ഏഷ്യാ കപ്പിന് നാളെ തുടക്കം

Friday 14 September 2018 1:31 am IST

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് നാളെ ആരംഭിക്കും. ഉദ്ഘാടന മത്സരത്തില്‍ ശ്രീലങ്ക ബംഗ്ലാദേശുമായി ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം വൈകിട്ട് അഞ്ചിന് മത്സരം ആരംഭിക്കും. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയുള്‍പ്പെടെ ആറു ടീമുകള്‍ രണ്ട് ഗ്രൂപ്പുകളിലായി മത്സരിക്കും. ഈ മാസം 28 നാണ് ഫൈനല്‍. ദുബായിയിലും അബുദാബിയിലുമായാണ് മത്സരങ്ങള്‍ അരങ്ങേറുക.

ഇന്ത്യ, പാക്കിസ്ഥാന്‍, ഹോങ്കോങ് ടീമുകള്‍ ഗ്രൂപ്പ് എയിലാണ് മത്സരിക്കുക.  ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍ ടീമുകള്‍ ഗ്രൂപ്പ് ബി യിലും മത്സരിക്കും. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ അടുത്ത റൗണ്ടില്‍ കടക്കും.

ഇന്ത്യ ആദ്യ മത്സരത്തില്‍ പതിനെട്ടിന് ക്രിക്കറ്റിലെ പുതുതലമുറക്കാരായ ഹോങ്കോങ്ങിനെ നേരിടും. യോഗ്യതാ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ യുഎഇയെ തകര്‍ത്താണ് ഹോങ്കോങ് പ്രധാന ടൂര്‍ണമെന്റില്‍ മത്സരിക്കാന്‍ അര്‍ഹത നേടിയത്.

രണ്ടാം മത്സരത്തില്‍ ഇന്ത്യ പരമ്പരാഗത വൈരികളായ പാക്കിസ്ഥാനെ നേരിടും. പത്തൊന്‍പതിനാണ് ഈ മത്സരം.

ഏഷ്യാ കപ്പില്‍ ഏറ്റവും കൂടുതല്‍ തവണ ചാമ്പ്യന്മാരായ ടീം ഇന്ത്യയാണ്. ആറു തവണ ഇന്ത്യ കിരീടം നേടി. അഞ്ചുതവണ ചാമ്പ്യന്മാരായ ശ്രീലങ്കയാണ് ഇന്ത്യക്ക് പിന്നില്‍.

രോഹിത് ശര്‍മയാണ് ഇത്തവണ ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. ശിഖര്‍ ധവാനാണ് ഉപനായകന്‍. പാക്കിസ്ഥാനെ സര്‍ഫ്രാസ് അഹമ്മദും ശ്രീലങ്കയെ ഏയ്ഞ്ചലോ മാത്യൂസും നയിക്കും. അസ്ഗര്‍ അഫ്്ഗാനാണ് അഫ്ഗാനിസ്ഥാന്റെ ക്യാപറ്റ്ന്‍, പുതുമുഖങ്ങളായ ഹോങ്കോങ്ങിനെ അന്‍ഷുമാന്‍ റാത്ത് നയിക്കും. മുഷ്‌റഫ് മൊര്‍ത്താസയാണ് ബംഗ്ലാദേശിന്റെ ക്യാപ്റ്റന്‍.

പ്രാഥമിക റൗണ്ടില്‍ ഓരോ ഗ്രൂപ്പിലെയും ഒന്നും രണ്ടും സ്ഥാനക്കാര്‍ സൂപ്പര്‍ ഫോറില്‍ കടക്കും. സൂപ്പര്‍ ഫോറില്‍ നാലു ടീമുകളും പരസ്പരം ഏറ്റുമുട്ടും. കുടുതല്‍ പോയിന്റുകള്‍ നേടുന്ന ടീമുകള്‍ 28 ന് ഫൈനലില്‍ മാറ്റുരയ്ക്കും.

മത്സരക്രമം: സപ്തംബര്‍ 15: ബംഗ്ലാദേശ്- ശ്രീലങ്ക, 16: പാക്കിസ്ഥാന്‍- ഹോങ്കോങ്, 17: ശ്രീലങ്ക- അഫ്ഗാനിസ്ഥാന്‍, 18: ഇന്ത്യ- ഹോങ്കോങ്, 19: ഇന്ത്യ- പാക്കിസ്ഥാന്‍ , 20: ബംഗ്ലാദേശ് - അഫ്ഗാനിസ്ഥാന്‍.

സൂപ്പര്‍ ഫോര്‍: 21: ഗ്രൂപ്പ് എ ജേതാക്കള്‍- ഗ്രൂപ്പ് ബി രണ്ടാം സ്ഥാനക്കാര്‍ (ദുബായ്), ഗ്രൂപ്പ്് ബി ജേതാക്കള്‍- ഗ്രൂപ്പ് എ രണ്ടാം സ്ഥാനക്കാര്‍ (അബുദാബി), 23: ഗ്രൂപ്പ് എ ജേതാക്കള്‍- ഗ്രൂപ്പ് എ രണ്ടാം സ്ഥാനക്കാര്‍ (ദുബായ്), ഗ്രൂപ്പ് ബി ജേതാക്കള്‍- ഗ്രൂപ്പ് ബി രണ്ടാം സ്ഥാനക്കാര്‍ (അബുദാബി), 25: ഗ്രൂപ്പ് എ ജേതാക്കള്‍- ഗ്രൂപ്പ് ബി ജേതാക്കള്‍ (ദുബായ്),26: ഗ്രൂപ്പ് എ രണ്ടാം സ്ഥാനക്കാര്‍- ഗ്രൂപ്പ് ബി രണ്ടാം സ്ഥാനക്കാര്‍ (അബുദാബി). 28: ഫൈനല്‍ ( ദുബായ്)

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.