ഗൃഹനാഥനെ കഞ്ചാവ് കേസില്‍ കുടുക്കിയ വൈദികന്‍ അറസ്റ്റില്‍

Tuesday 18 September 2018 2:34 pm IST
ചാപ്പക്കടവിലെ തോട്ടത്തില്‍ ജോസഫ് എന്നയാളുടെ സ്‌കൂട്ടറില്‍ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന് തെറ്റായ വിവരം നല്‍കി എക്‌സൈസ് സംഘത്തെക്കൊണ്ട് റെയ്ഡ് നടത്തിക്കാന്‍ ശ്രമിച്ച സംഭവത്തിലാണ് മൂന്നാം പ്രതിയായ വൈദികനെ ചൊവ്വാഴ്ച വൈകുന്നേരം തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.കൃഷ്ണകുമാറും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

തളിപ്പറമ്പ്: പീഡനക്കേസ് ഒതുക്കിത്തീര്‍ക്കാന്‍ വിസമ്മതിച്ച ഗൃഹനാഥനെ കഞ്ചാവ് കേസില്‍ കുടുക്കിയ സംഭവത്തില്‍ വൈദികന്‍ അറസ്റ്റില്‍. സെമിനാരിയില്‍ വെച്ച് പീഡിപ്പിച്ച വൈദികനെതിരെ പരാതി നല്‍കിയ വിരോധത്തിന് വൈദിക വിദ്യാര്‍ത്ഥിയുടെ കുടുംബത്തെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയായ ചന്ദനക്കാംപാറയിലെ ഫാ. ജയിംസ് വര്‍ഗീസ് തെക്കെ മുറിയില്‍ (43) ആണ് അറസ്റ്റിലായത്.  

2017 മെയ് 29 നായിരുന്നു കേസിനാസ്പദമായ സംഭവം. ചാപ്പക്കടവിലെ തോട്ടത്തില്‍ ജോസഫ് എന്നയാളുടെ സ്‌കൂട്ടറില്‍ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന് തെറ്റായ വിവരം നല്‍കി എക്‌സൈസ് സംഘത്തെക്കൊണ്ട് റെയ്ഡ് നടത്തിക്കാന്‍ ശ്രമിച്ച സംഭവത്തിലാണ് മൂന്നാം പ്രതിയായ വൈദികനെ ചൊവ്വാഴ്ച വൈകുന്നേരം തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.കൃഷ്ണകുമാറും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. 

ഇരിട്ടി പട്ടാരം ദൈവമാതാ സെമിനാരിയിലെ വിദ്യാര്‍ത്ഥിയായിരുന്ന മകനെ പീഡിപ്പിച്ചതുമായി പരാതി നല്‍കിയ വിരോധത്തിനാണ് ജോസഫിനെ കഞ്ചാവ് സ്‌കൂട്ടറില്‍ വച്ച് കേസില്‍ കുടുക്കാന്‍ ശ്രമിച്ചത്. പരാതി നല്‍കിയ കുടുംബം സ്വഭാവദൂഷ്യമുളളവരാണെന്ന് വരുത്തിതീര്‍ത്ത് തനിക്കെതിരെ നല്‍കിയ പരാതി വ്യാജമാണെന്ന് വരുത്തി തീര്‍ക്കുകയായിരുന്നു വൈദികന്റെ ലക്ഷ്യം. ജോസഫിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടറില്‍നിന്ന് 1.175 കിലോഗ്രാം കഞ്ചാവ് ശ്രീകണ്ഠപുരം എക്‌സൈസ് സംഘം കണ്ടെത്തിയിരുന്നു. കഞ്ചാവ് പിടിച്ചെടുത്തപ്പോള്‍ തങ്ങള്‍ നിരപരാധികളാണെന്നും ആരോ കെണിയില്‍ കുടുക്കിയതാണെന്നും ജോസഫും കുടുംബവും എക്‌സൈസ് അധികൃതരോട് പറഞ്ഞിരുന്നു. 

എക്‌സൈസിന് വിവരം നല്‍കിയ സിംകാര്‍ഡ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. സണ്ണിയെയും റോയിയേയും കേസില്‍ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത വൈദികനെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയനാക്കിയ ശേഷം തളിപ്പറമ്പ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.