സ്വാമി പാദത്തില്‍, ആ ദിനങ്ങള്‍

Friday 14 September 2018 1:40 am IST
പമ്പാനദി കടന്നുള്ള യാത്ര അസാധ്യമെന്നു ബോധ്യമായതോടെ ഞങ്ങള്‍ നിലയ്ക്കലിലേയ്ക്ക് മടങ്ങി. അവിടെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍, ദേവസ്വം ബോര്‍ഡ് അംഗം ശങ്കര്‍ദാസ് എന്നിവരുണ്ടായിരുന്നു. പ്രസിഡന്റിന്റെ നിര്‍ദ്ദേശ പ്രകാരം വണ്ടിപ്പെരിയാര്‍, പുല്ലുമേട് വഴി സന്നിധാനത്തേയ്ക്ക് പോകാന്‍ തീരുമാനിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും സംരക്ഷണയിലാണ് യാത്ര.
"ശങ്കരനാരായണന്‍ ശബരിമല സന്നിധാനത്തു ദര്‍ശനം നടത്തുന്നു. ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ സമീപം."

തളംകെട്ടിയ ഭീതിയുടെ നിഴലിലായിരുന്നു ആ 17 ദിവസങ്ങള്‍. സ്വാമി അയ്യപ്പന്റെ തിരുസന്നിധിയിലാണെന്ന ആശ്വാസം മാത്രം. അല്ല അയ്യപ്പന്റെ സംരക്ഷണയിലായിരുന്നു. രാത്രി ഘനീഭവിച്ച ഇരുട്ടും മഴയും. കാറ്റിന്റെ ഹൂങ്കാരവും കാട്ടുമൃഗങ്ങളുടെ പേടിപ്പെടുത്തുന്ന മുരള്‍ച്ചയും അടുത്തു കേള്‍ക്കാം. തിരക്കൊഴിയാത്ത ശബരിമലയില്‍ അതൊരു അനുഭവം തന്നെയായിരുന്നു. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്ത ദിവസങ്ങള്‍. നാടാകെ താണ്ഡവമാടിയ മഹാപ്രളയത്തിന്റെ വാര്‍ത്തകളൊന്നും അറിയാനേ കഴിഞ്ഞില്ല.   

നിറപുത്തരി ചടങ്ങുകള്‍ക്ക് നട തുറക്കുന്നതിന് മുന്നോടിയായി തന്ത്രി മഹേഷ് മോഹനരരോടൊപ്പം ഞങ്ങള്‍ ഒന്‍പതു പേരുള്ള സംഘം ഓഗസ്റ്റ് 14 ന് പമ്പയിലെത്തുമ്പോള്‍ രാവിലെ 8 മണി. രണ്ട് ദിവസം മുമ്പ് തുടങ്ങിയ കനത്ത മഴയില്‍ നിറഞ്ഞു കവിഞ്ഞ പമ്പയാര്‍, ത്രിവേണി പാലവും മൂടി ഉഗ്രരൂപിണിയായി ഒഴുകുകയായിരുന്നു. ഒഴുക്കിന്റെ ശക്തിയില്‍ ഗതി മാറി സര്‍വ്വനാശം വിതച്ചാണ് പമ്പയുടെ യാത്ര.'

ഞങ്ങളോടൊപ്പമുണ്ടായിരുന്നത് തന്ത്രിയുടെ പരികര്‍മ്മി മനു നമ്പൂതിരി, ശബരിമല മേല്‍ശാന്തിയുടെ മകന്‍ വിഷ്ണു നമ്പൂതിരി, ശബരിമല ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍, പിറ്റേന്ന് രാവിലെ നടത്തേണ്ട നിറപുത്തരി ചടങ്ങിന് അച്ചന്‍കോവിലില്‍ നിന്ന് കതിര്‍ക്കറ്റയുമായെത്തിയ പത്തനംതിട്ട ഡെപ്യൂട്ടി കമ്മീഷണര്‍, പുനലൂര്‍ അസി.കമ്മീഷണര്‍, അച്ചന്‍കോവില്‍ ദേവസ്വം മാനേജര്‍ തുടങ്ങിവരുള്‍പ്പെട്ട സംഘമായിരുന്നു.

പമ്പാനദി കടന്നുള്ള യാത്ര അസാധ്യമെന്നു ബോധ്യമായതോടെ ഞങ്ങള്‍ നിലയ്ക്കലിലേയ്ക്ക് മടങ്ങി. അവിടെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍, ദേവസ്വം ബോര്‍ഡ് അംഗം ശങ്കര്‍ദാസ് എന്നിവരുണ്ടായിരുന്നു. പ്രസിഡന്റിന്റെ നിര്‍ദ്ദേശ പ്രകാരം വണ്ടിപ്പെരിയാര്‍, പുല്ലുമേട് വഴി സന്നിധാനത്തേയ്ക്ക് പോകാന്‍ തീരുമാനിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും സംരക്ഷണയിലാണ് യാത്ര. വള്ളക്കടവില്‍ നിന്ന് പോലീസ് വാഹനത്തില്‍ പുല്ലുമേട് എത്തി. എങ്ങും ഇരുട്ട് വ്യാപിച്ചു തുടങ്ങി. സമയം വൈകീട്ട് ഏഴു മണി. മഴ നിലച്ചിട്ടില്ല. ഒപ്പം, അലറി വീശിയെത്തുന്ന കാറ്റും. കാട്ടുമൃഗങ്ങള്‍ ഇറങ്ങുന്ന സമയമാണ്. ഇഴജന്തുക്കളുടെ ശല്യവുമുണ്ടാകും. യാത്ര തുടരാന്‍ വനപാലകര്‍ സമ്മതിച്ചില്ല. അന്നത്തെ യാത്ര പുല്ലുമേട്ടില്‍ അവസാനിച്ചു. വനം വകുപ്പിന്റെ ക്യാമ്പില്‍ തങ്ങി.

നിറപുത്തരിക്കുള്ള കതിര്‍ക്കറ്റകള്‍ സന്നിധാനത്ത് എത്തിച്ചു കഴിഞ്ഞിരുന്നു. അട്ടത്തോട്ടില്‍ നിന്നെത്തിയ രണ്ടു പേര്‍ പമ്പാനദി നീന്തിക്കടന്ന് അതിസാഹസികമായാണ് തലേന്ന്  സന്നിധാനത്തെത്തിയത്. അതുകൊണ്ടു മുഹൂര്‍ത്തം തെറ്റാതെ ചടങ്ങു നടന്നു. മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ 15ന് മുഹൂര്‍ത്ത സമയമായ രാവിലെ 6- 6.30ന് തന്നെ നിറപുത്തരി ചടങ്ങുകള്‍ നടന്നു. ഞങ്ങള്‍ 15ന് പുലര്‍ച്ചെ 6ന് സന്നിധാനത്തേയ്ക്കു കാല്‍നടയായി യാത്ര തുടര്‍ന്നു. കുളി പോലും സാധ്യമായിരുന്നില്ല. കാറ്റും മഴയും നിലച്ചിട്ടില്ല. ഭക്ഷണവും വെള്ളവും ഒന്നുമില്ല. ഒന്‍പതു മണിയോടെ സന്നിധാനത്തെത്തി. എല്ലാവരും അവശരായിരുന്നു. എങ്കിലും ഉടന്‍ ദേഹശുദ്ധി വരുത്തി തയ്യാറായി. തന്ത്രി ദേവസ്ഥാനത്തെത്തി. തുടര്‍ന്നുള്ള ചടങ്ങുകള്‍ തന്ത്രിയുടെ കാര്‍മ്മികത്വത്തിലായിരുന്നു. അന്നത്തെ ചടങ്ങുകള്‍ അവസാനിച്ച് ഹരിവരാസനം പാടി നടയടച്ചു.

മഹാപ്രളയവും പ്രതികൂല കാലാവസ്ഥയും കാരണം ഭക്തന്മാര്‍ക്കൊന്നും സന്നിധാനത്ത് എത്താന്‍ കഴിഞ്ഞില്ല. ക്ഷേത്രം ജീവനക്കാരുടെ മാത്രം സാന്നിദ്ധ്യത്തില്‍ ശബരിമല നട തുറക്കുന്നതും അടയ്ക്കുന്നതും ക്ഷേത്ര ചരിത്രത്തില്‍ തന്നെ ആദ്യ സംഭവമാകാം. 16ന് ചിങ്ങമാസ പൂജകള്‍ക്കായി നട തുറന്നു. മറ്റ് തിരക്കുകള്‍ ഒന്നുമില്ലാത്തതിനാല്‍ പൂജകള്‍ എല്ലാം വിധിപ്രകാരം നടന്നു.

പിന്നീടുള്ള ദിവസങ്ങള്‍ പേടിപ്പെടുത്തുന്നവയായിരുന്നു. കറണ്ടില്ല, ഫോണില്ല, വാര്‍ത്തകള്‍ അറിയുന്നില്ല. ബാഹ്യലോകവുമായി ബന്ധപ്പെടാന്‍ മാര്‍ഗ്ഗങ്ങളൊന്നുമില്ല. വെള്ളപ്പൊക്കവും കാലാവസ്ഥയും ഞങ്ങളുടെ കുടുംബങ്ങളെ എങ്ങനെ ബാധിച്ചിരിക്കുന്നു എന്നറിയാനും മാര്‍ഗ്ഗമില്ല. വയര്‍ലെസ് വഴി പോലീസിനു ലഭിക്കുന്ന ചില വിവരങ്ങള്‍ അവര്‍ പറയും. പുറത്തു നടക്കുന്ന കാര്യങ്ങള്‍ അറിയാന്‍ അത് മാത്രമായിരുന്നു മാര്‍ഗം. അരിയും പയറും കറിക്കൂട്ടുകളായ കുറച്ചു പൊടികളും ഒഴികെ ഭക്ഷണ സാധനങ്ങളെല്ലാം ആദ്യ രണ്ട് ദിവസം കൊണ്ട് തീര്‍ന്നു. പിന്നെ ചോറും പയറും മാത്രമായി ദിവസങ്ങള്‍ കഴിച്ചു കൂട്ടി.

സന്ധ്യയായാല്‍ സന്നിധാനത്ത് മാത്രം ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കും. ഇന്ധനം കുറവായതിനാല്‍ അധിക സമയം പവര്‍ത്തിപ്പിക്കാനാവില്ല. നിലവിളക്കിന്റെ മാത്രം വെളിച്ചത്തില്‍ കൊടുംകാടിനു നടുവില്‍ രണ്ടാഴ്ചയിലേറെ നീണ്ട ജീവിതം. പാണ്ടിത്താവളവും ഉരക്കുഴിയും വരെ കാട്ടുമൃഗങ്ങള്‍ എത്തുന്നത് വ്യക്തമായി അറിയാമായിരുന്നു. ആന, കാട്ടുപോത്ത്, മുള്ളന്‍പന്നി, കേഴ എല്ലാമുണ്ട്. കിടങ്ങുകള്‍ ഉള്ളതിനാല്‍ ഇപ്പുറത്തേയ്ക്കു  കടന്നുവരില്ലെന്ന സമാധാനമുണ്ട്. കാറ്റും മഴയും ചുറ്റം മൃഗങ്ങളുടെ ശബ്ദവും എല്ലാമായി ഭീതിപ്പെടുത്തുന്ന അന്തരീക്ഷം. പാമ്പ്, അട്ട തുടങ്ങിയ ഇഴജന്തുക്കളെ പേടിച്ച് രാത്രി പുറത്തിറങ്ങാനും വയ്യ. മൂര്‍ഖന്‍ പാമ്പുകളുടെ വിളയാട്ടമായിരുന്നു എങ്ങും. 

ചിങ്ങമാസ പൂജകള്‍ കഴിഞ്ഞ് 21ന് നടയടച്ചു. ഓണം പൂജകള്‍ക്കായി 23 ന് വീണ്ടും തുറന്നു. 27ന് പൂജകള്‍ക്ക് ശേഷം നടയടച്ചു. 28ന് പുലര്‍ച്ചെ തന്ത്രിയുള്‍പ്പടെ ഞങ്ങള്‍ മലയിറങ്ങി. പ്രളയം തീര്‍ത്ത കുരുതിക്കളം പോലെ പമ്പ. വെള്ളം താഴ്ന്നിരുന്നു. എങ്കിലും പേടിപ്പെടുത്തുന്ന ചുറ്റുപാടുകള്‍. സംഹാരതാണ്ഡവം കഴിഞ്ഞ് മയങ്ങും പോലെ പ്രകൃതി. അതുവഴിയാത്ര അസാധ്യമെന്നു കണ്ട് മടക്കവും പുല്ലുമേടു വഴിയാക്കി. ജീവിതത്തിനും മരണത്തിനുമിടയിലെ നൂല്‍പ്പാലത്തിലൂടെ മടക്കയാത്ര. ചുണ്ടില്‍ ശരണമന്ത്രം...., മനസ്സില്‍ സ്വാമിരൂപം.....അത്രമാത്രം!

(തയ്യാറാക്കിയത് ടി.എന്‍. രാജന്‍)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.