ഓണ്‍ലൈന്‍ തട്ടിപ്പ്: മൂന്ന് പേര്‍ പിടിയില്‍

Sunday 16 September 2018 6:03 am IST

പെരിന്തല്‍മണ്ണ: ഓണ്‍ലൈന്‍ ബാങ്കിങ് തട്ടിപ്പ് സംഘത്തിലെ  പ്രധാന കണ്ണികളായ മൂന്നുപേര്‍ പെരിന്തല്‍മണ്ണയില്‍ അറസ്റ്റില്‍. പെരിന്തല്‍മണ്ണ സ്വദേശികളായ പട്ടാണി സക്കീര്‍ ഹുസൈന്‍(30), അത്തിക്കാട്ടില്‍ മുഹമ്മദ് തസ്ലീം(28), മണ്ണാര്‍മല സ്വദേശി അയിലക്കര അബ്ദുള്‍ ബാരിസ്(27) എന്നിവരാണ് അറസ്റ്റിലായത്. 

കഴിഞ്ഞ ദിവസം വൈകിട്ട് വാഹന പരിശോധനക്കിടെ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിര്‍ത്താതെ പോയി. പോലീസ് പിന്തുടര്‍ന്ന് പിടികൂടി കാര്‍ പരിശോധിച്ചപ്പോള്‍ 48 എടിഎം കാര്‍ഡുകള്‍, ആറ് ബാങ്ക് പാസ് ബുക്ക്, മൂന്ന് ലക്ഷം രൂപ എന്നിവ കണ്ടെത്തി. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പിന്റെ വ്യാപ്തി മനസ്സിലായത്. മൂവരും ഉത്തരേന്ത്യന്‍ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ കണ്ണികളാണ്.

ഓണ്‍ലൈന്‍ വഴി ബാങ്ക്  ഇടപാടുകാരുടെ വിവരങ്ങള്‍ ശേഖരിച്ചാണ് തട്ടിപ്പ്. മൊബൈലില്‍  ബന്ധപ്പെട്ട് ഓണ്‍ലൈന്‍ ലക്കി ബമ്പര്‍ ലോട്ടറിയടിച്ചിട്ടുണ്ടെന്ന് അറിയിക്കും. അതിനുള്ള ജിഎസ്ടി/ടാക്‌സ് ആയി 25,000 മുതല്‍ 50,000 രൂപ വരെ അടയ്ക്കാന്‍ ആവശ്യപ്പെടും. അതിന്റെ രേഖകള്‍ വ്യാജമായി നിര്‍മിച്ച് ഫോട്ടോയടക്കം ആളുകള്‍ക്ക് അയച്ചുകൊടുക്കും. പണം പെരിന്തല്‍മണ്ണയിലുള്ള തങ്ങളുടെ ഏജന്റുമാരുടെ അക്കൗണ്ടില്‍ നിക്ഷേപിക്കാനാണ് പറയുക. ആളുകളെ വിശ്വസിപ്പിക്കാനുള്ള തന്ത്രമാണിത്. അക്കൗണ്ടുകളുടെ നമ്പറുകള്‍ പ്രതികള്‍ നേരത്തേ കൊടുത്തതിനനുസരിച്ച് ഉത്തരേന്ത്യന്‍ സംഘം ഇടപാടുകാര്‍ക്ക് നല്‍കും. അക്കൗണ്ടില്‍ പണം നിക്ഷേപിച്ചയുടനെ പല ഭാഗത്തായി എടിഎം കൗണ്ടറിനടുത്ത് തന്നെ നിലയുറപ്പിച്ചിരിക്കുന്ന സംഘത്തിലുള്ളവരെ വിവരമറിയിക്കുകയും ഉടന്‍ അതത് കാര്‍ഡുകള്‍ ഉപയോഗിച്ച് പണം പിന്‍വലിക്കുകയും ചെയ്യും. ഈ പണം വൈകുന്നേരം ബാങ്ക് സമയം കഴിഞ്ഞ്  കൈമാറും.  നല്ലൊരു ശതമാനം കമ്മീഷന്‍ ലഭിക്കുകയും ചെയ്യും.

ഇത്തരത്തില്‍ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ആളുകളെ വെച്ച്  ബാങ്കുകളില്‍ അക്കൗണ്ട് തുടങ്ങി എടിഎം കാര്‍ഡും പാസ്ബുക്കും കൈക്കലാക്കി തട്ടിപ്പുസംഘത്തിന് കൈമാറുന്നവരെ കുറിച്ച് അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളുടെ കൈയില്‍ നിന്ന് ലഭിച്ച എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ച് നടത്തിയ മുഴുവന്‍ ഇടപാടുകളും പരിശോധിക്കുമെന്ന്  പ്രത്യേക അന്വേഷണ സംഘത്തലവന്‍ കൂടിയായ പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.പി.മോഹനചന്ദ്രന്‍ അറിയിച്ചു. പെരിന്തല്‍മണ്ണ എസ്‌ഐ മഞ്ജിത്ത് ലാല്‍, ടൗണ്‍ ഷാഡോ പോലീസിലെ എഎസ്‌ഐ സി.പി.മുരളീധരന്‍, എന്‍.ടി.കൃഷ്ണകുമാര്‍, എം.മനോജ്കുമാര്‍, എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.