'ഞങ്ങള്‍ മരിച്ചിട്ടില്ല സര്‍ക്കാരേ...'

Friday 14 September 2018 1:01 am IST
ഫോര്‍ട്ട് സ്റ്റേഷന് സമീപം മുറുക്കാന്‍ വിറ്റ് ഉപജീവനം നടത്തുന്ന 82 വയസ്സുള്ള പൊന്നുപാറു തനിക്ക് നാലുചക്രവാഹനം ഇല്ലെന്ന് തെളിയിക്കാനുള്ള നെട്ടോട്ടത്തിലാണ്. വാര്‍ധക്യപെന്‍ഷന്‍ വാങ്ങിയിരുന്ന നിരവധി പേരെയാണ് ഇങ്ങനെ മരണപ്പെട്ടെന്നും നാലുചക്രവാഹനമുണ്ടെന്നും കാട്ടി ലിസ്റ്റില്‍ നിന്ന് പുറത്താക്കിയത്. സിപിഎം ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഉടനീളമുള്ള വയോധികര്‍ ഇപ്പോള്‍ പെന്‍ഷനുവേണ്ടിയുള്ള മരണപ്പാച്ചിലിലാണ്.

തിരുവനന്തപുരം: വലിയശാല സ്വദേശി ഗംഗാബായി അമ്മാളിന് 81 വയസ്സുണ്ട്. മൂന്ന് മാസമായി വാര്‍ധക്യകാല പെന്‍ഷന്‍ കിട്ടുന്നില്ല. ഭര്‍ത്താവിനും തനിക്കും മരുന്നോ ഭക്ഷണമോ വാങ്ങാന്‍ കഴിയുന്നില്ല. വിവരം അന്വേഷിച്ച് തിരുവനന്തപുരം  കോര്‍പ്പറേഷനില്‍ എത്തിയപ്പോഴാണ് താന്‍ മരിച്ചുപോയി എന്ന വിവരം ഗംഗാബായി അമ്മാള്‍ അറിയുന്നത്. ഇപ്പോള്‍ മരിച്ചിട്ടില്ലെന്നുള്ള സത്യവാങ്മൂലവും കൊണ്ട് പെന്‍ഷനുവേണ്ടി കോര്‍പ്പറേഷന്‍ ഓഫീസില്‍ കയറിയിറങ്ങുകയാണവര്‍.

  ഫോര്‍ട്ട് സ്റ്റേഷന് സമീപം മുറുക്കാന്‍ വിറ്റ് ഉപജീവനം നടത്തുന്ന 82 വയസ്സുള്ള പൊന്നുപാറു തനിക്ക് നാലുചക്രവാഹനം ഇല്ലെന്ന് തെളിയിക്കാനുള്ള നെട്ടോട്ടത്തിലാണ്. വാര്‍ധക്യപെന്‍ഷന്‍ വാങ്ങിയിരുന്ന നിരവധി പേരെയാണ് ഇങ്ങനെ മരണപ്പെട്ടെന്നും നാലുചക്രവാഹനമുണ്ടെന്നും കാട്ടി ലിസ്റ്റില്‍ നിന്ന് പുറത്താക്കിയത്. സിപിഎം ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഉടനീളമുള്ള വയോധികര്‍ ഇപ്പോള്‍ പെന്‍ഷനുവേണ്ടിയുള്ള മരണപ്പാച്ചിലിലാണ്.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മാത്രം ഏപ്രിലില്‍ വരെ വാര്‍ധക്യ പെന്‍ഷന്‍ നേടിയ അയ്യായിരത്തോളം പേരാണ് പദ്ധതിയില്‍ നിന്ന് പുറത്തായത്. സര്‍വേയില്‍ 80 ശതമാനത്തിലധികം പേരെ ഒഴിവാക്കിയത് മരിച്ചെന്ന് കാട്ടിയാണ്. അല്ലാത്തവരെ നാലുചക്രവാഹനം ഉണ്ടെന്നും രണ്ടിലധികം പെന്‍ഷന്‍ വാങ്ങുന്നു എന്നും പറഞ്ഞ് ഒഴിവാക്കി. മാതാപിതാക്കള്‍ 'മരിച്ച'തിനാല്‍ പെന്‍ഷനില്‍ നിന്ന് ഒഴിവാക്കിയ വിവരം അറിയിച്ച് മക്കള്‍ക്ക് മെസേജും അയച്ചു.

ചുമട്ട് തൊഴിലാളിയായിരുന്ന കരിക്കകം സ്വദേശി മോഹനന്‍ (72) മരിച്ചു എന്നാണ് സര്‍വേയില്‍. ശാരീരിക അവശതയും രോഗവും കാരണം ജോലിക്ക് പോകാനാകില്ല. പെന്‍ഷന്‍ മാത്രമാണ് ആശ്രയം. കരിക്കകം വാര്‍ഡിലെ തന്നെ പുതുവല്‍ പുത്തന്‍ വീട്ടില്‍ കോമളം, വത്സല തുടങ്ങിയവരും കോര്‍പ്പറേഷന്‍ ലിസ്റ്റ് പ്രകാരം ജീവിച്ചിരിപ്പില്ല. ശ്രീവരാഹത്തെ മുഹമ്മദ് ഹനീഫ, അപ്പുക്കുട്ടന്‍നായര്‍, കമലമ്മ തുടങ്ങിയവരും തങ്ങള്‍ ജീവിച്ചിരിക്കുന്നു എന്ന് സത്യവാങ്മൂലം നല്‍കേണ്ട ഗതികേടിലാണ്. 

മരിച്ചെന്ന് പറഞ്ഞ് ലിസ്റ്റില്‍ നിന്ന് പുറത്താക്കിയവരെ ഇന്നലെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി കൗണ്‍സിലര്‍മാര്‍ അണിനിരത്തി ധര്‍ണ നടത്തി. ഇതോടെയാണ് വിവരം പുറത്തായത്. ഏത് ഏജന്‍സിയാണ് സര്‍വേ നടത്തുന്നതെന്നുപോലും സിപിഎം ഭരണം കയ്യാളുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ധാരണയില്ല. തങ്ങള്‍ക്ക് താത്പര്യമുള്ളവരെ മാത്രം ഉള്‍പ്പെടുത്തി ബ്രാഞ്ച് സെക്രട്ടറിയും ലോക്കല്‍ സെക്രട്ടറിയും നല്‍കുന്ന ലിസ്റ്റ് അംഗീകരിക്കും. വലിയശാലയില്‍ രണ്ട് കോടിയോളം വിലവരുന്ന ഇരുനില വീടും കാറും ഉള്ള മുന്‍ കൗണ്‍സിലറും ഭാര്യയും പെന്‍ഷന്‍ ലിസ്റ്റില്‍ ഉള്ളത് ഒരു ഉദാഹരണം മാത്രം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.