അന്വേഷണത്തില്‍ ആശങ്ക വേണ്ടെന്ന് ഹൈക്കോടതി

Friday 14 September 2018 1:08 am IST

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പോലീസ് അന്വേഷണത്തില്‍ സംതൃപ്തിയുണ്ടെന്ന് ഹൈക്കോടതി. അന്വേഷണത്തില്‍ ആശങ്കയരുതെന്നും പോലീസിനെ സമ്മര്‍ദത്തിലാക്കരുതെന്നും ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. ഈ ഘട്ടത്തില്‍ അന്വേഷണത്തിനായി പ്രത്യേക നിര്‍ദേശങ്ങള്‍ കോടതി നല്‍കുന്നത് അനുചിതമാണെന്നും കോടതി പറഞ്ഞൂ. 

കന്യാസ്ത്രീയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം ഫലപ്രദമല്ലെന്നാരോപിച്ച ഹര്‍ജിക്കാരോട്  ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നതാണോ ശിക്ഷിക്കണമെന്നതാണോ താല്‍പ്പര്യമെന്നു കോടതി ചോദിച്ചു. ബിഷപ്പിനോടു സപ്തംബര്‍ 19 ന് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാത്തത് സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനുമിടയാക്കുമെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. എന്നാല്‍ ഒരു പ്രതിയെ അറസ്റ്റ് ചെയ്യുന്നതും കസ്റ്റഡിയില്‍ എടുക്കുന്നതും അന്വേഷണ ഉദ്യോഗസ്ഥന്റെ വിവേചനാധികാരമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രതിക്ക് പോലീസിനെ സ്വാധീനിക്കാനാവുമെന്ന് കരുതുന്നില്ല. 2014-16 കാലത്തു നടന്ന കേസില്‍ തെളിവു ശേഖരണം ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ ഘട്ടത്തില്‍ അന്വേഷണ പുരോഗതി മാത്രമേ വിലയിരുത്തുന്നുള്ളൂ, ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. 

സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജിയിലെ അഭിഭാഷകന്‍ ബിഷപ്പിന്റെ ലൈംഗികക്ഷമതാ പരിശോധന നടത്തുന്നതിന് പോലീസ് നടപടിയെടുത്തില്ലെന്ന് ആരോപിച്ചു. എന്നാല്‍ ക്രിമിനല്‍ നടപടി ചട്ടത്തിലെ വ്യവസ്ഥ പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്ത ശേഷമാണ് ലൈംഗികക്ഷമതാ പരിശോധന നടത്തുന്നതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സിബിഐയുടെ നിലപാട് ഈ ഘട്ടത്തില്‍ തേടേണ്ടതില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തില്‍ അന്വേഷണം ഫലപ്രദമല്ലെന്നും ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് കേരള കാത്തലിക് ചര്‍ച്ച് റിഫോമേഷന്‍ മൂവ്‌മെന്റും മലയാളവേദി സംസ്ഥാന പ്രസിഡന്റ് ജോര്‍ജ് വട്ടുകുളവും നല്‍കിയ ഹര്‍ജികളിലാണ് ഹൈക്കോടതി ഇതു വ്യക്തമാക്കിയത്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ചാരുമ്മൂട് സ്വദേശി വി. രാജേന്ദ്രന്‍ നല്‍കിയ ഹര്‍ജിയും ഇതോടൊപ്പം പരിഗണിച്ചു. 

ഇന്നലെ രാവിലെ ഹര്‍ജി പരിഗണനയ്‌ക്കെടുത്തപ്പോള്‍ അന്വേഷണ പുരോഗതി വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ചു. ഹര്‍ജികള്‍ സപ്തംബര്‍ 24 ന് വീണ്ടും പരിഗണിക്കാന്‍ മാറ്റി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.