ബിഷപ്പ് സ്ഥാനമൊഴിഞ്ഞിട്ടില്ല; രാജിവയ്ക്കും വരെ സമരം

Sunday 16 September 2018 3:50 am IST

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സ്ഥാനം ഒഴിഞ്ഞുവെന്ന വാര്‍ത്ത  ശരിയല്ലെന്ന്  സേവ് ഔര്‍ സിസ്‌റ്റേഴ്‌സ് (എസ്ഒഎസ്) ആക്ഷന്‍ കൗണ്‍സില്‍. ബിഷപ്പിന് കുറച്ചുനാളത്തേയ്ക്ക് മാറി നില്‍ക്കേണ്ടി വരുമ്പോള്‍ പകരം ഒരാളെ ചുമതലകള്‍ ഏല്‍പ്പിക്കുന്ന പതിവുണ്ട്. ഈ സംഭവത്തില്‍ ബിഷപ്പിന്റെ ചുമതലകള്‍ വികാരി ജനറാള്‍ മാത്യു കോക്കണ്ടത്തെ  ഏല്‍പ്പിച്ചു എന്നുമാത്രമേയുള്ളൂവെന്നും എസ്ഒഎസ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി പറഞ്ഞു. അധികാര കൈമാറ്റം താല്‍കാലികമാണെന്നും അദ്ദേഹം പറഞ്ഞു.  

ചോദ്യം ചെയ്യല്‍ നേരിട്ട് തിരിച്ചുവരുന്നതുവരെ സ്ഥാനം വികാരി ജനറാളിനെ ഏല്‍പ്പിക്കുന്നു എന്നു സൂചിപ്പിക്കുന്ന എഴുത്താണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഈ സംഭവത്തില്‍ വത്തിക്കാന്‍ നേരിട്ട് ഇടപെട്ടതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബിഷപ്പ് സ്ഥാനത്ത് നിന്നുമാറിയാലും ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നതുവരെ സമരം തുടരും. ഈ വിഷയവുമായി ബന്ധപ്പെട്ട് ഇനി ആരേയും കാണാന്‍ ശ്രമിക്കുന്നില്ല എന്ന് സമരത്തിലുള്ള സിസ്റ്റര്‍ അനുപമ പറഞ്ഞു. ജില്ലാ കേന്ദ്രങ്ങളിലേക്കും ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം വ്യാപിപ്പിക്കാനാണ് ആക്ഷന്‍ കൗണ്‍സിലിന്റെ തീരുമാനം.

 അതിനിടെ  സമരത്തിന് സ്ത്രീകളുടെ പിന്തുണ ഏറി.  നിരാഹാരം ഇരിക്കുന്ന സ്റ്റീഫനോടൊപ്പം അലോഷ്യയെന്ന വനിതയും നിരാഹാരം ആരംഭിച്ചു. കത്തോലിക്ക സഭ അധികാരികള്‍ ഇരയായ കന്യാസ്ത്രീയെ തള്ളിപ്പറഞ്ഞ  സാഹചര്യത്തിലാണ് അലോഷ്യ നിരാഹാരം ആരംഭിച്ചത്. 

എന്നാല്‍ സമരം അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ കത്തോലിക്കാ സഭയ്ക്കുള്ളിലെ ഒരു കോണ്‍ഗ്രിഗേഷനായ സിഎംസി കോണ്‍ഗ്രിഗേഷന്‍ ജനറാളിന്റെ ഒരു കത്ത് കോണ്‍വെന്റുകളില്‍ പ്രചരിക്കുന്നുണ്ട്. ഇത് മറ്റ് സഭകളേയും സ്വാധീനിക്കാതിരിക്കില്ല. കന്യാസ്ത്രീകള്‍ ഉള്‍പ്പടെ നിരവധി പേര്‍ പിന്തുണയുമായെത്തുന്ന സാഹചര്യത്തില്‍ ആ നീക്കം തടയുക എന്ന ഗുഢാലോചനയാണ് ഇതിന് പിന്നില്‍. ആരോപണ വിധേയനായ ബിഷപ്പ് ഫ്രാങ്കോയുടെ സഹോദരിയും സിഎംസി സഭയിലെ അംഗമാണ്. അതുകൊണ്ടാവാം ഇത്തരത്തിലൊരു നീക്കം എന്ന് കൊച്ചിയില്‍ സമരത്തിലുള്ള കന്യാസ്ത്രീകള്‍ പറയുന്നു. 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.