മലയോര മേഖലയിലെ ഉരുള്‍പൊട്ടല്‍ : മണ്ണിടിച്ചില്‍ പരിസ്ഥിതി ആഘാത പഠനം നടത്തണം

Monday 17 September 2018 5:08 pm IST

 

ചെറുപുഴ: രാജഗിരി മേഖലയില്‍ മഴക്കാലത്ത് ഉണ്ടായ മണ്ണിടിച്ചില്‍ ഏറെ ഗുരുതരമാണെന്ന്  സ്ഥലം സന്ദര്‍ശിച്ച സോയില്‍ ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ മാസത്തെ കനത്ത മഴയിലാണ് ചെറുപുഴ മേഖലയില്‍ പലയിടത്തും മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും ഉണ്ടായത് .ചെറുപുഴ പഞ്ചായത്തിലെ തിരുമേനി, ചൂരപ്പടവ്, കമ്മാളിപ്പാറ, പൈപ്പിംഗ് പ്രതിഭാസമുണ്ടായ കൊട്ടത്തലച്ചിമല എന്നിവിടങ്ങളിലെ അശാസ്ത്രീയമായ നിര്‍മ്മാണ പ്രവൃത്തികളും, ക്വാറി ഖനനവും മൂലമാണെന്ന വിലയിരുത്തലിലാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍. ചെങ്കുത്തായ മലകളെ തകര്‍ക്കുന്ന തരത്തിലാണ് പലയിടത്തെയും പ്രവര്‍ത്തനം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശ ചെയ്തു കൊടുക്കാനും ക്വാറികള്‍ക്കും ക്രഷറുകള്‍ക്കും മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തനാനുമതി നല്‍കാനും അധികൃതരുടെ ശ്രമം ഊര്‍ജ്ജിതമാണ്. 

ജനങ്ങളുടെ അശങ്ക വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് രാജഗിരി മരുതുംതട്ടില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലം തളിപ്പറമ്പ് സോയില്‍ കണ്‍സര്‍വേഷന്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. പ്രദേശത്തുണ്ടായിരിക്കുന്ന മണ്ണിടിച്ചില്‍ ഗുരുതരമാണെന്നും കല്ലിന ചെറിയ അനക്കം ഉണ്ടായാല്‍പ്പോലും ഉരുണ്ടിറങ്ങാനുളള സാധ്യതയുണ്ടെന്നും ഉദ്യാഗസ്ഥര്‍ പറഞ്ഞു. തുലാവര്‍ഷ മഴ ആരംഭിക്കാനിരിക്കെ രാജഗിരിയിലുണ്ടായ മണ്ണിടിച്ചിലിനെക്കുറിച്ചും ജില്ലാ കണ്‍സര്‍വേഷന്‍ ഓഫീസര്‍ക്കും ദുരന്തനിവാരണ അതോറിറ്റിയ്ക്കും റിപ്പോര്‍ട്ട് നല്‍കുമെന്നും സംഘാംഗങ്ങളായ എം.അജീഷ്, കെ.കെ.വാസുദേവന്‍ എന്നിവര്‍ പറഞ്ഞു. മലയുടെ മുകള്‍ത്തട്ടില്‍ തൊപ്പി പോലെ നില്‍ക്കുന്ന 110 ഏക്കറോളം വരുന്ന സ്ഥലത്തെ ലക്ഷ്യമാക്കിയാണ് ഈ പ്രദേശത്ത് ക്രഷര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇത്തരം പ്രശ്‌നങ്ങളില്‍ പരിസ്ഥിതി ആഘാതപഠനം നടത്തി സുരക്ഷ ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.