കുട്ടനാട്ടിലെ പുനരധിവാസം; സര്‍ക്കാര്‍ ഇരുട്ടില്‍ത്തപ്പുന്നു

Monday 17 September 2018 2:30 am IST

ആലപ്പുഴ: കുട്ടനാട്ടുകാര്‍ പ്രളയക്കെടുതികള്‍ അനുഭവിക്കാന്‍ തുടങ്ങിയിട്ട് രണ്ടു മാസം പിന്നിട്ടു. പുനരധിവാസം എങ്ങിനെ നടത്തുമെന്ന് അറിയാതെ സര്‍ക്കാര്‍ ഇരുട്ടില്‍ത്തപ്പുന്നു. ജൂലൈ 16നായിരുന്നു കുട്ടനാട്ടിലെ ആദ്യ പ്രളയം. കൃത്യം ഒരു മാസം പിന്നിട്ടപ്പോള്‍ മഹാപ്രളയത്തില്‍ കുട്ടനാട് വീണ്ടും മുങ്ങി. 

പാര്‍പ്പിടം, തൊഴില്‍, തൊഴിലിടങ്ങള്‍, ആവാസവ്യവസ്ഥ, ശുദ്ധജലം തുടങ്ങി പുനരധിവാസം സാധ്യമാക്കേണ്ടവ നിരവധിയാണ്. പൂര്‍ണമായോ ഭാഗികമായോ തകര്‍ന്ന വീടുകളുടെ കണക്കെടുപ്പ്, നഷ്ടപ്പെട്ട നെല്‍കൃഷിയുടേയും, കരകൃഷിയുടേയും കണക്കെടുപ്പ്, പ്രത്യക്ഷത്തില്‍ കേടുപാടുകളില്ലാത്ത വീടുകള്‍ക്ക് വരും മാസങ്ങളില്‍ സംഭവിക്കാനിടയുള്ള ബലക്ഷയം നിര്‍ണയിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ഒരു നടപടിയും ഇല്ലാതെ സ്തംഭനാവസ്ഥയിലാണ്.

വീടുകള്‍ക്ക് ഉണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിന് റീബില്‍ഡ് കേരള എന്ന ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് ഡിജിറ്റല്‍ വിവരശേഖരണം നടത്തുന്നത്. കുട്ടനാട്ടിലെ ഗ്രാമപഞ്ചായത്തുകളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്, നാശനഷ്ടങ്ങളുടെ കണക്കെടുക്കാന്‍ അഭ്യസ്തവിദ്യരും ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണ്‍ ഉള്ളവരും സേവന സന്നദ്ധരുമായ യുവതീ-യുവാക്കളെ ഇതിനായി കണ്ടെത്തണമെന്നാണ്. ഇവര്‍ക്ക് പരിശീലനം നല്‍കി ഓരോ വാര്‍ഡുകളിലേയും എല്ലാ വീടുകളിലുമയച്ച് നാശനഷ്ടങ്ങളുടെ ഡാറ്റയും വീടുകളുടെ ഫോട്ടോയും എടുത്ത് മൊബൈല്‍ ആപ്പില്‍ അപ്‌ലോഡ് ചെയ്ത് അയപ്പിക്കണമത്രെ. 

പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ചുമതലപ്പെട്ട റവന്യൂ, കൃഷി, തദ്ദേശ ഭരണ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ വിന്യസിച്ച് നടത്തേണ്ട ഈ കണക്കെടുപ്പുകള്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതികളുടെ തലയില്‍ അടിച്ചേല്‍പ്പിക്കുന്നത്  സദുദ്ദേശപരമല്ലെന്ന് വിമര്‍ശനം ഉയരുന്നു. സ്മാര്‍ട്ട് ഫോണുള്ള സേവന സന്നദ്ധരായ അഭ്യസ്തവിദ്യരെ തിരഞ്ഞ് നെട്ടോട്ടമോടുകയാണ് പഞ്ചായത്തുകള്‍. സന്നദ്ധരായ യുവാക്കളെ കണ്ടെത്തി നാശനാഷ്ടങ്ങളുടെ വിലയിരുത്തല്‍ എന്നു പൂര്‍ത്തിയാക്കുമെന്ന് ആര്‍ക്കും വ്യക്തതയില്ല.

ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് കുടുംബങ്ങള്‍ മടങ്ങിയിട്ട് ആഴ്ചകള്‍ പിന്നിട്ടു. പലരും വീടുകളുടെ അറ്റകുറ്റപണികള്‍ കടംവാങ്ങിയും മറ്റും നടത്തിയാണ് താമസം ആരംഭിച്ചത്. ഇനി നടത്തുന്ന നാശനഷ്ടങ്ങളുടെ കണക്കെടുപ്പില്‍ ഇവ എങ്ങിനെ തിട്ടപ്പെടുത്തുമെന്നാണ് ചോദ്യം ഉയരുന്നത്. സര്‍ക്കാര്‍ നഷ്ടം തിട്ടപ്പെടുത്തി സഹായം അനുവദിക്കുന്നത് വരെ തകര്‍ന്ന വീടുകളില്‍ എങ്ങിനെ കഴിയുമെന്നും അവര്‍ ചോദിക്കുന്നു. പ്രളയം ഏറ്റവും നാശം വിതച്ച കുട്ടനാട്, ചെങ്ങന്നൂര്‍ മേഖലകളില്‍ പതിനായിരക്കണക്കിന് കെട്ടിടങ്ങളുടെ വിവരശേഖരണമാണ് പൂര്‍ത്തീകരിക്കാനുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.