മുത്തലാഖ് കേസ്; രാമന്തളി സ്വദേശിയായ ഭര്‍ത്താവ് മലേഷ്യയിലേക്ക് കടന്നു

Friday 14 September 2018 5:19 pm IST

 

തൃക്കരിപ്പൂര്‍: മുത്തലാഖ് ചൊല്ലുകയും ഭര്‍തൃവീട്ടില്‍ പീഡിപ്പിക്കുകയും ചെയ്തുവെന്ന യുവതിയുടെ പരാതിയില്‍ കോടതി നിര്‍ദ്ദേശ പ്രകാരം പൊലീസ് കേസെടുത്തതോടെ യുവതിയുടെ ഭര്‍ത്താവ് മലേഷ്യയിലേക്ക് കടന്നു. തൃക്കരിപ്പൂര്‍ ഉടുമ്പുന്തല കെഎന്‍ ഹൗസിലെ റമീസയാണ് മുത്തലാഖ് ചൊല്ലി തന്റെ വിവാഹബന്ധം വേര്‍പെടുത്തിയെന്ന് കാണിച്ചു ഭര്‍ത്താവ് രാമന്തളി പുതിയ പുഴക്കരയിലെ മുഹ്‌സിന്‍ മുഹമ്മദിനെതിരെ അഡ്വ.കെ.സുകുമാരന്‍ മുഖേന പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയത്. കോടതി ഉത്തരവ് പ്രകാരം പോലീസ് കേസെടുത്തതോടെയാണ് നാട്ടില്‍ ഉണ്ടായിരുന്ന ഭര്‍ത്താവ് മലേഷ്യയിലേക്ക് കടന്നത്. ഉടുംബുന്തല ജമാഅത്ത് പരിധിയിലെ കുറ്റിച്ചി റോഡരുകിലാണ് യുവതിയും കുടുംബവും താമസിക്കുന്നത്. 

മുഹ്‌സിന്‍ മുഹമ്മദ് മൂന്ന് തലാഖും ഒന്നിച്ചു ചൊല്ലിയതായുള്ള കുറിപ്പ് ഉടുംബുന്തല ജമാഅത്തിന് നല്‍കുകയായിരുന്നു. എന്നാല്‍ സുപ്രീംകോടതി വിധിക്കെതിരായതിനാല്‍ ജമാഅത്ത് ഭാരവാഹികളുടെ നിര്‍ദ്ദേശപ്രകാരം ഖത്തീബ് തലാഖ് മടക്കി. ഇരുവരും യോജിച്ചു പോകുന്ന സാഹചര്യം ഉണ്ടാക്കുന്നതിന് പുഴക്കര ജമാഅത്തും ഉടുമ്പുന്തല ജമാഅത്തും ചേര്‍ന്ന് മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തുകയും റമീസയെ ഭര്‍തൃവീട്ടില്‍ കൊണ്ടുവിടുകയും വീട്ടില്‍ താമസിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതിന് ശേഷം വീണ്ടും ഗാര്‍ഹിക പീഡനം തുടങ്ങിയതോടെയാണ് യുവതി കോടതിയെ സമീപിച്ചത്. കോടതി ഉത്തരവിന് വിരുദ്ധമായി നിലപാട് എടുക്കാന്‍ കഴിയാത്തതിനാലാണ് മുത്തലാഖ് നിരസിച്ചതെന്ന് ഉടുമ്പുന്തല ജമാഅത്ത് പ്രസിഡണ്ട് വി.ടി.ഷാഹുല്‍ ഹമീദ് പറഞ്ഞു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.