പ്രളയദുരന്തം; പതിനാലായിരത്തോളം കുടുംബങ്ങള്‍ക്ക് അടിയന്തരസഹായം ലഭ്യമായില്ല

Monday 17 September 2018 2:31 am IST

ആലപ്പുഴ: പ്രളയബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പതിനായിരം രൂപയുടെ അടിയന്തര സഹായം ഒരു മാസം പിന്നിട്ടിട്ടും കൊടുത്തു തീര്‍ക്കാനായില്ല. അര്‍ഹരായവര്‍ സഹായധനം ലഭിക്കാനായി നെട്ടോട്ടമോടുകയാണ്. പ്രളയം കൂടുതല്‍ നാശം വിതച്ച ആലപ്പുഴ ജില്ലയില്‍ ദുരിതബാധിതരായി സര്‍ക്കാര്‍ തന്നെ കണ്ടെത്തിയ പതിനാലായിരത്തോളം കുടുംബങ്ങള്‍ക്ക് ഇനിയും അടിയന്തര സഹായം നല്‍കാനായിട്ടില്ല. 

ജില്ലയില്‍ 1,08,896 കുടുംബങ്ങള്‍ക്കാണ് ഇതുവരെ നഷ്ടപരിഹാരതുക വിതരണം ചെയ്തത്. 1,22,058 കുടുംബങ്ങളാണ് ദുരിതാശ്വാസ സഹായധനത്തിന് അര്‍ഹരായി കണ്ടെത്തിയിട്ടുള്ളത്. സര്‍ക്കാരില്‍ നിന്ന് കിറ്റുകളല്ലാതെ മറ്റൊരു സഹായവും ലഭിച്ചില്ലെന്ന് അപ്പര്‍ കുട്ടനാട്ടിലെയും ലോവര്‍ കുട്ടനാട്ടിലെയും നിരവധി കുടുംബങ്ങള്‍ പരാതിപ്പെടുന്നു. കൈനകരിയടക്കമുള്ള പ്രദേശങ്ങളിലെ കുടുംബങ്ങള്‍ ക്യാമ്പുകളില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് വീടുകളിലേക്ക് മടങ്ങിയത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച പണം ലഭിക്കാത്തതിനാല്‍ നിതൃവൃത്തിക്ക് പോലും സന്നദ്ധസംഘടനകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് അവര്‍. കുട്ടനാട്ടില്‍ മാത്രം പതിനായിരത്തിലേറെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കാനുണ്ട്. കുട്ടനാടിനെ സമ്പൂര്‍ണ പ്രളയബാധിത പ്രദേശമായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഈ ദുര്‍ഗതി. 

ബിഎല്‍ഒമാര്‍ വീടുകളിലെത്തി വിവര ശേഖരണം നടത്തി ആഴ്ചകള്‍ കഴിഞ്ഞിട്ടും പണം ആര്‍ക്കും ലഭിച്ചിട്ടില്ല. ശേഖരിച്ച വിവരങ്ങളില്‍ പിഴവുകളുണ്ടായിരുന്നതായാണ് റവന്യു വകുപ്പ് പറയുന്നത്.  

പ്രളയം ഏറെ ബാധിച്ച ചെങ്ങന്നൂരില്‍ ഇതുവരെ 27,156 കുടുംബങ്ങളാണ് അര്‍ഹരായി കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ 25,194 കുടുംബങ്ങള്‍ക്ക്  സഹായമെത്തിച്ചു. പ്രളയത്തില്‍ മുങ്ങിയ കുട്ടനാട് താലൂക്കില്‍ ഇതുവരെ അര്‍ഹരായി കണ്ടെത്തിയ 51,076 കുടുംബങ്ങളില്‍ 40,158 കുടുംബങ്ങള്‍ക്ക് മാത്രമാണ് സഹായം നല്‍കാനായത്. 

പി. ശിവപ്രസാദ്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.