ലൈംഗിക വിവാദം; അമേരിക്കയില്‍ ബിഷപ്പ് രാജിവച്ചു

Saturday 15 September 2018 2:36 am IST

ന്യൂയോര്‍ക്ക്: ലൈംഗിക ആരോപണത്തില്‍ കുടുങ്ങിയ വെസ്റ്റ് വെര്‍ജീനിയ ബിഷപ്പ് മിഷേല്‍ ബ്രാന്‍സ്ഫീല്‍ഡ് രാജിവച്ചു. ആരോപണങ്ങള്‍ അന്വേഷിക്കാന്‍  ഫ്രാന്‍സിസിസ്  മാര്‍പാപ്പ ഉത്തരവിട്ടിട്ടുമുണ്ട്. ഒപ്പം രാജി സ്വീകരിക്കുകയും ചെയ്തു. ബിഷപ്പ് ബ്രാന്‍സ്ഫീല്‍ഡിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ബാള്‍ട്ടിമോര്‍ ആര്‍ച്ച് ബിഷപ്പ് വില്യം ലോറിയോടാണ് പോപ്പ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. വെസ്റ്റ് വെര്‍ജീനിയയിലെ വീലിങ്ങ് ചാള്‍സ്റ്റണ്‍ രൂപതയുടെ ഭരണം താല്‍ക്കാലികമായി വില്യത്തിന് കൈമാറിയിട്ടുമുണ്ട്.

75 കാരനായ ബ്രാന്‍സ്ഫീല്‍ഡ് ചാള്‍സ്റ്റന്‍ രൂപതയുടെ എട്ടാമത്തെ ബിഷപ്പാണ്. അതിനു മുന്‍പ് പലയിടങ്ങളിലും സേവനം അനുഷ്ഠിച്ചിരുന്നു. കുര്‍ബാനകള്‍ക്കും പ്രാര്‍ഥനകള്‍ക്കും എത്തിയ യുവതികളെയാണ് ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചിരുന്നത്.

മുന്‍ വാഷിങ്ങ്ടണ്‍ ഡിസി ആര്‍ച്ച് ബിഷപ്പ് തിയഡോര്‍ മക്കാറിക്കിനെതിരെയും വലിയ ആരോപണം ഉയര്‍ന്നിരുന്നു. കുട്ടികളെയും സെമിനാരിയില്‍ പഠിക്കാന്‍ എത്തുന്ന ജൂനിയര്‍മാരെയും ലൈംഗിക പീഡനങ്ങള്‍ക്ക് വിധേയരാക്കിയെന്നായിരുന്നു പരാതി. ഈ വിവാദം കൊടുമ്പിരിക്കൊണ്ടതോടെ  ഈ പരാതികളെല്ലാം മൂടിവച്ച വാഷിങ്ങ്ടണ്‍ ആര്‍ച്ച് ബിഷപ്പ് ഡൊണാള്‍ഡ് വ്യൂളിനോട് രാജിവയ്ക്കാന്‍ മാര്‍പാപ്പ കഴിഞ്ഞാഴ്ച നിര്‍ദേശിച്ചിരുന്നു.  തുടര്‍ന്ന് താന്‍ രാജിവയ്ക്കാന്‍ ഉടന്‍ വത്തിക്കാനിലേക്ക് പോകുമെന്നും ബിഷപ്പ് പറഞ്ഞിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.