കത്തോലിക്കാ സഭ നാണം കെട്ടു; ഫ്രാങ്കോ രാജിവയ്ക്കണം: ആര്‍ച്ച് ബിഷപ്പ്

Friday 14 September 2018 1:07 am IST

മുംബൈ: കന്യാസ്ത്രീയെ നിരന്തരം മാനഭംഗത്തിന് ഇരയാക്കിയ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രാജിവയ്ക്കണമെന്ന് ബോംബെ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ഓസ്‌വാള്‍ഡ് ഗ്രേഷ്യസ്. ഫ്രാങ്കോ, സ്ഥാനമൊഴിയണം, തനിക്കെതിരായ അന്വേഷണത്തിന് അനുവദിക്കണം. ആരോപണം സഭയുടെ യശസ്സ് കേരളത്തില്‍ മാത്രമല്ല, രാജ്യമെങ്ങും മോശമാക്കി. അതിനാല്‍ രാജിവയ്ക്കുക മാത്രമാണ് ഫ്രാങ്കോയ്ക്ക് ചെയ്യാനുള്ളത്. കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാല്‍ അദ്ദേഹത്തിന് മടങ്ങിയെത്താം, കര്‍ദിനാള്‍ ഓസ്‌വാള്‍ഡ് പറഞ്ഞു. കേരളത്തിലെ സഹോദരന്മാരും സഹോദരിമാരും പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ ബോംബെ അതിരൂപതയ്ക്ക് നിശ്ശബ്ദത പാലിക്കാന്‍ സാധ്യമല്ല. കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ അധ്യക്ഷന്‍ കൂടിയായ കര്‍ദിനാള്‍ ഓസ്‌വാള്‍ഡ് സാമൂഹ്യ മാധ്യമങ്ങളില്‍ നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു.

 വത്തിക്കാന്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തണം. ബിഷപ്പിന്റെ കാര്യത്തില്‍ തീരുമാനം എടുക്കണം. ഇരു വിഭാഗങ്ങളുടെയും അവകാശവാദങ്ങള്‍ സംബന്ധിച്ച് നിഷ്പക്ഷ അന്വേഷണം വേണം. കുറ്റം തെളിഞ്ഞാല്‍ അത് ക്രിമിനല്‍ കേസാണ്. കോടതിയാണ് നടപടി എടുക്കേണ്ടത്, ബിഷപ്പ് പറയുന്നു.എന്നാല്‍ ഒാസ്‌വാള്‍ഡ് ഗ്രേഷ്യസിന്റെ ആവശ്യം ജലന്ധര്‍ രൂപത തള്ളി. ഫ്രാങ്കോ മുളയ്ക്കല്‍ രാജിവയ്‌ക്കേണ്ടതില്ലെന്ന് രൂപതാ അധികൃതര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.