'ചാര'ത്തിൽ നീതിയുടെ കനൽ

Saturday 15 September 2018 4:00 am IST
"വിധിമധുരം... ചാരക്കേസില്‍ സുപ്രീംകോടതിയുടെ നിര്‍ണായക വിധിക്കുശേഷം തിരുവനന്തപുരത്തെ വീട്ടില്‍ നമ്പി നാരായണന് മകന്‍ ശങ്കര്‍കുമാര്‍ മധുരം നല്‍കുന്നു"

ന്യൂദല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുടുക്കി അപമാനിച്ച പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് കാല്‍നൂറ്റാണ്ടിന് ശേഷം നീതി. നമ്പി നാരായണനെ ചാരക്കേസില്‍ കുടുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ജസ്റ്റിസ് ഡി.കെ. ജയിന്‍ അധ്യക്ഷനായ സമിതി അന്വേഷണം നടത്താന്‍ സുപ്രീംകോടതി ഉത്തരവിട്ടു. 

അനധികൃതമായി കസ്റ്റഡിയിലെടുത്ത് മാനസികമായി പീഡിപ്പിച്ച സംസ്ഥാന സര്‍ക്കാര്‍ നമ്പി നാരായണന് അമ്പതു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. കൂടുതല്‍ നഷ്ടപരിഹാരത്തുക ആവശ്യപ്പെട്ട് സിവില്‍ കേസുമായി നമ്പി നാരായണന് കോടതിയെ സമീപിക്കാമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ചാരക്കേസിലെ കേരളാ പോലീസിന്റെ നടപടികള്‍ ദുരുദ്ദേശ്യത്തോടെയുള്ളതായിരുന്നു. ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളെല്ലാം നമ്പി നാരായണന് നിഷേധിക്കപ്പെട്ടു. രാജ്യാന്തര തലത്തില്‍ ഏറെ പ്രശസ്തനായിരുന്ന ശാസ്ത്രജ്ഞന്‍ കടുത്ത അപമാനത്തിലൂടെയാണ് ജീവിച്ചത്. ആരെയും അറസ്റ്റ് ചെയ്ത് തടവില്‍ വെയ്ക്കാമെന്ന പോലീസിന്റെ നിരുത്തരവാദപരമായ നിലപാട് നമ്പി നാരായണന് വലിയ അപമാനവും മാനസിക പീഡനവും നല്‍കി. വ്യാജമായി സൃഷ്ടിച്ച കേസില്‍ ഒരുവ്യക്തിക്ക് നേരിടേണ്ടിവന്ന അപകീര്‍ത്തിക്കും അപമാനത്തിനും നേരേ കണ്ണടയ്ക്കാന്‍ കോടതിക്കാവില്ല. നഷ്ടപരിഹാരമായ അമ്പതു ലക്ഷം രൂപ രണ്ടുമാസത്തിനകം നമ്പി നാരായണന് കൈമാറണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. 

നമ്പി നാരായണനെ കേസില്‍ കുടുക്കിയ അന്വേഷണ ഉദ്യോഗസ്ഥരായ സിബി മാത്യൂസ്, കെ.കെ. ജോഷ്വ, എസ്. വിജയന്‍ എന്നിവരുടെ പങ്ക് അന്വേഷിക്കാനും ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി വ്യക്തമാക്കാനുമാണ് മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഡി.കെ. ജയിന്‍ അധ്യക്ഷനായ സമിതി രൂപീകരിച്ചത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഓരോ പ്രതിനിധികള്‍ സമിതിയിലുണ്ടാകും. ചാരക്കേസിന് പിന്നിലെ രാഷ്ട്രീയ ഇടപെടലുകളും ഉദ്യോഗസ്ഥ തലത്തിലെ അട്ടിമറികളും ഡി.കെ. ജയിന്‍ സമിതിയുടെ മുന്നില്‍ വരും. ദല്‍ഹി കേന്ദ്രമാക്കിയാണ് കമ്മീഷന്റെ പ്രവര്‍ത്തനം. എന്നാല്‍ കേരളത്തിലെ വിവിധ ഇടങ്ങളില്‍ അന്വേഷണത്തിന്റെ ഭാഗമായി യോഗങ്ങള്‍ ചേരാം. സമിതിയുടെ പ്രവര്‍ത്തന ചെലവുകള്‍ കേന്ദ്രസര്‍ക്കാര്‍ വഹിക്കണം. കമ്മിറ്റിയുടെ ഓഫീസ് സ്റ്റാഫുകളെ അടക്കം കേന്ദ്രസര്‍ക്കാര്‍ വിട്ടുനല്‍കണം. 

1994ലാണ് ക്രയോജനിക് സാങ്കേതിക വിദ്യ ചോര്‍ത്തിക്കൊടുത്തെന്ന പേരില്‍ നമ്പി നാരായണനെയും സഹപ്രവര്‍ത്തകനായ ശശികുമാറിനെയും പ്രതികളാക്കി പോലീസ് കേസെടുത്തത്. യാതൊരു തെളിവുകളുമില്ലാതിരുന്ന കേസില്‍ രണ്ടു ശാസ്ത്രജ്ഞരെയും 1998ല്‍ സുപ്രീംകോടതി വെറുതെവിട്ടു. തങ്ങളെ പീഡിപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നമ്പി നാരായണന്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി പറ്റില്ലെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതിനെതിരെ 2015ല്‍ നമ്പി നാരായണന്‍ നല്‍കിയ അപ്പീലിലാണ് ഇന്നലെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അന്തിമ വിധി പ്രസ്താവിച്ചത്.

എസ്. സന്ദീപ്

വിധിയിൽ സന്തോഷം

തിരുവനന്തപുരം: സുപ്രീംകോടതി വിധിയില്‍ സന്തോഷമുണ്ടെന്നും ഐഎസ്ആര്‍ഒ ചാരക്കേസില്‍ തന്നെ ഉള്‍പ്പെടുത്തിയവര്‍ ശിക്ഷ അനുഭവിക്കണമെന്നും ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പിനാരായണന്‍ പറഞ്ഞു. സുപ്രീംകോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിബിമാത്യൂസ്, കെ.കെ. ജോഷ്വ, എസ്. വിജയന്‍ തുടങ്ങിയ പോലീസ് ഉദ്യോഗസ്ഥരാണ് എന്നെ കേസില്‍ കുടുക്കിയത്. ഇവരല്ലാതെ മറ്റാരെങ്കിലുമുണ്ടെങ്കില്‍ ജുഡിഷ്യല്‍ കമ്മീഷന്‍ കണ്ടെത്തണം. 

സിബിഐ അന്വേഷണമാണ് ആഗ്രഹിച്ചത്. ജുഡീഷ്യല്‍ അന്വേഷണം വഴുതി പോകുമോയെന്ന് സംശയിക്കുന്നു. ഇപ്പോഴത്തെ കേസ് 24 വര്‍ഷമെടുത്തു തീരാന്‍. ഇനിയൊരു 24 വര്‍ഷം കൂടി കാത്തിരിക്കാന്‍ വയ്യ. അതിനാല്‍ ജുഡീഷ്യല്‍ അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണം. 

എന്റെ ഔദ്യോഗിക ഭാവി അവര്‍ തകര്‍ത്തു. എന്നെ കള്ളക്കേസില്‍ കുടുക്കിയതിലൂടെ രാജ്യത്തിന് കോടികളുടെ നഷ്ടമുണ്ടായി. കേസില്‍ ഉള്‍പ്പെട്ടില്ലായിരുന്നെങ്കില്‍ രാജ്യം 1999ല്‍ തന്നെ ക്രയോജനിക് സാങ്കേതിക വിദ്യ നേടുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 

എന്തു ചെയ്താലും രക്ഷപ്പെടാമെന്ന പോലീസിന്റെ ചിന്ത മാറാന്‍ ഈ വിധി വഴിയൊരുക്കും. ചരിത്രവിധിയാണിത്. നഷ്ടപരിഹാരത്തുകയിലല്ല കാര്യം. എനിക്ക് ഒരുപാട് സാമ്പത്തിക നഷ്ടമുണ്ടായി. കേസ് നടത്താന്‍ പണം ചെലവായി. പണം ചെലവായതിനേക്കാള്‍ വലുത് തനിക്കുണ്ടായ മാനനഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.