മുന്‍‌കൂര്‍ ജാമ്യാപേക്ഷയുമായി ബിഷപ്പ് ഹൈക്കോടതിയില്‍

Tuesday 18 September 2018 8:32 am IST
രാവിലെ ഹര്‍ജി സമര്‍പ്പിച്ച്‌ ഉച്ചയ്ക്ക് ശേഷം ബെഞ്ചില്‍ കൊണ്ടുവരാനാണ് നീക്കം. ചോദ്യം ചെയ്യലിനായി അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ നാളെ ഹാജരാകാനാണ് ബിഷപ്പിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.

കൊച്ചി: കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഹര്‍ജിയില്‍ തീരുമാനമാകും വരെ അറസ്റ്റ് പാടില്ലെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. അറസ്റ്റിന് സാധ്യതയുണ്ടെന്ന നിയമോപദേശത്തിന്റെ പശ്ചാലത്തലത്തിലാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

ഹര്‍ജി ഉച്ചയ്ക്ക് ശേഷം ബെഞ്ചില്‍ കൊണ്ടുവരാനാണ് നീക്കം. ചോദ്യം ചെയ്യലിനായി അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ നാളെ ഹാജരാകാനാണ് ബിഷപ്പിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. അതേസമയം ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ടുകൊണ്ട് ജനകീയ ക്യാമ്പെയ്നും ആരംഭിച്ചു. ഫ്രാങ്കോയെ അറസ്റ്റ് ചെയ്യുക എന്ന് പ്രിന്റ് ചെയ്ത കാര്‍ഡില്‍ മുഖ്യമന്ത്രിയുടെ അഡ്രസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കാര്‍ഡില്‍ സ്വന്തം അഡ്രസ് എഴുതി മുഖ്യമന്ത്രിയെ പ്രതിഷേധം അറിയിക്കാം. 

ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി നിരവധി അഭിഭാഷകരും അധ്യാപകരും വീട്ടമ്മമാരും ഇന്നലെയെത്തി. 

കന്യാസ്ത്രീകള്‍ക്ക് പോലും സുരക്ഷിതത്വമില്ലാത്ത നാട്ടില്‍ സാധാരണക്കാര്‍ എങ്ങനെ സുരക്ഷിതരായിരിക്കും എന്ന ചോദ്യമാണ് സമരപ്പന്തലില്‍ ഉയര്‍ന്നുകേട്ടത്. മറ്റുള്ളവരെ പോലെ സമരം ഫലപ്രാപ്തിയില്‍ എത്തുന്നതിന് മുമ്പ് ഉപേക്ഷിച്ച് പോകരുതെന്ന അഭ്യര്‍ഥനയുമായാണ് ഒരു വീട്ടമ്മ സമരപ്പന്തലിലെത്തിയത്. 

കന്യാസ്ത്രീക്ക് നീതി കിട്ടുന്നതിനായി സമരപരിപാടികള്‍ ശക്തമാക്കാനാണ് സേവ് ഔര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സിലിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി കൊച്ചിയില്‍ പന്തംകൊളുത്തി പ്രകടനം നടത്തും. മറ്റ് ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.