കൊച്ചി: ബലാത്സംഗക്കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിന് മഹിളാ മോര്‍ച്ച പിന്തുണ പ്രഖ്യാപിച്ചു. ഇന്നലെ മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ വി.ടി. രമ സമരപ്പന്തലിലെത്തി പിന്തുണ അറിയിച്ചു. സ്ത്രീകളുടെ അന്തസ്സും ആഭിജാത്യവും സംരക്ഷിക്കുന്നതിന് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്ന് രമ ആവശ്യപ്പെട്ടു. വേട്ടക്കാരനെ സംരക്ഷിക്കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പൊള്ളയായ വാഗ്ദാനങ്ങള്‍ നല്കി പെരുമ്പാവൂരിലെ ജിഷയുടെ കണ്ണീര് വിറ്റ് ഭരണത്തിലേറിയ സര്‍ക്കാരാണ് സിപിഎം, രമ പറഞ്ഞു.
കന്യാസ്ത്രീ സമരത്തിന് ജെഎസ്എസ് നേതാവ് കെ.ആര്. ഗൗരിയമ്മയും പിന്തുണ അറിയിച്ചു. കേരള സര്‍ക്കാര്‍ ഉചിതമായ അന്വേഷണം നടത്തി കുറ്റവാളികള്‍ എത്ര ഉന്നത സ്ഥാനീയരാണെങ്കിലും നിയമത്തിന് മുന്പില് കൊണ്ടു വരണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
മതത്തിന്റെ പരിശുദ്ധി ആത്മാവില്‍ കാത്ത് സൂക്ഷിക്കുന്ന കന്യാസ്ത്രീമാരുടെ സമരത്തിന് പിന്തുണ നല്കാന് സന്ന്യാസി സമൂഹം മുന്നോട്ട് വരണമെന്ന് കഥകളി കലാകാരന് കലാമണ്ഡലം ഗോപി ആവശ്യപ്പെട്ടു. കന്യാസ്ത്രീമാരുടെ സമര വാര്‍ത്ത മാനസിക വിഷമം ഉണ്ടാക്കിയെന്നും അദ്ദേഹം പ്രതികരിച്ചു. ശാരീരിക അസ്വാസ്ഥ്യങ്ങള്കൊണ്ടാണ് നേരിട്ട് പിന്തുണ അറിയിക്കാത്തതെന്നും അദ്ദേഹം സന്ദേശത്തിലൂടെ വ്യക്തമാക്കി. കന്യാസ്ത്രീയുടെ സഹോദരി ഇന്നുമുതല്‍ നിരാഹാരം ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: