മല്യയെ സഹായിച്ചത് മന്‍മോഹന്‍ സിങ്

Friday 14 September 2018 1:19 am IST
കിങ്ഫിഷര്‍ വിമാനക്കമ്പനിയുടെ യഥാര്‍ഥ ഉടമകള്‍ ഗാന്ധി കുടുംബമാണെന്നും ബിജെപി ആരോപിച്ചു. ഗാന്ധി കുടുംബത്തിലുള്ളവര്‍ക്ക് കിങ്ഫിഷറില്‍ ബിസിനസ് ക്ലാസില്‍ സൗജന്യ യാത്രകളായിരുന്നു. യാതൊരു ചട്ടവും പാലിക്കാതെ പൊതുമേഖലാ ബാങ്കുകള്‍ വിജയ് മല്യക്ക് വായ്പകള്‍ നല്‍കിയത് അന്നത്തെ കേന്ദ്രസര്‍ക്കാരില്‍ നിന്നും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നുമുള്ള നിരന്തര നിര്‍ദേശങ്ങളെ തുടര്‍ന്നാണ്.

ന്യൂദല്‍ഹി: ശതകോടികളുടെ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ പ്രതി വിജയ് മല്യയെ സഹായിച്ചത് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങും കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വവുമാണെന്നതിന്റെ തെളിവുകള്‍ പുറത്ത്. കിങ്ഫിഷറിനെ സഹായിക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങും വ്യോമയാന മന്ത്രിയായിരുന്ന വയലാര്‍ രവിയും പറയുന്നതിന്റെ  വീഡിയോ ദൃശ്യങ്ങളും ചെയ്ത സഹായങ്ങള്‍ക്ക് നന്ദി അറിയിച്ച് മല്ല്യ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് അയച്ച കത്തും ബിജെപി പുറത്തുവിട്ടു. 

കിങ്ഫിഷര്‍ വിമാനക്കമ്പനിയുടെ യഥാര്‍ഥ ഉടമകള്‍ ഗാന്ധി കുടുംബമാണെന്നും  ബിജെപി ആരോപിച്ചു. ഗാന്ധി കുടുംബത്തിലുള്ളവര്‍ക്ക് കിങ്ഫിഷറില്‍ ബിസിനസ് ക്ലാസില്‍ സൗജന്യ യാത്രകളായിരുന്നു. യാതൊരു ചട്ടവും പാലിക്കാതെ പൊതുമേഖലാ ബാങ്കുകള്‍ വിജയ് മല്യക്ക് വായ്പകള്‍ നല്‍കിയത് അന്നത്തെ കേന്ദ്രസര്‍ക്കാരില്‍ നിന്നും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നുമുള്ള നിരന്തര നിര്‍ദേശങ്ങളെ തുടര്‍ന്നാണ്. 

നഷ്ടത്തിലായിരുന്ന സ്വകാര്യ വിമാനക്കമ്പനി കിങ്ഫിഷറിനെ സഹായിക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പ്രസ്താവന ഇറക്കിയതിന് പിന്നാലെ തന്നെ ബാങ്കുകള്‍ വായ്പകള്‍ നല്‍കിയത് സംശയകരമാണ്. 2010 ആഗസ്റ്റ് 18ന് റിസര്‍വ് ബാങ്കിന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് നിര്‍ദേശങ്ങള്‍ ചെല്ലുകയും 2011ല്‍ മല്യ ഇതിന് നന്ദി പ്രകടിപ്പിച്ച് കത്തയയ്ക്കുയും ചെയ്തു. ഈ കത്ത് ബിജെപി ഇന്നലെ പത്രസമ്മേളനം വിളിച്ചുചേര്‍ത്ത് പുറത്തുവിട്ടിട്ടുണ്ട്. യുപിഎ ഭരണകാലത്ത് കിങ്ഫിഷറിന് ബാങ്കുകള്‍ നല്‍കിയ വായ്പയുടെ കണക്കുകളും ബിജെപി വക്താവ് സമ്പിത് പത്ര പുറത്തുവിട്ടു. മല്ല്യ സാമ്പത്തിക തട്ടിപ്പ് നടത്തിയതും എംപിയായി തുടര്‍ന്നതുമെല്ലാം യുപിഎ ഭരണകാലത്താണ്. അറസ്റ്റിന് നീക്കമുണ്ടെന്നറിഞ്ഞതോടെ നയതന്ത്ര പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിദേശത്തേക്ക്  കടന്നത് മാത്രമാണ് ബിജെപി ഭരണകാലത്ത് നടന്നത്. കിങ്ഫിഷറിന്റെ യഥാര്‍ഥ ഉടമ രാഹുല്‍ ഗാന്ധിയാണെന്നും അതാണ് സ്വത്തുകള്‍ പിടിച്ചെടുത്ത കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ ഇത്ര ബഹളം വെയ്ക്കുന്നതെന്നും ബിജെപി ആരോപിച്ചു. 

വിദേശത്തേക്ക് കടക്കുന്നതിന് മുമ്പായി കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ കണ്ടെന്ന വിജയ് മല്യയുടെ പ്രസ്താവനയാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ചത്. അറസ്റ്റ് ഉള്‍പ്പെടെയുളള്ള നടപടികളിലേക്ക് കടക്കുന്ന സാഹചര്യം വന്നതോടെയാണ് മല്യ കേന്ദ്രസര്‍ക്കാരിനെതിരെ ആരോപണങ്ങളുമായെത്തിയത്. രാജ്യസഭയില്‍ നിന്ന് പാര്‍ലമെന്റിലെ ധനമന്ത്രിയുടെ ഓഫീസിലേക്ക് നടക്കുന്നതിനിടെ വഴിയില്‍വെച്ചാണ് മല്ല്യ തന്നെ കാണാന്‍ ശ്രമിച്ചതെന്നും പ്രശ്‌നങ്ങള്‍ ബാങ്കുകളെ കണ്ട് പരിഹരിക്കുകയാണ് വേണ്ടതെന്ന് പറഞ്ഞ് താന്‍ മല്യയെ സംസാരിക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നതായും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. രാജ്യസഭാംഗമായ ഒരു വ്യക്തിക്ക് പാര്‍ലമെന്റിലെ ഇടനാഴിയില്‍ നില്‍ക്കാനുള്ള അവകാശമുപയോഗിച്ചാണ് മല്ല്യ തന്നോട് സംസാരിക്കാന്‍ ശ്രമിച്ചതെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.