ഉത്തര മലബാറിന്റെ ആകാശസ്വപ്‌നം പൂവണിയുന്നു കണ്ണൂര്‍ വിമാനത്താവളം ലൈസന്‍സിനുളള അന്തിമ പരിശോധകസംഘം ഇന്നെത്തും: പരിശോധന നാളെ മുതല്‍

Monday 17 September 2018 5:13 pm IST

 

കണ്ണൂര്‍: ഉത്തര മലബാറുകാരുടെ ചിരകാല സ്വപ്‌നമായിരുന്ന വിമാനത്താവളം മട്ടന്നൂര്‍ മൂര്‍ഖന്‍പറമ്പില്‍ യാഥാര്‍ത്ഥ്യമാകാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ലൈസന്‍സിനുളള സിവില്‍ ഏവിയേഷന്‍ വിഭാഗത്തിന്റെ പരിശോധന നാളെയും മറ്റന്നാളുമായി നടക്കും. ഡയരക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഉദ്യോഗസ്ഥര്‍ ഇന്ന് വൈകുന്നേരത്തോടെ കണ്ണൂരിലെത്തും. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പരിശോധന 19 ന് അവസാനിക്കും. ഇതിനു ശേഷം ഈ മാസംതന്നെ അന്തിമ അനുമതി ലഭിക്കുകയും ഒക്‌ടോബര്‍ ആദ്യവാരം വിമാനത്താവളത്തിന്റെ ഉദ്ഘാടനം നടക്കുമെന്നും അറിയുന്നു. വിമാനത്താവളത്തിന്റെ അവസാനഘട്ട മിനുക്കുപണികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ടെര്‍മിനലിന്റെ ഫ്‌ളോറിന്റേയും ഏപ്രണിലേയും മിനുക്കുപണികളും പൂന്തോട്ടങ്ങളുടെ നിര്‍മ്മാണവും അവസാന ഘട്ടത്തിലാണ്. 

മട്ടന്നൂര്‍ മൂര്‍ഖന്‍ പറമ്പിലെ 2300 ഏക്കറിലായി നിറഞ്ഞ് നില്‍ക്കുന്ന കണ്ണൂര്‍ വിമാനത്താവളത്തില്‍ കേരളത്തിലെ മറ്റ് വിമാനത്താവളങ്ങളില്‍ നിന്ന വ്യത്യസ്തമായി ആഭ്യന്തരം, അന്താരാഷ്ട്രം എന്നിങ്ങനെയുള്ള ടെര്‍മിനലുകള്‍ക്ക് പകരം ഇന്റഗ്രേറ്റഡ് ടെര്‍മിനല്‍ സിസ്റ്റമാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇന്റഗ്രേറ്റഡ് ടെര്‍മിനലിന്റെ താഴത്തെ ഭാഗമാണ് ആഗമന യാത്രക്കാര്‍ക്കായി സജ്ജമാക്കിയിരിക്കുന്നത്. മുകളിലെ ഭാഗം പുറപ്പെടുന്ന യാത്രക്കാര്‍ക്കും ഉപയോഗിക്കാം. ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട് എന്ന നിലയിലാണ് വിമാനത്താവളത്തിന്റെ നിര്‍മ്മാണം. ഡിപ്പാര്‍ച്ചറിലെത്തുന്ന യാത്രക്കാരന് ഇവിടെയുള്ള സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ ടിക്കറ്റ് വെരിഫൈ തരുന്നതോടെ അകത്തേക്ക് പ്രവേശിക്കാം. സാധാരണ രീതിയില്‍ വിമാനത്താവളങ്ങളില്‍ ക്രമീകരിച്ചിട്ടുള്ളത് പോലെ തന്നെ എയര്‍ലൈന്‍സ് കമ്പനികളുടെ സഹായ കേന്ദ്രങ്ങളും പുറത്ത് സജ്ജമാക്കും.

സര്‍വീസ് നടത്താമെന്ന് എല്ലാ വിമാനക്കമ്പനികളും ഒരേസ്വരത്തില്‍ സമ്മതിച്ചതോടെ ആദ്യ വിമാനം ഒക്‌ടോബറില്‍ പറന്നുയരുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. ടാക്‌സി ട്രാക്കുള്‍പ്പെടെ എല്ലാം തയ്യാറായി. 2000 ഏക്കര്‍ സ്ഥലം, രണ്ടാം ഘട്ടത്തില്‍ 3050 മീറ്റര്‍ റണ്‍വെയെ 4000 മീറ്ററായി ഉയര്‍ത്തുന്നതോടെ രാജ്യത്തെ വലിയ നാലാമത്തെ വിമാനത്താവളമായി കണ്ണൂര്‍ എയര്‍പോര്‍ട്ട് മാറും. അത്യാധുനിക സൗകര്യങ്ങളുടെ കാര്യത്തില്‍ രാജ്യത്തെ ഏതു വിമാനത്താവളത്തോടും കിടപിടിക്കുന്ന സംവിധാനങ്ങള്‍. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സവിശേഷതകള്‍ അനവധിയാണ്. ടെര്‍മിനല്‍ ബില്‍ഡിങ് ആവശ്യാനുസരണം പിന്നീട് വികസിപ്പിക്കാവുന്നതാണെന്നതാണ് ഒന്നാമത്തേത്. ഇപ്പോള്‍ത്തന്നെ 10 ലക്ഷം ചതുരശ്ര അടിയാണ് ടെര്‍മിനലിന്റെ വിസ്തീര്‍ണം. മോഡുലാര്‍ എക്സ്റ്റന്‍ഷന്‍ സൗകര്യത്തിനായി കെട്ടിടത്തിന്റെ വലതുവശത്ത് സ്ഥലം നീക്കിവെച്ചിട്ടുണ്ട്.

ഗ്രീന്‍ ബില്‍ഡിങ് സങ്കല്‍പ്പത്തിലുണ്ടാക്കിയിട്ടുള്ള ടെര്‍മിനലില്‍ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കാനാകും. ബാഗേജ് അയക്കല്‍ സ്വയം ചെയ്യാവുന്ന സംവിധാനമാണ് മറ്റൊന്ന്. കൗണ്ടറുകള്‍ക്ക് മുമ്പില്‍ വരിനില്‍ക്കാതെ അതിനായുള്ള യന്ത്രത്തിന്മേല്‍ ബാഗ് സ്വയം വെക്കുകയും നിശ്ചിത ഭാരത്തിലധികമാണ് ഭാരമെങ്കില്‍ അധികമുള്ളത് എടുത്തുമാറ്റുകയോ യന്ത്രത്തില്‍ കാണിക്കുന്ന അധിക തുക അടയ്ക്കാന്‍ ക്രെഡിറ്റ് അഥവാ ഡെബിറ്റ് കാര്‍ഡോ യന്ത്രത്തില്‍ വെച്ചാല്‍ മതി. ഈ സംവിധാനം മറ്റു വിമാനത്താവളങ്ങളില്‍ ഇപ്പോള്‍ നിലവിലില്ല.

എയര്‍ ബസ് 380 വിഭാഗത്തില്‍പ്പെട്ട ഡബിള്‍ ഡെക്കര്‍ വിമാനങ്ങള്‍ക്കും ഇറങ്ങാന്‍ പറ്റുന്ന സൗകര്യമാണിവിടെയുള്ളത്. ഡബിള്‍ ഡെക്കറില്‍നിന്ന് ഇറങ്ങാനുള്‍പ്പെടെ സൗകര്യമുള്ള ആറ് അത്യാധുനിക എയറോബ്രിഡ്ജുകളാണിവിടെ സജ്ജമാക്കിയിട്ടുള്ളത്. വിമാനത്താവള ടെര്‍മിനലിനകത്ത് സജ്ജമാക്കുന്ന ഡേ ഹോട്ടലില്‍ 20 മുറികളാണുണ്ടാവുക. ഫുഡ് കോര്‍ട്ടും ഇവിടെ സജ്ജമാക്കും. 

96 ശതമാനത്തിലധികം നിര്‍മ്മാണ പൂര്‍ത്തീകരിച്ച വിമാനത്താവളത്തില്‍ അവസാനഘട്ട ഫിനിഷിംങ്ങ് വര്‍ക്കുകളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. 700 കാറും 200 ടാക്‌സിയും 25 ബസ്സുകള്‍ക്കും പാര്‍ക്ക് ചെയ്യാനുള്ള വിപുലമായ പാര്‍ക്കിംങ്ങ് സംവിധാനമാണ് ഇവിടെയുള്ളത്.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.