അവസാനം ആവശ്യപ്പെട്ടു 4,796 കോടി

Saturday 15 September 2018 3:30 am IST

തിരുവനന്തപുരം: പ്രളയദുരിതത്തില്‍നിന്ന് കരകയറാന്‍ 4796.35 കോടിയുടെ സഹായം അഭ്യര്‍ഥിച്ചു സംസ്ഥാനം കേന്ദ്രത്തിനു നിവേദനം നല്‍കി. 40,000 കോടിയുടെ നഷ്ടമുണ്ടെന്ന് പറഞ്ഞവരാണ് ഒടുവില്‍ 4000 കോടിയുടെ  കണക്ക് അവതരിപ്പിച്ചിരിക്കുന്നത്.

മന്ത്രിമാര്‍ 20,000 കോടി, 30,000 കോടി 40,000 കോടി എന്നിങ്ങനെ നഷ്ടത്തിന്റെ കണക്ക് പറയുന്നുണ്ടെങ്കിലും കേന്ദ്രത്തിന് രേഖാമൂലം നല്‍കിയത് 4796.35 കോടിയുടേതാണ്. യഥാര്‍ഥ നഷ്ടം എത്രയാണെങ്കിലും സര്‍ക്കാര്‍ അഭിമുഖീകരിക്കേണ്ടി വരുന്ന തുകയാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

വെള്ളമിറങ്ങി മൂന്നാഴ്ച കഴിഞ്ഞിട്ടും സഹായം ആവശ്യപ്പെട്ട് നിവേദനം കൊടുക്കാന്‍ പോലും കഴിയാത്തതരത്തില്‍ ഭരണസ്തംഭനമാണെന്ന് ആരോപണം വ്യാപകമായി ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് തട്ടിക്കൂട്ട് നിവേദനം നല്‍കിയത്. വിശദമായ റിപ്പോര്‍ട്ട് പുറകെ നല്‍കുമെന്ന് സൂചിപ്പിച്ചാണ് കേന്ദ്രത്തിന് കത്തു നല്‍കിയത്.

രക്ഷാപ്രവര്‍ത്തനത്തിനും തിരച്ചിലിനും 271 കോടി, ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിപ്പിച്ചതിന് 74.34 കോടി, കുടിവെള്ളം വിതരണം ചെയ്തതിന് 3.70 കോടി, കൃഷിയിടങ്ങളില്‍നിന്ന് മണ്ണ് മാറ്റുന്നതിന് 131 കോടി, കാര്‍ഷിക വിളകള്‍ 33 ശതമാനത്തിലധികം നഷ്ടപ്പെട്ടവര്‍ക്ക് സബ്‌സിഡി 73.57 കോടി, മൃഗ സംരക്ഷണമേഖലയില്‍ 44.09 കോടി, മത്സ്യബന്ധനമേഖലയില്‍ 1.43 കോടി, പൂര്‍ണമായി തകര്‍ന്ന വീടുകള്‍ക്ക് 105 കോടി, ഭാഗികമായി തകര്‍ന്ന വീടുകള്‍ക്ക് 853 കോടി, ചെറിയ രീതിയില്‍ തകര്‍ന്ന വീടുകള്‍ക്ക് 1732 കോടി, പ്രധാന റോഡുകള്‍ക്ക് 95 കോടി, വൈദ്യുതി മേഖലയ്ക്ക് 85 കോടി, ജലസേചനത്തിന് 536 കോടി, കുടിവെള്ളം പുനഃസ്ഥാപിക്കാന്‍ 317 കോടി, പഞ്ചായത്ത് റോഡിന് 73 കോടി എന്നിങ്ങനെ ഇനം തിരിച്ചാണ് 4796.35 കോടി ആവശ്യപ്പെട്ടിരിക്കുന്നത്.

20,000 കോടി ചോദിച്ചിട്ട് കേന്ദ്രം 600 കോടിമാത്രമാണ് നല്‍കിയത് എന്ന പ്രചാരണത്തിന്റെ മുന ഒടിക്കുന്നതാണ് കേന്ദ്രത്തിനു നല്‍കിയ നിവേദനം. ചോദിച്ച തുകയുടെ നാലിലൊന്ന് കേന്ദ്രം മുന്‍കൂറായി നല്‍കി കഴിഞ്ഞു.

തകര്‍ന്ന വീടുകളുടെ കൃത്യമായ കണക്കുണ്ട്. എന്നാല്‍ കേടുപാടു വന്ന വീടുകളുടെ വിവരം ശേഖരിച്ചിട്ടില്ല. അതിനാല്‍ വലിയൊരു തുക ആവശ്യപ്പെട്ടു എന്നു മാത്രം. രക്ഷാപ്രവര്‍ത്തനത്തിനും തിരച്ചിലിനും 271 കോടി ആവശ്യപ്പെട്ടതിലും സംശയമുണ്ട്.

സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.