ്ക്ക് പകരം മറ്റൊരാളെ ചീഫ് ജസ്റ്റിസാക്കി പ്രഖ്യാപിക്കുമെന്നും ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചെങ്കിലും രഞ്ജന്‍ ഗൊഗോയ്‌യുടെ നിയമന ഉത്തരവിറങ്ങിയതോടെ ഇത്തരം പ്രചാരണങ്ങളെല്ലാം അവസാനിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.