പിടി വീണത് എൻഡിഎ വന്നപ്പോൾ

Saturday 15 September 2018 3:02 am IST
കടങ്ങള്‍ എഴുതിത്തള്ളുക എന്നാല്‍ ആ കടങ്ങള്‍ ഒഴിവാക്കിക്കൊടുക്കലല്ല. ബാങ്കുകളുടെ കണക്ക് പുസ്തകത്തില്‍ നടത്തുന്ന സാങ്കേതിക നടപടി മാത്രമാണത്. വാര്‍ഷിക കണക്കില്‍ നിന്ന് നികുതി നേട്ടത്തിന് വേണ്ടി അനിശ്ചിതത്വത്തിലുള്ള കടങ്ങള്‍ ബാങ്കുകള്‍ മാറ്റി നിര്‍ത്തുന്നു എന്ന് മാത്രമേ അര്‍ത്ഥമുള്ളു. അത്തരത്തില്‍ പത്ത് വര്‍ഷത്തിനിടയില്‍ പൊതുമേഖലാ ബാങ്കുകള്‍ എഴുതിത്തള്ളിയത് 4.06 ലക്ഷം കോടിയാണ്. എഴുതിത്തള്ളിയ കടങ്ങള്‍ തിരിച്ച് പിടിക്കാനുള്ള നടപടികള്‍ ബാങ്കുകള്‍ തുടരുകയും ചെയ്യും.

വാജ്‌പേയി സര്‍ക്കാരിന്റെ ദീര്‍ഘ വീക്ഷണത്തോടെയുള്ള പരിഷ്‌കാരങ്ങളുടെ ഫലമായി 2006 കാലത്ത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ വന്‍ കുതിപ്പ് പ്രകടമായി. പുത്തന്‍ പദ്ധതികള്‍ ധാരാളമായി മുളച്ചുവന്നു. വന്‍ തുകകള്‍ വേണ്ടത്ര ശ്രദ്ധയോടെയല്ലാതെ വായ്പ കൊടുക്കാന്‍ അതു ബാങ്കുകളെ പ്രേരിപ്പിച്ചു എന്ന രഘുറാം രാജന്റെ കണ്ടെത്തലില്‍ കഴമ്പില്ലാതില്ല. എന്നാല്‍, പദ്ധതികള്‍ എല്ലാം 2008 മുതല്‍ പല കാരണത്താലും അവതാളത്തിലായി. കടം വാങ്ങിയവര്‍ പണം പല വഴിയിലും ചിലവഴിച്ചു. 

പദ്ധതികളിലെല്ലാം പ്രമോട്ടര്‍മാരുടെ സ്വന്തം മുതല്‍ മുടക്ക് നിസ്സാരമായ അനുപാതത്തിലും. എല്ലാം വലിയ തോതില്‍ കടംകൊണ്ട് കെട്ടിപ്പെടുത്ത പദ്ധതികള്‍. തകര്‍ച്ചയുടെ വക്കിലെത്തിയാല്‍ പുന:ക്രമീകരണങ്ങളും 'അഡ്ജസ്റ്റ്‌മെമെന്റകളും'. ബാങ്കുകളുടെ ചിലവില്‍ പ്രമോട്ടര്‍മാരുടെ ഉത്സവകാലമായിരുന്നു അത്. പിന്നീട് എല്ലാ ഭീമന്‍ കടങ്ങളും കണക്ക് കൂട്ടല്‍ വിദ്യകൊണ്ട് ബാങ്കുകള്‍ക്ക് ഒളിപ്പിക്കാന്‍ സാധിച്ചു. 

അന്നത്തെ പ്രധാനമന്ത്രിക്കും ബാങ്കുകളിലും റിസര്‍വ് ബാങ്കിലും കേന്ദ്ര ധനമന്ത്രാലയത്തിലുമുള്ള എല്ലാ ഉന്നതര്‍ക്കും വ്യക്തമായി അറിയാവുന്ന സത്യം. എന്നാല്‍ എന്‍ഡിഎ സര്‍ക്കാരിന്റെ വരവിനു ശേഷം 2015ല്‍ എല്ലാം അവസാനിച്ചു. സര്‍ക്കാര്‍ ആവശ്യ പ്രകാരം അസറ്റ് ക്യൂളിറ്റി റിവ്യു (എക്യൂആര്‍) നടത്തി ബാങ്കുകളോട് കിട്ടാക്കടത്തിന്റെ യഥാര്‍ത്ഥ കണക്കുകള്‍ ആവശ്യപ്പെട്ടു. അവ നിരത്താന്‍ ബാങ്കുകള്‍ നിര്‍ബന്ധിതരായി. തിരിച്ചടവ് വീഴ്ചയുടെ സൂചന നല്‍കിയിരുന്ന വായ്പകള്‍ (സ്ട്രസ്ഡ് ലോണ്‍) പോലും പൂര്‍ണ്ണമായും കിട്ടാക്കടമായി കണക്കാക്കാന്‍ ബാങ്കുകളോട് ആവശ്യപ്പെട്ടു. 

അതിന്റെ ഫലമായി 2015ല്‍ ബാങ്കുകളുടെ ആകെ നിഷ്‌ക്രിയ ആസ്തി 3.09 ലക്ഷം കോടിയും, 2016ല്‍ 5.66 ലക്ഷം കോടിയും, 2017ല്‍ 7.29 ലക്ഷം കോടിയും 2018ല്‍ 9.62 ലക്ഷം കോടിയുമായി ഉയര്‍ന്നു. തിരിച്ച് വരാതിരുന്ന ഈ കടങ്ങള്‍ എല്ലാം മന്‍മോഹന്‍ സിങ് നയിച്ച യുപിഎ സര്‍ക്കാറിന്റെ കാലത്തെ സംഭാവനയാണ്. കഴിഞ്ഞ വര്‍ഷം മുതല്‍ വീഴ്ചക്കാരുടെ കടം പുന:ക്രമീകരിച്ച് കിട്ടാകടത്തിന്റെ തോത് കുറയ്ക്കുന്ന ബാങ്കിംങ്ങ് തന്ത്രവും സര്‍ക്കാര്‍ വിലക്കി.

മുന്‍കാലങ്ങളില്‍ വീഴ്ച വരുത്താന്‍ സാധ്യതയുള്ളവര്‍ക്ക് മറ്റെന്തങ്കിലും വ്യവസ്ഥയില്‍ പുതിയ കടം നല്‍കി താല്‍കാലികമായി തിരിച്ചടവ് നിലനിര്‍ത്തി കൊണ്ട് കിട്ടാക്കടം മൂടി വെക്കുന്ന പതിവ് അതോടെ ഇല്ലാതായി.

എന്നാലും ചിലരുടെ കണ്ടെത്തല്‍ വിചിത്രമാണ്. കഴിഞ്ഞ വര്‍ഷം മാത്രം പൊതു മേഖലാ ബാങ്കുകള്‍ എഴുതിത്തള്ളിയ നിഷ്‌ക്രിയ ആസ്തി 1.20 ലക്ഷം കോടി രൂപയാണെന്നു ചൂണ്ടിക്കാണിച്ച് സര്‍ക്കാരിനെ കുറ്റം പറയാന്‍ തുടങ്ങി. ഈ തുക സര്‍ക്കാര്‍ എഴുതിത്തള്ളിയെന്നാണ് വ്യാഖ്യാനം. ഇത്തരം എഴുതിത്തള്ളലുകളൊന്നും സര്‍ക്കാര്‍ നടപടിയോ സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്താല്‍ നടക്കുന്നതോ അല്ല. കാലാകാലങ്ങളില്‍ വാണിജ്യ ബാങ്കുകള്‍ അവരുടെ കിട്ടാക്കടം എഴുതിതള്ളാറുണ്ട്. എഴുതിത്തള്ളുക എന്നാല്‍ ആ കടങ്ങള്‍ ഒഴിവാക്കിക്കൊടുക്കലല്ല. ബാങ്കുകളുടെ കണക്ക് പുസ്തകത്തില്‍ നടത്തുന്ന ഒരു സാങ്കേതിക നടപടി മാത്രമാണത്. തിരിച്ചടവ് വീഴ്ചക്കാരെ വെറുതെ വിട്ടു എന്ന് അര്‍ത്ഥമില്ല. വാര്‍ഷിക കണക്കില്‍ നിന്ന് നികുതി നേട്ടത്തിന് വേണ്ടി അനിശ്ചിതത്വത്തിലുള്ള കടങ്ങള്‍ ബാങ്കുകള്‍ മാറ്റി നിര്‍ത്തുന്നു എന്ന് മാത്രമേ അര്‍ത്ഥമുള്ളു. അത്തരത്തില്‍ പത്ത് വര്‍ഷത്തിനിടയില്‍ പൊതുമേഖലാ ബാങ്കുകള്‍ എഴുതിത്തള്ളിയത് 4.06 ലക്ഷം കോടിയാണ്. എഴുതിത്തള്ളിയ കടങ്ങള്‍ തിരിച്ച് പിടിക്കാനുള്ള നടപടികള്‍ പൂര്‍ണ്ണ രൂപത്തില്‍ ബാങ്കുകള്‍ തുടരുകയും ചെയ്യുന്നു. എല്ലാ ത്രൈമാസ കണക്കുകളിലും എഴുതിത്തള്ളിയ അക്കൗണ്ടുകളില്‍ നിന്നു ബാങ്കുകള്‍ തിരിച്ച് പിടിച്ച തുകകള്‍ സൂചിപ്പിക്കാറുമുണ്ട്.

മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇപ്പോള്‍ ഒരു കാര്യം വ്യക്തമാണ്. തിരിച്ചടവ് വീഴ്ച വരുത്തിയ കച്ചവട സാമ്രാജ്യത്തിന്റെ ഉടമകള്‍ക്ക് ഉടമസ്ഥത സ്വയം ഉപേക്ഷിച്ചില്ലെങ്കില്‍ നിയമപരമായി സാമ്രാജ്യം നഷ്ടപ്പെടുക മാത്രമല്ല പലരും സാമ്പത്തിക കുറ്റവാളികള്‍ എന്ന നിലയില്‍ കടുത്ത നിയമ നടപടികള്‍ നേരിടേണ്ടി വരികയും ചെയ്യും. ബാങ്കുകള്‍ വേണ്ടെന്ന് തീരുമാനിച്ച് വന്‍ തുക മാറ്റി നിര്‍ത്തിയാല്‍ ബന്ധപ്പെട്ട അന്വേഷണ വകുപ്പുകള്‍ക്ക് അന്വേഷിക്കാനുള്ള അവകാശമുണ്ട്. കടുത്ത സര്‍ക്കാര്‍ നടപടികള്‍ ഭയന്ന് ബാങ്ക് അധികാരികള്‍ അത്തരം സാഹസത്തിന്ന് ഒരിക്കലും തയ്യാറാകാറില്ല. ഭാരതത്തിലെ ഒരു സാധാരണ പൗരന് അത്തരം തീരുമാനങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനും കഴിയും.

കെ.വി. ഉദയകുമാര്‍ 

(അവസാനിച്ചു)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.