അമേരിക്കയിലെ ഹിന്ദു ക്ഷേത്രം ദുരിതാശ്വാസ നിധി സേവാഭാരതിക്ക് കൈമാറി

Friday 14 September 2018 1:16 am IST

തിരുവല്ല: പ്രളയദുരിതത്തില്‍പ്പെട്ട കേരളീയര്‍ക്ക് സഹായവുമായി ന്യുയോര്‍ക്ക് സ്റ്റാറ്റന്‍ ഐലന്റ് ഹിന്ദു ക്ഷേത്രവും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ക്ഷേത്രത്തിലെത്തുന്ന ഭക്തരില്‍ നിന്ന് നിധിശേഖരണം നടത്തി. രണ്ടു ദിവസം കൊണ്ട് ആറു ലക്ഷത്തോളം രൂപ സ്വരൂപിക്കാനായി. ക്ഷേത്രം ഭരണസമിതി അംഗം ഡോ. എസ്. രാമചന്ദ്രന്‍ നായര്‍ കേരളത്തിലെത്തി തുക കൈമാറി. തിരുവല്ല ചക്കുളത്ത്കാവില്‍ പ്രവര്‍ത്തിക്കുന്ന സേവാഭാരതി ദുരിതാശ്വാസ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ആര്‍എസ്എസ് സംഭാഗ് കാര്യവാഹ് ടി.വി. പ്രസാദ് ബാബു തുക ഏറ്റുവാങ്ങി.

പ്രളയം വിതച്ച ദുരിതത്തിനിടയിലും സേവനത്തിന്റേയും സഹകരണത്തിന്റേയും നല്ല കാഴ്ചകള്‍ ഉണ്ടായത് പ്രതീക്ഷ നല്‍കുന്ന കാര്യമാണെന്ന് ഡോ. എസ്. രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. നിഷ്‌കാമ കര്‍മം എന്ന ഹിന്ദുമതത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിച്ച എല്ലാവരും അഭിനന്ദനം അര്‍ഹിക്കുന്നതായും അദ്ദേഹം സൂചിപ്പിച്ചു. സുനാമി സമയത്തും സ്റ്റാറ്റന്‍ ഐലന്റ് ഹിന്ദു ക്ഷേത്രം സേവാഭാരതി മുഖേന കേരളത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തിയ കാര്യവും രാമചന്ദ്രന്‍ നായര്‍ അനുസ്മരിച്ചു. സേവാഭാരതി ചെയ്ത പ്രവര്‍ത്തനങ്ങള്‍ പ്രസാദ് ബാബു വിശദീകരിച്ചു.

ആര്‍എസ്എസ് സംഭാഗ് പ്രചാരക് ടി.എസ്. അജയകുമാര്‍, വിഭാഗ് കാര്യവാഹ് ഒ.കെ. അനില്‍, വിഭാഗ് പ്രചാരക് ശ്രീനീഷ്, ആലപ്പുഴ ജില്ലാ കാര്യവാഹ് ഷിജു, ജില്ലാ സേവാപ്രമുഖ് ഗിരീഷ്, ജന്മഭുമി ന്യൂസ് എഡിറ്റര്‍ പി. ശ്രീകുമാര്‍, സുപ്രഭാ നായര്‍, ശാരദാമ്മ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.