ഒബാമയുടെ മ്യാന്‍മര്‍ സന്ദര്‍ശനത്തിന് തുടക്കമായി

Monday 19 November 2012 4:38 pm IST

യാങ്കൂണ്‍: നാല് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ മ്യാന്‍‌മറിലെത്തി. അമ്പത് വര്‍ഷത്തിന് ശേഷം ആദ്യമായി മ്യാന്‍‌മറിലെത്തുന്ന അമേരിക്കന്‍ പ്രസിഡന്റാണ് ബരാക് ഒബാമ. വര്‍ഷങ്ങള്‍ നീണ്ട് നിന്ന പട്ടാള ഭരണത്തില്‍ നിന്നും ജനാധിപത്യത്തിലേക്ക് മാറിയ മ്യാന്‍‌മറിലെ ഒബാമയുടെ സന്ദര്‍ശനം ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്. രാവിലെ മ്യാന്‍മറിലെത്തിയ ഒബാമ ജനങ്ങളെ അഭിവാദ്യം ചെയ്തു. അമേരിക്ക നിങ്ങളോടൊപ്പമുണ്ടെന്നായിരുന്നു ഒബാമയുടെ പ്രഖ്യാപനം. നിങ്ങള്‍ എനിക്ക്‌ വലിയ പ്രതീക്ഷയാണ്‌ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. യാങ്കൂണ്‍ സര്‍വകലാശാലയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഒബാമ. മ്യാന്‍മര്‍ ജനാധിപത്യത്തിന്‌ യുഎസിന്റെ പിന്തുണ എപ്പോഴും ഉണ്ടായിരിക്കുമെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു. മ്യാന്‍മറുമായി സൗഹൃദം തുടരാന്‍ അമേരിക്ക തയ്യാറാണെന്നും ഒബാമ പറഞ്ഞു. ആയിരക്കണക്കിന്‌ പേരാണ്‌ ഒബാമയുടെ വരവും കാത്ത്‌ തടിച്ചകൂടിയത്‌. ഉന്നത നേതാക്കളുമായും പ്രതിപക്ഷ നേതാവ്‌ തീന്‍ ആങ്ങ്‌ സാന്‍ സൂകിയുമായും ഒബാമ കൂടിക്കാഴ്ച്ച നടത്തി. പ്രധാനമന്ത്രി തീന്‍ സീനുമായും അദ്ദേഹം ചര്‍ച്ച നടത്തി. ഇരുവരേയും അമേരിക്കന്‍ സന്ദര്‍ശനത്തിന്‌ ഒബാമ ക്ഷണിക്കുകയും ചെയ്തു. പട്ടാള ഭരണത്തില്‍ നിന്നും ജനാധിപത്യത്തിലേക്ക്‌ മാറിയ മ്യാന്‍മറിന്റെ ചരിത്രത്തില്‍ ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്‌ ഒബാമയുടെ സന്ദര്‍ശനം. ഒബാമയെ സ്വാഗതം ചെയ്തുകൊണ്ടുള്ള ചുവരെഴുത്തുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ജനാധിപത്യ പരിഷ്കാരങ്ങള്‍ക്കുള്ള പ്രോല്‍സാഹനമാണു തന്റെ ബര്‍മ (മ്യാന്‍മറിന്റെ പഴയ പേര്‌) സന്ദര്‍ശനമെന്നു കഴിഞ്ഞ ദിവസം ഒബാമ പറഞ്ഞിരുന്നു. 170 ബില്യണ്‍ ഡോളറിന്റെ വികസന പാക്കേജ്‌ ഒബാമ പ്രഖ്യാപിക്കും. ആങ് സാന്‍ സൂകി വീട്ടുതടങ്കലില്‍ നിന്നും മോചിതയായതിനുശേഷം മ്യാന്‍മറില്‍ അമേരിക്ക കൂടുതല്‍ പദ്ധതികള്‍ കൊണ്ടുവന്നിരുന്നു. മ്യാന്‍മറില്‍ യുഎസ്‌ അംബാസിഡറെയും പുതുതായി നിയമിച്ചിരുന്നു. അമേരിക്കയിലേക്ക്‌ കൂടുതല്‍ നിക്ഷേപ അവസരങ്ങള്‍ക്കും മ്യാന്‍മറിനെ ക്ഷണിച്ചിരുന്നു. മ്യാന്‍മര്‍ സന്ദര്‍ശനത്തിനുശേഷം ഒബാമ കംബോഡിയയിലേക്ക്‌ തിരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.