നൂറനാട്ട് വീണ്ടും ഭൂചലനം: പത്തോളം വീടുകള്‍ക്ക് വിള്ളല്‍

Friday 14 September 2018 4:13 am IST

ചാരുംമൂട്(ആലപ്പുഴ): ജനങ്ങളെ ഭീതിയിലാക്കി നൂറനാട് പ്രദേശത്ത് വീണ്ടും ഭൂചലനം. നൂറനാട് പുലിമേല്‍, പഴഞ്ഞൂര്‍കോണം ഭാഗങ്ങളിലെ പത്തോളം വീടുകള്‍ക്ക് കേടുപറ്റി. ഇന്നലെ പുലര്‍ച്ചെ നാലിനാണു ഭൂചലനം. പുലിമേല്‍ രേഖാലയത്തില്‍ തങ്കപ്പന്റെ വീടിനു സാരമായ നഷ്ടം സംഭവിച്ചു. വീടിന്റെ നാലു ഭിത്തികളും വേര്‍പെട്ട നിലയിലാണ്.ലക്ഷ്മി നിവാസ് വിജയന്‍, മധു ഭവനത്തില്‍ ദാമോദരന്‍, ചിത്തിര നിവാസില്‍ കോമളവല്ലി, തടത്തില്‍വടക്കേതില്‍ മണിയമ്മ, പഴഞ്ഞൂര്‍കോണം രാജ്ഭവനം തിരുവോണത്തില്‍ ബാബുക്കുട്ടന്‍ എന്നിവരുടെ വീടുകളില്‍ വിള്ളല്‍ കാണപ്പെട്ടു. 

ഭൂചലനത്തിനു മുന്നോടിയായി ഭൂമിക്കടിയില്‍ നിന്നും വന്‍ശബ്ദം കേട്ടുണര്‍ന്ന വീട്ടുകാര്‍ എന്താണു സംഭവിച്ചതെന്നറിയാതെ വീടു വിട്ട് റോഡിലേക്ക് ഓടുകയായിരുന്നു. 

പത്തോളം വീട്ടുകാര്‍ ഒന്നിച്ചു കൂടിയ സമയമാണ് കുലുക്കം അനുഭവപ്പെട്ടത്. തുടര്‍ന്ന് വീടിനകത്തു നിന്നും പാത്രങ്ങളും അലമാരകളും നിലത്തു വീഴുന്ന ശബ്ദം കേട്ടതായും വീട്ടുകാര്‍ പറഞ്ഞു. 

നേരം പുലര്‍ന്നതോടെ നൂറനാട് പഞ്ചായത്ത് പ്രസിഡന്റ് പി. അശോകന്‍ നായരും, വില്ലേജ് ഓഫീസര്‍ എസ്. സുജാതാദേവിയും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. 

കഴിഞ്ഞ ദിവസം പാലമേല്‍, പളളിക്കല്‍ പഞ്ചായത്തുകളില്‍ ഉണ്ടായ ഭൂചലനത്തെത്തുടര്‍ന്ന് ഭയത്തോടെ കഴിയുകയായിരുന്നു പ്രദേശവാസികള്‍. തുടര്‍ചലനമുണ്ടാകുമെന്ന ആശങ്കയിലാണ് ജനം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.