ന്യൂദല്‍ഹി: രാജ്യത്തെ തൊഴിലാളികള്‍ക്ക് വന്‍ നേട്ടങ്ങളുണ്ടാക്കി ഇഎസ്ഐ കോര്‍പ്പറേഷന്റെ മൂന്ന് തീരുമാനങ്ങള്‍. കോര്‍പ്പറേഷന്റെ 175 ാമത് യോഗത്തിലാണ് തീരുമാനം. തൊഴില്‍ മന്ത്രി സന്തോഷ് ഗാങ്വാര് അധ്യക്ഷത വഹിച്ചു.
അടല്‍ ബീമാ വ്യക്തി കല്യാണ്‍ യോജന എന്ന പുതിയ പദ്ധതി കോര്പ്പറേഷന് അവതരിപ്പിച്ചു. ഇനിമുതല്‍, ഒരു സ്ഥാപനത്തില്‍ രണ്ടു വര്‍ഷമെങ്കിലും ജോലിചെ്യത ഇഎസ്ഐ അംഗത്വമുള്ളവര്‍ക്ക് വേറൊരു തൊഴില്‍ നേടുന്നതിനിടെ മൂന്നു മാസം കോര്പ്പറേഷന് തൊഴിലില്ലായ്മ ധന സഹായം നല്‍കും. ജോലി ചെയ്ത സ്ഥാപനത്തിലെ അവസാന ആറു മാസ ശമ്പളത്തിന്റെ 25 ശതമാനം മൂന്നു മാസം തൊഴിലാളിക്ക് ലഭ്യമാക്കും.
ഇഎസ്ഐ അംഗമായ തൊഴിലാളിക്ക് സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രികളില്‍ ചികിത്സ കിട്ടാന്‍ കുറഞ്ഞത് രണ്ടുവര്‍ഷം ജോലി ചെയ്തിരിക്കണമെന്ന വ്യവസ്ഥ ഉണ്ടായിരുന്നു. ഇത് ആറു മാസമായി കുറച്ചു. 78 ദിവസത്തെ ഹാജര്‍ ഉണ്ടാവണം.
ഇഎസ്ഐ അംഗം മരിച്ചാല്‍ സംസ്കാര കര്‍മങ്ങള്‍ക്ക് 10,000 രൂപയുടെ സഹായം കോര്പ്പറേഷന് നല്‍കുന്നത് അമ്പതു ശതമാനം വര്‍ധിപ്പിച്ച് 15,000 രൂപയാക്കി.
ബിഎംഎസ് ഉയര്‍ത്തിയ ആവശ്യങ്ങളാണ് കോര്പ്പറേഷന് അംഗീകരിച്ച് നടപ്പാക്കാന്‍ നിശ്ചയിച്ചതെന്ന് ഇഎസ്ഐ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം വി. രാധാകൃഷ്ണന് (ബിഎംഎസ്) അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: