ഹണി ട്രാപ്പ് കേസിലെ പ്രതിയായ യുവതി അറസ്റ്റില്‍

Tuesday 18 September 2018 6:57 pm IST

 

തളിപ്പറമ്പ്: നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത ഹണിട്രാപ്പ് സംഘത്തിലെ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്‌ഐ കെ.ദിനേശന്റെ നേതൃത്വത്തില്‍ കാസര്‍കോട്ടെ ആഡംബര ഫ്‌ളാറ്റില്‍ നിന്നാണ് യുവതി പിടിയിലായത്. 

കിടപ്പറരംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി പണം തട്ടിയെടുക്കുകയായിരുന്നു ഹണിട്രാപ്പ് സംഘത്തിന്റെ രീതി. കാസര്‍കോഡ് കുഡ്‌ലു കളിയങ്ങാട്ടെ മൈഥിലി ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന എം.ഹഷീദ എന്ന സമീറയെയാണ്(32) അറസ്റ്റ് ചെയ്തത്. ഈ കേസിലെ നാല് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കണ്ണൂര്‍ ജില്ലയിലും കാസര്‍കോടുമുള്ള നിരവധിപേരെ ഹണിട്രാപ്പില്‍ കുരുക്കി പ്രതികള്‍ ബ്ലാക്ക്‌മെയില്‍ചെയ്ത് പണം വാങ്ങിയതായി പോലീസ് കണ്ടെത്തിയിരുന്നു.

ഉന്നതന്‍മാരെ പെണ്‍കെണിയില്‍ കുടുക്കാനായി കൂട്ടുനിന്ന കുറ്റത്തിനാണ് ഹഷീദയെ പ്രതിചേര്‍ത്തിട്ടുള്ളത്. നിരവധി പേരെ ഈ യുവതിയോടൊപ്പം നിര്‍ത്തി ഫോട്ടോകളും വീഡിയോകളും പ്രതികള്‍ ചിത്രീകരിച്ചതായി തെളിഞ്ഞിട്ടുണ്ട്. ഇവരുടെ വലയില്‍ കുടുങ്ങിയ മാതമംഗലം സ്വദേശി മുസ്തഫക്കും വയനാട് സ്വദേശികളായ അബ്ദുള്ള, അന്‍വര്‍ എന്നിവരും ഇവര്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. 

ചുഴലിയിലെ കെ.പി.ഇര്‍ഷാദ്(20), കുറുമാത്തൂരിലെ കൊടിയില്‍ റുബൈസ്(22), ചൊറുക്കള വെള്ളാരംപാറയിലെ ടി.മുസ്തഫ(65), നെടിയേങ്ങ നെല്ലിക്കുന്നിലെ അമല്‍ദേവ്(21) എന്നിവരെയാണ് കഴിഞ്ഞ ആഗസ്ത് 24 ന് തളിപ്പറമ്പ് എസ്‌ഐ കെ.ദിനേശന്‍ അറസ്റ്റ് ചെയ്തത്. ചപ്പാരപ്പടവ് സ്വദേശികളുടെ വീഡിയോ ക്ലിപ്പ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്ത് ഒരുകോടി രൂപ വേണമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് ഇവര്‍ അറസ്റ്റിലായത്. തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ കെ.ജെ.വിനോയി, എസ്‌ഐ കെ.ദിനേശന്‍, ഡിവൈഎസ്പിയുടെ സ്‌ക്വാഡ് അംഗങ്ങളായ സുരേഷ് കക്കറ, കെ.വി.രമേശന്‍, സീനിയര്‍ സിപിഒ അബ്ദുള്‍റൗഫ് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.