പ്രളയബാധിതര്‍ക്കു സഹായവുമായി ദല്‍ഹിയില്‍ ചിത്രപ്രദര്‍ശനം

Monday 17 September 2018 2:37 am IST

ന്യൂദല്‍ഹി: കേരളത്തിലെ പ്രളയദുരിതബാധിതര്‍ക്കു വേണ്ടി ഇന്ത്യയിലെ പ്രശസ്ത കലാകാരന്‍മാര്‍ ഒന്നിച്ചു ചേരുന്നു. ഇതിന്റെ ഭാഗമായി ദേശീയ ചിത്രപ്രദര്‍ശനത്തിനു ദല്‍ഹിയിലെ നാഷണല്‍ ഗാലറി ഓഫ് മോഡണ്‍ ആര്‍ട്‌സ് വേദിയാകുകയാണ്. ഇന്ത്യാ ഗേറ്റിനു സമീപമുള്ള നാഷണല്‍ ഗാലറിയില്‍ ഈ മാസം 21 മുതല്‍ 23 വരെയാണ് പ്രദര്‍ശനം ഒരുക്കുന്നത്. 

 ആര്‍ട്ട് ഫോര്‍ കേരള ഫ്‌ളഡ് ഡിസാസ്റ്റര്‍ 2018 എന്ന പേരിലാണു ചിത്രപ്രദര്‍ശനം തയാറാക്കുന്നത്. പ്രദര്‍ശനത്തില്‍ ചിത്രങ്ങള്‍ വിറ്റു കിട്ടുന്ന പണം മുഴുവന്‍ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സമര്‍പ്പിക്കുമെന്നു നാഷണല്‍ ഗാലറി അധികൃതര്‍ പറഞ്ഞു. രാജ്യത്തെ മുന്‍നിര ചിത്രകാരന്‍മാരുടെ സംഗമമാണു ഇതിലൂടെ ഒരുക്കുന്നത്.

 എ. രാമചന്ദ്രന്‍, അഞ്ജലി ഇള മേനോന്‍, അപര്‍ണ കൗര്‍, ജതിന്‍ ദാസ്, മനു പരേഖ്, ജഗന്‍ ചൗധരി, മാധവി പരേഖ്, രഘു റായ്, ശിവപ്രസന്ന, ഗോപി ഗജ്‌വാനി, രാമേശ്വര്‍ ബ്രൂട്ട, പരേഷ് മെയ്റ്റി, സുബോധ് ഗുപ്ത തുടങ്ങിയവരുടെ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനുണ്ടാകും.  ചിത്രരചനകള്‍ കൂടാതെ ഫോട്ടോകളും സ്‌കെച്ചുകളും ഉള്‍പ്പെടെ പ്രദര്‍ശനത്തില്‍ ചേര്‍ത്തിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.