സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമായി ജിഎസ്ടി അസി. കമ്മീഷണറുടെ ഉത്തരവ്

Wednesday 19 September 2018 1:03 am IST

തിരുവനന്തപുരം : സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിന് വിരുദ്ധമായി സാലറി ചാലഞ്ചുമായി  സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ ഉത്തരവ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ വിമുഖതയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ 22 നകം വിസമ്മതം അറിയിക്കണമെന്നാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ്. എന്നാല്‍ ജിഎസ്ടി വകുപ്പിലെ അസി.കമ്മീഷണര്‍ കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് അഞ്ചിനകം സമ്മതമല്ലാത്തവര്‍ അറിയിക്കണമെന്നാണ് നോട്ടീസ് പുറപ്പെടുവിച്ചത്. സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെ ഇങ്ങനെയൊരു നോട്ടീസ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

 എന്നാല്‍ വിവിധ സംഘടനകളും വ്യക്തികളും സര്‍ക്കാരിന്റെ നിര്‍ബന്ധ പിരിവിനെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതി വിധി തിരിച്ചടിയാവുമെന്ന് ഭയന്ന് യൂണിയന്‍ നേതാക്കളുടെ താല്‍പ്പര്യപ്രകാരമാണ് ഇത്തരമൊരു നോട്ടീസെന്ന് പറയുന്നു. സാലറി ചാലഞ്ചില്‍ പ്രതിഷേധിച്ച വികലാംഗയെ സ്ഥലംമാറ്റുമെന്ന് നേതാക്കള്‍ ഭീഷണിപ്പെടുത്തിയത് വിവാദമായിരുന്നു. രാവിലെ പഞ്ച് ചെയ്തശേഷം, ജീവനക്കാരെ നിര്‍ബന്ധപിരിവിന് വിധേയരാക്കാന്‍ പോകുന്ന നേതാക്കള്‍ വൈകിട്ട് വന്ന് പഞ്ച് ചെയ്ത് മടങ്ങുകയാണ് പതിവ്. നോട്ടീസ് ഇറക്കിയ ഉദ്യോഗസ്ഥയാണ് സംസ്ഥാനതലത്തില്‍ ജീവനക്കാരുടെ സ്ഥലംമാറ്റ, അച്ചടക്കനടപടികള്‍ സംബന്ധിച്ച ഫയലുകള്‍ കൈകാര്യം ചെയ്യുന്നതെന്നും ശ്രദ്ധേയമാണ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.