മട്ടന്നൂര്‍ വിമാനത്താവളം: അന്തിമ പരിശോധന ആരംഭിക്കും കിയാല്‍ ഓഫീസ് പാസഞ്ചര്‍ ടെര്‍മിനലില്‍

Friday 14 September 2018 5:18 pm IST

 

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കാലാവസ്ഥ നിരീക്ഷണത്തിനുള്ള ഉപകരണങ്ങള്‍ സ്ഥാപിക്കുന്ന പ്രവൃത്തി പൂര്‍ത്തിയായതോടെ അന്തിമ പരിശോധനയായ ഡിജിസിഎ അടുത്ത ദിവസം നടക്കും. ഇതിനായി ഒരു ഡസനിലേറെ ഉദ്യോഗസ്ഥരെ വഹിച്ചുകൊണ്ടുള്ള വലിയ വിമാനം വിമാനത്താവളത്തില്‍ അടുത്ത ദിവസമിറങ്ങും. പരീക്ഷണപ്പറക്കല്‍ ഉള്‍പ്പെടെ മട്ടന്നൂരിലെ വിമാനത്താവളത്തില്‍ ഇതിനകം ചെറുതും ഇടത്തരവുമായി 10 തവണ വിമാനമിറങ്ങിക്കഴിഞ്ഞു. 

പദ്ധതി പ്രദേശത്ത് ഇറങ്ങാതെ 5,000 അടി ഉയരത്തില്‍ ഒരു വിമാനം വട്ടമിട്ടു പറന്നും പരിശോധന നടത്തി. പൂനെ, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നാണ് അന്തരീക്ഷ വിജ്ഞാന വിഭാഗം ഉദ്യോഗസ്ഥരെത്തി ഒരാഴ്ചകൊണ്ട് പദ്ധതി പ്രദേശത്ത് കാറ്റ്, വെയില്‍, മഴ, ആര്‍ദ്രത, അന്തരീക്ഷ ഊഷ്മാവ് തുടങ്ങിയവ രേഖപ്പെടുത്തുവാനുള്ള മെറ്റ് പാര്‍ക്ക് സ്ഥാപിച്ചത്. ഇതിന്റെ പരീക്ഷണം വിജയപ്രദമായതോടെ അന്തരീക്ഷ മാറ്റങ്ങള്‍ അതിവേഗത്തില്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തിന് ലഭിക്കും. വിമാനത്താവളത്തിന് ലൈസന്‍സ് ലഭിക്കുന്നതിനുള്ള ഏറ്റവും ഒടുവിലത്തേതാണ് ഡിജിസിഎ പരിശോധന.

കിയാലിന്റെ ഓഫീസ് അടുത്ത ദിവസം പാസഞ്ചര്‍ ടെര്‍മിനല്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തനമാരംഭിക്കും. നിലവില്‍ മട്ടന്നൂര്‍ നഗരസഭ കാര്യാലയത്തിനു സമീപം പ്രവര്‍ത്തിക്കുന്ന ഓഫീസാണ് പദ്ധതി പ്രദേശത്തെ ടെര്‍മിനല്‍ ബില്‍ഡിംഗിലേക്ക് മാറ്റുന്നത്. നഗരസഭ കാര്യാലയത്തിനു സമീപത്തുള്ള നഗരസഭയുടെ അധീനതയിലുള്ള ഷോപ്പിംഗ് കോംപ്ലക്‌സിലെ മൂന്നാം നിലയിലാണ് ഓഫീസ് പ്രവര്‍ത്തിച്ചു വരുന്നത്. അഞ്ച് വര്‍ഷത്തിലേറെയായി ഓഫീസ് ഈ വാടകക്കെട്ടിടത്തിലാണ്. മാസം ഒന്നര ലക്ഷം രൂപ വാടക നല്‍കിയാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. വിമാനത്താവളത്തിലെ ടെര്‍മിനല്‍ ബില്‍ഡിംഗില്‍ ഓഫീസിന്റെ പ്രവൃത്തി പൂര്‍ത്തിയായതോടെയാണ് മട്ടന്നൂര്‍ ടൗണിലെ ഓഫീസ് മാറ്റുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.