ശുചീകരണ യജ്ഞത്തില്‍ പങ്കെടുക്കണം; മോഹൻലാലിനും മമ്മൂട്ടിക്കും പ്രധാനമന്ത്രിയുടെ കത്ത്

Friday 14 September 2018 5:33 pm IST

തിരുവനന്തപുരം: സ്വഛ് ഭാരത് പദ്ധതിയുടെ നേട്ടങ്ങൾ വിവരിച്ച്  കേരളത്തിലെ പ്രമുഖകർക്ക്  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കത്ത്.  മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള പ്രമുഖര്‍ക്കാണ് പ്രധാനമന്ത്രി കത്തയച്ചിരിക്കുന്നത്.  ഗാന്ധി ജയന്തി ദിനത്തില്‍ നടക്കുന്ന വന്‍ ശുചീകരണയജ്ഞത്തില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. 

പ്രമുഖ താരങ്ങള്‍ക്ക് പുറമെ മറ്റു താരങ്ങള്‍ക്കും മാധ്യമസ്ഥാപനങ്ങള്‍ക്കും കത്ത് ലഭിച്ചിട്ടുണ്ട്. റിമ കല്ലിങ്കല്‍, പാര്‍വതി, ദുല്‍ഖര്‍ സല്‍മാന്‍, ദിലീഷ് പോത്തന്‍, നിവിന്‍ പോളി, സൗബിന്‍ താഹിര്‍, അനു സിതാര എന്നിവര്‍ക്കും പ്രധാനമന്ത്രിയുടെ കത്ത് ലഭിച്ചു. 

പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയായ സ്വച്ഛ് ഭാരതത്തിന്റെ നാലാം വാര്‍ഷികവും മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്‍ഷികവും നടക്കുന്ന ഒക്ടോബര്‍ രണ്ടിന് വിപുലമായ ശുചീകരണ ദൗത്യത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഇതില്‍ രാഷ്ട്രീയ ഭേദമന്യേ എല്ലാവരും പങ്കെടുക്കണമെന്ന് ആഹ്വാനം ചെയ്യുന്നതാണ് പ്രധാനമന്ത്രിയുടെ കത്ത്.വീടുകളും സ്ഥാപനങ്ങളും വൃത്തിയാക്കുന്നതോടൊപ്പം മറ്റുള്ളവരെക്കൂടി ശുചീകരണപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകണമെന്ന് കത്തില്‍ വ്യക്തമാക്കുന്നുണ്ട്. 

രാജ്യത്തെ തൊണ്ണൂറ് ശതമാനം വീടുകളിലും ശുചിമുറികള്‍ ലഭ്യമാക്കി. അധികാരത്തില്‍ എത്തിയപ്പോള്‍ ഇത് 50 ശതമാനം മാത്രമായിരുന്നു. 430 ജില്ലകളിലും 2,800 നഗരങ്ങളിലും നാലര ലക്ഷം ഗ്രാമങ്ങളിലും പൊതുഇടത്തിലെ മലമൂത്ര വിസര്‍ജ്ജനം പൂര്‍ണമായും ഒഴിവാക്കാനായി. ഇതിന്റെ അഞ്ചാം വാര്‍ഷികത്തില്‍ എല്ലാ വീടുകളിലും ശുചിമുറിയെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. മുന്‍ വര്‍ഷങ്ങളിലും രജനികാന്ത് കമല്‍ഹാസന്‍ അടക്കമുള്ളവരുടെവര്‍ക്ക് ഇത്തരത്തില്‍ കത്ത് അയച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.