പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയം: എം.എസ്.കുമാര്‍

Tuesday 18 September 2018 6:58 pm IST

 

കണ്ണൂര്‍: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമാണെന്ന് ബിജെപി സംസ്ഥാന വക്താവ് എം.എസ്.കുമാര്‍ പറഞ്ഞു. ദുരിതാശ്വാസ സഹായ വിതരണത്തിലെ വിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ജില്ലാ കമ്മറ്റി കണ്ണൂര്‍ കലക്‌ട്രേറ്റിന് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പ്രളയം പ്രകൃതി തന്നത് മാത്രമല്ല, സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടിന്റെ പരിണിത ഫലം കൂടിയാണ്. ഇനിയൊരു ദുരന്തമുണ്ടാകാതിരിക്കാന്‍ ഈ ദുരന്തഫലങ്ങള്‍ നമുക്ക് പാഠമാകണം. സങ്കീര്‍ണ്ണമായ ജനകീയ പ്രശ്‌നങ്ങളെ സര്‍ക്കാര്‍ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നും തരണം ചെയ്യുന്നുവെന്നും നോക്കിയാണ് ജനാധിപത്യത്തില്‍ സര്‍ക്കാരുകളെ വിലയിരുത്തുന്നത്. ഇങ്ങനെ നോക്കുമ്പോള്‍ പ്രതിസന്ധി തരണം ചെയ്യുന്ന കാര്യത്തില്‍ പിണറായി സര്‍ക്കാര്‍ നൂറു ശതമാനവും പരാജയമാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുകളെയെല്ലാം കേരളം അവഗണിക്കുകയായിരുന്നു. 

ഓഖി ദുരന്തത്തിലും സര്‍ക്കാര്‍ കേന്ദ്ര കാലാവസ്ഥ വിഭാഗത്തിന്റെ നിരീക്ഷണങ്ങളെ തള്ളിക്കളയുകയായിരുന്നു. മുന്നറിയിപ്പുകളെ മുന്‍കരുതലെടുക്കാതെ അവഗണിച്ചു. ഇപ്പോഴുണ്ടായ പ്രളയത്തേയും സമാനരീതിയിലാണ് സര്‍ക്കാര്‍ കൈകാര്യം ചെയ്തത്. സകല ചട്ടങ്ങളും ലംഘിച്ച് അര്‍ധരാത്രി ജനങ്ങള്‍ കിടന്നുറങ്ങുമ്പോള്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ 38 ഡാമുകളുടെ ഷട്ടറുകള്‍ സര്‍ക്കാര്‍ തുറന്നുവിട്ടു. കഴുത്തറ്റംവരെ മുങ്ങിയപ്പോള്‍ മാത്രമാണ് പലരും അപകടം അറിഞ്ഞത്. ഇതുവഴി കൊലപാതകമാണ് കേരള സര്‍ക്കാര്‍ നടത്തിയത്. ജനങ്ങളെ സര്‍ക്കാര്‍ പ്രളയജലത്തില്‍ മുക്കിക്കൊല്ലുകയായിരുന്നു. ദുരന്തം നടക്കുമ്പോള്‍പ്പോലും വേണ്ടരീതിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം നടത്താതെ കേന്ദ്രത്തെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്നു സര്‍ക്കാര്‍. 

സര്‍ക്കാര്‍ ചെയ്തതിനേക്കാള്‍ വലിയ സേവന പ്രവര്‍ത്തനമാണ് കേരള ജനത കൂട്ടായ്മയിലൂടെ ചെയ്തത്. കേന്ദ്രമാകട്ടെ പണത്തിനു പുറമേ പല രീതിയിലുളള സഹായങ്ങള്‍ സംസ്ഥാനത്തെ ദുരന്ത ബാധിതരെ സഹായിക്കാന്‍ ചെയ്തു. ആഭ്യന്തര മന്ത്രിയും പ്രധാനമന്ത്രിയുമുള്‍പ്പെടെയുളളവര്‍ പ്രളയ ദുരന്തം നേരിട്ട് കണ്ട് ജനങ്ങളെ സമാശ്വസിപ്പിച്ചു. എന്നാല്‍ പണം മതിയെന്ന അത്യാര്‍ത്തി കാരണം കേന്ദ്രത്തെ പഴിചാരുകയായിരുന്നു സംസ്ഥാന സര്‍ക്കാരും മന്ത്രിമാരും. അതിനാലാണ് പണം പോരാ പോരാ എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാര്‍ ഓരോരുത്തരും നഷ്ടം സംബന്ധിച്ച് പരസ്പരവിരുദ്ധമായ കണക്കുകള്‍ പറഞ്ഞു. ഒടുവില്‍ 15 ദിവസം പണിയെടുത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നടത്തിയ കണക്കെടുപ്പില്‍ കേവലം 4793 കോടി മാത്രമാണ് നഷ്ടമെന്ന് കണ്ടെത്തി കേന്ദ്രത്തിന് റിപ്പോര്‍ട്ട് കൊടുത്തിരിക്കുകകയാണ്. 

സര്‍ക്കാര്‍ പ്രഖ്യാപിച്ച പതിനായിരം രൂപ ലഭിക്കാത്ത എത്രയോ ദുരിതബാധിതര്‍ ഇപ്പോഴും കേരളത്തിലുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കിട്ടുന്ന പണം അര്‍ഹരായ ദുരിത ബാധിതരുടെ കൈകളിലെത്തുന്നുവെന്ന് ഉറപ്പ് വരുത്തണം. വഴിവിട്ട് ചെലവഴിക്കാന്‍ പാടില്ല. ഒരു ഇടത് രാഷ്ട്രീയ നേതാവിനും ഹരിയാനയില്‍ കൊല്ലപ്പെട്ട ഒരു കുടുംബത്തിനും യാതൊരു മാനദണ്ഡവുമില്ലാതെ സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയില്‍ നിന്നും പത്തും ഇരുപത്തിയഞ്ചും ലക്ഷം രൂപ കൊടുത്ത സര്‍ക്കാരാണ് ഇവിടെയുളളത്. അതുകൊണ്ടു തന്നെ പ്രളയ ദുരിതാശ്വാസത്തിന്റെ ഫണ്ട് സുതാര്യമായിരിക്കണമെന്നും ഇത് എത്തേണ്ടവിരല്‍ രാഷ്ട്രീയ വിവേചനമില്ലാതെ ലഭ്യമാകുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണം. അല്ലാത്തപക്ഷം ഇതിലും വലിയ പ്രക്ഷോഭങ്ങള്‍ ബിജെപിക്ക് നടത്തേണ്ടി വരുമെന്നും എം.എസ്.കുമാര്‍ പറഞ്ഞു. 

അപ്രതീക്ഷിതമായി വന്നുപെട്ട പ്രളയദുരന്തത്തില്‍ എല്ലാം മറന്ന് ഒറ്റക്കെട്ടായി സഹകരിക്കാന്‍ തയ്യാറായിരുന്നു ബിജെപി. ഒരവസരത്തിലും സംസ്ഥാന സര്‍ക്കാരിനെ ബിജെപി വിമര്‍ശിച്ചിരുന്നില്ല. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നിന്നു. എന്നാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വിവേചനം കാണിച്ചതോടെയാണ് ബിജെപിക്ക് ഇത്തരമൊരു പ്രക്ഷോഭത്തിലിറങ്ങേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് അധ്യക്ഷത വഹിച്ചു. ദേശീയ സമിതിയംഗം പ.കെ.വേലായുധന്‍, സംസ്ഥാന സെല്‍ കോഡിനേറ്റര്‍ കെ.രഞ്ചിത്ത്, എ.പി.ഗംഗാധരന്‍, വ.വി.ചന്ദ്രന്‍, എ.ദാമോദരന്‍, കെ.രാധാകൃഷ്ണന്‍, എ.ഒ.രാമചന്ദ്രന്‍, എന.ഹരിദാസ്,ബിജു ഏളക്കുഴി, കെ.പി.അരുണ്‍, എന്‍.രതി, വിജയന്‍ വട്ടിപ്രം, കെ.ജയപ്രകാശ്, എം.കാര്‍ത്തിക, വി.പി.ബാലന്‍ മാസ്റ്റര്‍, സി.സി.രതീഷ്, ആര്‍.കെ.ഗിരിധരന്‍, പ്രഭാകരന്‍ കടന്നപ്പളളി എന്നിവര്‍ സംബന്ധിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍ സ്വാഗതവും ജില്ലാ സെക്രട്ടറി വി.പി.സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.