ആശങ്കകള്‍ അകലാതെ ശബരിമല നട ഇന്ന് തുറക്കും

Sunday 16 September 2018 6:01 am IST

പത്തനംതിട്ട: ശബരിമലനട കന്നിമാസ പൂജകള്‍ക്കായി ഇന്ന് തുറക്കും. എന്നാല്‍  ആശങ്കകള്‍ ബാക്കിയാണ്. പമ്പയിലെ അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതിയാണ് പ്രധാന പ്രശ്‌നം. ഇന്ന് മുതല്‍ തീര്‍ഥാടകര്‍ക്ക് നിലയ്ക്കലില്‍ നിന്നു പമ്പയില്‍ എത്താന്‍ കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസ് മാത്രമാണ് ആശ്രയം. 

എന്നാല്‍ അതിനുള്ള  കാര്യമായ തയാറെടുപ്പുകള്‍ കെഎസ്ആര്‍ടിസി നടത്തിയിട്ടില്ല. 60 ബസ്സുകള്‍ ഉണ്ടാകുമെന്നാണ്  അവലോകന യോഗത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ 15 ബസ്സുകള്‍ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ചെയിന്‍ സര്‍വീസ് നടത്തുന്നതിനുള്ള മറ്റ് ക്രമീകരണങ്ങള്‍ ഇന്നലെ വൈകിയും നടക്കുന്നതേയുള്ളു. പമ്പ ത്രിവേണിയിലെ ശൗചാലയങ്ങള്‍ പ്രളയത്തില്‍ നശിച്ചതിനാല്‍ ബയോ ടോയ്‌ലറ്റുകളാണ് താത്ക്കാലികമായി ഒരുക്കിയിട്ടുള്ളത്. 1000 ടോയ്‌ലറ്റുകളാണ് സ്ഥാപിക്കുന്നതെങ്കിലും പലയിടത്തും ജലവിതരണം  ഏര്‍പ്പെടുത്താനുണ്ട്. 

പമ്പ മണല്‍പ്പുറത്തെ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ആഹാരത്തിനും ഭക്തര്‍ക്ക് ബുദ്ധിമുട്ട് നേരിട്ടേക്കും. ഇന്ന് മുതല്‍ അന്നദാനം ആരംഭിക്കുമെന്നാണ് ദേവസ്വം ബോര്‍ഡ് അറിയിച്ചിട്ടുള്ളതെങ്കിലും എത്രത്തോളം തീര്‍ഥാടകര്‍ക്ക് ലഭ്യമാകും എന്നതിലും ആശങ്കയുണ്ട്. 

നിറപുത്തരി, ചിങ്ങമാസ പൂജകള്‍ക്ക് ഭക്തര്‍ക്ക് ദര്‍ശനത്തിനെത്താന്‍ കഴിയാത്തതിനാല്‍ ഇത്തവണ തിരക്ക് ഏറുമെന്നാണ് കരുതുന്നതും. 

വേണം; അതീവ ജാഗ്രത

പത്തനംതിട്ട: മഹാപ്രളയത്തിന് ശേഷം ശബരിമല ക്ഷേത്രനട തുറക്കുമ്പോള്‍ പമ്പയിലേക്കെത്തുന്ന തീര്‍ഥാടകര്‍ പലകാര്യങ്ങളിലും പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. 

* മണ്ണാറക്കുളഞ്ഞി-പമ്പ പാതയില്‍ പല ഭാഗത്തും തിട്ടയിടിഞ്ഞും മണ്ണിടിഞ്ഞ് വീണും അപകടകരമായ നിലയുണ്ട്.  അതിനാല്‍ ഇരുചക്ര വാഹനയാത്ര ഒഴിവാക്കണം

* ഭക്തരുടെ വാഹനങ്ങള്‍ നിലയ്ക്കല്‍ വരെ മാത്രം.  എല്ലാ വാഹനങ്ങളും നിലയ്ക്കലില്‍ പാര്‍ക്ക് ചെയ്യണം. പമ്പ ത്രിവേണിയിലെ പാര്‍ക്കിംഗ് ഗ്രൗണ്ടിലും ഹില്‍ടോപ്പിലും പാര്‍ക്ക് ചെയ്യാന്‍ കഴിയില്ല. 

* ഹില്‍ടോപ് പാര്‍ക്കിങ് ഗ്രൗണ്ടിന്റെ ഒരുവശം  ഇടിഞ്ഞ് അപകടകരമായ നിലയിലാണ്. 

* നിലയ്ക്കലില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ്സുകളുടെ ചെയിന്‍ സര്‍വീസ്.  പമ്പയ്ക്കുള്ള ബസ്സുകള്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് വരെ മാത്രമേയുള്ളു. ത്രിവേണിയിലെ പെട്രോള്‍ പമ്പിന്റെ ഭാഗത്തേക്ക് പോകില്ല. 

* വെള്ളപ്പൊക്കത്തില്‍ ത്രിവേണിയിലെ ശുചിമുറികള്‍ നശിച്ചു. പകരം താല്‍ക്കാലികമായി ബയോടോയ്ലറ്റുകള്‍. 

* പ്രളയത്തിനു ശേഷം മണ്ണടിഞ്ഞ് പമ്പയുടെ രൂപം മാറി. പലയിടത്തും നദീതീരത്തെ മണ്ണില്‍ ചവിട്ടിയാല്‍ താണുപോകുന്ന സ്ഥിതിയുണ്ട്.  സുരക്ഷിതമല്ലാത്ത സ്ഥലങ്ങളില്‍ സ്‌നാനത്തിനിറങ്ങരുത്. 

* പമ്പത്രിവേണി പാലത്തില്‍ കൂടി മാത്രമാണ്  സഞ്ചരിക്കാന്‍ കഴിയുക. നടപ്പാലത്തിലൂടെ സഞ്ചാരം അനുവദിക്കില്ല. 

* മണല്‍പ്പരപ്പില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ കിടക്കുന്നതിനാല്‍ ശ്രദ്ധ ആവശ്യമാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.