ബിഷപ്പിനെ ചോദ്യം ചെയ്യുന്നത് അതീവ സുരക്ഷയില്‍

Tuesday 18 September 2018 2:53 am IST
"കന്യാസ്ത്രീകളുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരാഹാരം അനുഷ്ഠിച്ച അലോഷ്യയെ ആശുപത്രിയിലേക്ക് മാറ്റുന്നു"

കോട്ടയം: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാന്‍ പോലീസ് തയാറെടുത്തു. ഇതിനായി നൂറിലധികം ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയ പ്രത്യേക ചോദ്യാവലി തയാറായി. കേസില്‍ പോലീസ് 95 സാക്ഷി മൊഴികളും നാല് തൊണ്ടിമുതലുമാണ് ശേഖരിച്ചത്. സുരക്ഷാ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ബിഷപ്പിനെ ചോദ്യം ചെയ്യുന്ന കേന്ദ്രം പോലീസ് തീരുമാനിച്ചിട്ടില്ല.

ബുധനാഴ്ച രാവിലെ 10ന് മുമ്പായി അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പിക്ക് മുന്നില്‍ ഹാജരാകാനാണ് നോട്ടീസില്‍ നിര്‍ദേശിച്ചിരിക്കുന്നത്. വൈക്കം ഡിവൈഎസ്പി ഓഫീസില്‍ നിന്ന് ബിഷപ്പിനെ ഏറ്റുമാനൂര്‍ ഹൈടെക് ചോദ്യം ചെയ്യല്‍ കേന്ദ്രത്തിലോ കോട്ടയം പോലീസ് ക്ലബിലോ എത്തിക്കുമെന്നാണ് സൂചന. 

മൂന്നു മാസമായി നടത്തിയ അന്വേഷണത്തിന് ശേഷം പോലീസ് 2,000 പേജുള്ള റിപ്പോര്‍ട്ടാണ് തയാറാക്കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ബിഷപ്പിനെ മൂന്നു ദിവസമെങ്കിലും ചോദ്യം ചെയ്‌തേക്കും. ബിഷപ്പ് ഹാജരാകുന്ന ദിവസം തന്നെ അറസ്റ്റിനുള്ള സാധ്യത കുറവാണെന്നാണ് പോലീസ് കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. ചോദ്യം ചെയ്യലിന് ശേഷം മാത്രമേ അറസ്റ്റ് തീരുമാനിക്കുകയുള്ളുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. നേരത്തേയുണ്ടായിരുന്ന മൊഴികളിലെ വൈരുധ്യം പരിഹരിച്ചെന്നും ബിഷപ്പിന്റെ അറസ്റ്റ് അനിവാര്യമാണെന്നുമാണ് ഉന്നത പോലീസ് കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം. ഇതിനിടയില്‍ ബിഷപ് മുന്‍കൂര്‍ ജാമ്യം തേടിയേക്കുമെന്ന സൂചനയുമുണ്ട്.

ജലന്ധറില്‍ രൂപതാ ആസ്ഥാനത്ത് അന്വേഷണ സംഘം എത്തിയപ്പോഴുണ്ടായ നാടകീയ സംഭവവികാസങ്ങളും മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ ആക്രമണവും കണക്കിലെടുത്താണ് ചോദ്യം ചെയ്യലിന് സുരക്ഷ ശക്തമാക്കുന്നത്. മാത്രമല്ല വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ബിഷപ്പിനെ അനുകൂലിക്കുന്നവര്‍ എത്തിയാല്‍ അത് ക്രമസമാധാന പ്രശ്‌നമായി വളര്‍ന്നേക്കുമെന്ന ആശങ്കയും പോലീസിനുണ്ട്. ഇതു സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം പോലീസിന് റിപ്പോര്‍ട്ട് നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.