ദുരിതാശ്വാസം: സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ നല്‍കി കബളിപ്പിച്ചെന്ന് ചെന്നിത്തല

Sunday 16 September 2018 2:15 pm IST

തിരുവനന്തപുരം: പ്രളയം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എങ്ങും എത്തിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദുരിതബാധിതര്‍ക്ക് ് വാരിക്കോരി വാഗ്ദാനങ്ങള്‍ നല്‍കി സര്‍ക്കാര്‍ കബളിപ്പിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. 

പ്രളയ ബാധിതര്‍ക്ക് 10,000 രൂപ വീതം നല്‍കുമെന്നും അത് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നാണ് പറഞ്ഞിരുന്നത്. ആ വൈബ്സൈറ്റ് എവിടെ പ്രളയത്തില്‍ വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഒരു ലക്ഷം രൂപ പലിശ രഹിത വായ്പയായി നല്‍മെന്ന് പറഞ്ഞു. അതെവിടെ എല്ലാം നഷ്ടപ്പെട്ട ചെറുകിട വ്യാപാരികള്‍ക്ക് 10 ലക്ഷം രൂപ വരെ പലിശ രഹിത വായ്പയായി നല്‍കുമെന്ന് പറഞ്ഞിരുന്നു. അതെവിടെ കടങ്ങള്‍ക്ക് മോറിട്ടോറിയം പ്രഖ്യാപിക്കുമെന്ന് പറഞ്ഞിട്ടെന്തായെന്നും ചെന്നിത്തല ചോദിച്ചു.

ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് പകരം ഇപ്പോള്‍ നടക്കുന്നത് ഗുണ്ടാപിരിവ് മാത്രമാണ്. കേരളത്തിന്റെ ഭരണം ജയരാജന്മാരില്‍ മാത്രമായി ഒതുങ്ങിയിരിക്കുന്നു. ഇവരോട് മന്ത്രിമാര്‍ക്കുള്ള അഭിപ്രായ വ്യത്യാസം പ്രകടമാണ്. ഉത്തരവുകള്‍ ഇറക്കി പിന്‍വലിക്കുന്ന ജോലി മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. 

ലോകത്തിന് മുന്നില്‍ കേരളം തലകുനിച്ചു നില്‍ക്കേണ്ട ഗതികേടാണ് സര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുന്നത്. സര്‍ക്കാരിന് എന്തൊക്കയോ ഒളിക്കാനും മറയ്ക്കാനും ഉള്ളതിനാലാണ് പ്രളയ ദുരിതാശ്വാസത്തിന് വേണ്ടി പ്രത്യേക അക്കൗണ്ട് തുറന്ന ശേഷം അത് പിന്‍വലിച്ചതെന്നും ചെന്നിത്തല പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.