ബിഷപ്പിന് രക്ഷപ്പെടാന്‍ പഴുതൊരുക്കി പോലീസിന്റെ മലക്കം മറിച്ചില്‍

Friday 14 September 2018 1:02 am IST
ഒരുമാസം മുമ്പ് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി കെ. സുഭാഷ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ബിഷപ്പിനെതിരെ മതിയായ തെളിവുകളുണ്ടെന്നും കന്യാസ്ത്രീ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നും വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഈ കണ്ടെത്തല്‍ മാത്രം മതി ബിഷപ്പിനെ അറസ്റ്റു ചെയ്യാന്‍ എന്നിരിക്കെയാണ് അറസ്റ്റ് വൈകിപ്പിച്ചത്.

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയെന്ന കേസില്‍ മലക്കം മറിഞ്ഞ് പോലീസ്. ബിഷപ്പിനെ രക്ഷിച്ചെടുക്കാനാണിതെന്നാണ് സൂചന. ബിഷപ്പ് കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയതിന് തെളിവുണ്ടെന്നും കൃത്യം നടന്നിട്ടുണ്ടെന്നും കോടതിയില്‍ ബോധിപ്പിച്ച പോലീസ് ഇന്നലെ നിലപാട് മാറ്റി. മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും അതിനാലാണ് അറസ്റ്റ് വൈകുന്നതെന്നുമാണ് ഇന്നലെ പോലീസ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്ങ്മൂലത്തില്‍ ബോധിപ്പിച്ചത്. 

ഒരുമാസം മുമ്പ് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി കെ. സുഭാഷ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ബിഷപ്പിനെതിരെ മതിയായ തെളിവുകളുണ്ടെന്നും കന്യാസ്ത്രീ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നും വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഈ കണ്ടെത്തല്‍ മാത്രം മതി ബിഷപ്പിനെ അറസ്റ്റു ചെയ്യാന്‍ എന്നിരിക്കെയാണ് അറസ്റ്റ് വൈകിപ്പിച്ചത്.

ഒരു മാസം കഴിഞ്ഞ് ഇന്നലെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍, കന്യാസ്ത്രീയുടെയും ബിഷപ്പിന്റെയും മൊഴികളിലും സാക്ഷികളുടെ മൊഴികളിലും വൈരുദ്ധ്യമുണ്ടെന്നാണ് ചേര്‍ത്തിരിക്കുന്നത്. അങ്ങനെയെങ്കില്‍ ആദ്യ സത്യവാങ്ങ്മൂലത്തില്‍ എങ്ങനെ കൃത്യമായ തെളിവുണ്ടെന്ന് ചേര്‍ത്തുവെന്നത് സംശയകരം. ഒരു മാസമായിട്ടും ഈ വൈരുധ്യം നീക്കാന്‍ കഴിഞ്ഞില്ലേയെന്നും സംശയമുണ്ട്. അങ്ങനെയെങ്കില്‍ ബിഷപ്പിനെ എന്തുകൊണ്ട് ഈ ഒരു മാസത്തിനിടെ ചോദ്യം ചെയ്തില്ലെന്നതും ദുരൂഹമാണ്. ഒരു മാസത്തിനിടെ തികച്ചും വിരുദ്ധമായ രണ്ട് സത്യവാങ്ങ്മൂലം നല്‍കിയതു വഴി കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്നും വാദമുണ്ട്. ഇത് കോടതിയലക്ഷ്യത്തിനു വരെ കാരണമാകാമെന്ന് നിയമവിദഗ്ധര്‍ പറയുന്നു. മാത്രമല്ല ഈ വൈരുദ്ധ്യം അന്വേഷണ സംഘത്തിലും സംശയം ജനിപ്പിച്ചിരിക്കുകയാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഒരാള്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ഒരു സ്ത്രീ പരാതി നല്‍കിയാല്‍ മാത്രം മതി ആരോപണ വിധേയനെ അറസ്റ്റുചെയ്യാന്‍, അറസ്റ്റുചെയ്ത് പ്രതിയുടെ ലൈംഗികക്ഷമത അടക്കം പരിശോധിക്കുകയാണ് ചെയ്യേണ്ടത്. ഇതൊന്നും കന്യാസ്ത്രീയുടെ പരാതിയില്‍ ഉണ്ടായിട്ടില്ല. മറിച്ച് ഇതിനെല്ലാം വിരുദ്ധമായ നടപടികളാണ് പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. ലൈംഗിക പീഡനക്കുറ്റം ആരോപിക്കുന്ന ആളെ നോട്ടീസ് കൊടുത്ത് വിളിച്ചു വരുത്തുന്ന പോലീസ് നടപടി വിഷയത്തെ ലഘൂകരിക്കാനുള്ള നീക്കമാണെന്നും നിയമജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.

ആഗസ്റ്റ് 10ന് വൈക്കം ഡിവൈഎസ്പി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം 

''അന്വേഷണത്തിന്റെ വിവരംവെച്ച്, ബിഷപ്പ് ഫ്രാങ്കോ കുറ്റകൃത്യം ചെയ്തിട്ടുണ്ട്.  2016 സപ്തംബര്‍ 23നും 2018 മെയ് അഞ്ചിനും ഇടയില്‍, പലദിവസങ്ങളില്‍ ജലന്ധര്‍ ബിഷപ്പെന്ന അധികാരം വിനിയോഗിച്ച്, വിസമ്മതം വകവെയ്ക്കാതെ,  ആവര്‍ത്തിച്ച് സിസ്റ്ററിനെ, കുറവിലങ്ങാട് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ 20-ാം നമ്പര്‍ മുറിയില്‍വെച്ച് ബലാത്സംഗം ചെയ്തിട്ടുണ്ട്. 

ഏഴുപേജ് സത്യവാങ്മൂലത്തില്‍ ജൂണ്‍ 28ന്, കുറവിലങ്ങാട് പോലീസ് സ്‌റ്റേഷനില്‍ സിസ്റ്ററുടെ മൊഴിയെടുത്തതു മുതലുള്ള സൂക്ഷ്മ വിവരങ്ങളുണ്ട്. കോട്ടയം മെഡി.  കോളേജിലെ ഗൈനക്കോളജിസ്റ്റ് ഡോ. രോഷ്‌നി നടത്തിയ പരിശോധനയുടെ ഫലം, ജൂലൈ അഞ്ചിന് ചങ്ങനാശേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ സിആര്‍പിസി 164 പ്രകാരം കൊടുത്ത മൊഴി തുടങ്ങിയവയുമുണ്ട്.

'കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു'

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായുള്ള കേസ് അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായി കൊച്ചിയില്‍ സമരം നടത്തുന്ന കന്യാസ്ത്രീകള്‍ ആരോപിച്ചു. കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി സിസ്റ്റര്‍ നീന ജോസഫ് പറഞ്ഞു. കോടതിയും നീതി നിഷേധിക്കുകയാണ്. അന്വേഷണം നീട്ടിക്കൊണ്ടുപോകുന്നത് കേസ് അട്ടിമറിക്കാനാണെന്നും അവര്‍ പറഞ്ഞു. അറസ്റ്റ് ചെയ്യാന്‍ ഇനിയും തെളിവുകള്‍ വേണമെന്നാണ് ഹൈക്കോടതി പറയുന്നത്. ഇതില്‍ കൂടുതല്‍ എന്ത് തെളിവാണ് നല്‍കേണ്ടതെന്നും അവര്‍ ചോദിച്ചു. കുറവിലങ്ങാട് മഠത്തിനുള്ളില്‍ ജീവന് ഭീഷണിയുണ്ട്. സമരത്തില്‍ പങ്കെടുക്കുന്ന കന്യാസ്ത്രീകള്‍ അവിടെ ഒറ്റപ്പെട്ടിരിക്കുകയാണെന്നും സിസ്റ്റര്‍ നീന പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.