ഒരു അയല്‍ക്കൂട്ടത്തിന് പത്തു ലക്ഷം മാത്രം; ഒരു ലക്ഷം വായ്പയില്‍ സര്‍വത്ര തട്ടിപ്പ്

Wednesday 19 September 2018 1:04 am IST
നിലവില്‍ ഒരു അയല്‍ക്കൂട്ടത്തില്‍ 15 മുതല്‍ 20 വരെ അംഗങ്ങളാണുള്ളത്. ഈ സാഹചര്യത്തില്‍ ഒരാള്‍ക്ക് ഒരു ലക്ഷം രൂപ ലഭിക്കാന്‍ സാധ്യതയില്ല. കൂടാതെ കുടുംബശ്രീ അംഗങ്ങളായ സ്ത്രീകള്‍ക്ക് മാത്രമെ സഹായം ലഭിക്കുകയുള്ളു എന്ന നിബന്ധനയും ദുരിതബാധിതര്‍ക്ക് തിരിച്ചടിയായി.

ആലപ്പുഴ: പ്രളയദുരിതബാധിതര്‍ക്ക് ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതിനായി കുടുംബശ്രീ മുഖേന ഒരു ലക്ഷം രൂപ നല്‍കുമെന്ന പ്രഖ്യാപനം കബളിപ്പിക്കലായി മാറി. കുടുംബശ്രീയില്‍ അംഗത്വമുള്ള വ്യക്തിക്ക് ഒരു ലക്ഷം രൂപ അനുവദിക്കുമെന്നായിരുന്നു നേരത്തെ ധനമന്ത്രി അറിയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇറങ്ങിയിരിക്കുന്ന ഉത്തരവില്‍ പറയുന്നത് കുടുംബശ്രീയിലെ ഒരു അയല്‍ക്കൂട്ടത്തിന് പരമാവധി പത്തു ലക്ഷം രൂപ മാത്രമെ അനുവദിക്കാന്‍ കഴിയുകയുള്ളൂ എന്നാണ്. 

 നിലവില്‍ ഒരു അയല്‍ക്കൂട്ടത്തില്‍ 15 മുതല്‍ 20 വരെ അംഗങ്ങളാണുള്ളത്. ഈ സാഹചര്യത്തില്‍ ഒരാള്‍ക്ക് ഒരു ലക്ഷം രൂപ ലഭിക്കാന്‍ സാധ്യതയില്ല. കൂടാതെ കുടുംബശ്രീ അംഗങ്ങളായ സ്ത്രീകള്‍ക്ക് മാത്രമെ സഹായം ലഭിക്കുകയുള്ളു എന്ന നിബന്ധനയും ദുരിതബാധിതര്‍ക്ക് തിരിച്ചടിയായി. കുടുംബശ്രീയുടേതല്ലാത്ത സര്‍വീസ് സഹകരണസംഘങ്ങള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങി മറ്റ് അയല്‍ക്കൂട്ട പ്രസ്ഥാനങ്ങളില്‍ അംഗങ്ങളായവര്‍ വായ്പയ്ക്കായി മാത്രം കുടുംബശ്രീയില്‍ അംഗത്വമെടുക്കേണ്ട ഗതികേടാണുള്ളത്. പലരും ഇതിനകം തന്നെ ഒന്നിലേറെ സ്വാശ്രയ സംഘങ്ങളില്‍ അംഗങ്ങളാണ്. കൂടാതെ സ്ത്രീകള്‍ ഇല്ലാത്ത കുടുംബങ്ങള്‍ വായ്പയ്ക്കായി എന്തു ചെയ്യണമെന്നതിനും വ്യക്തതയില്ല.

  കുടുംബശ്രീ സംവിധാനം നിലവില്‍ സിപിഎമ്മിന്റെ പോഷകസംഘടനയെന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. ഏതാനും മാസങ്ങള്‍ മുന്‍പ് നടന്ന കുടുംബശ്രീ എഡിഎസ്, സിഡിഎസ് ഭരണനേതൃത്വം സര്‍ക്കാരിന്റെ സ്വാധീനത്തില്‍ സിപിഎം പിടിച്ചെടുക്കുകയായിരുന്നു. റിസര്‍ജന്റ് കേരള ലോണ്‍ സ്‌കീം (ആര്‍കെഎല്‍എസ്) എന്ന പേരിലാണ് സര്‍ക്കാര്‍ വായ്പാ പദ്ധതി നടപ്പാക്കിയിരിക്കുന്നത്.  വായ്പ അനുവദിക്കുന്നതിന്റെ എല്ലാ ഘട്ടങ്ങളിലും സിഡിഎസിന്റെയും, എഡിഎസിന്റെയും, ജില്ലാ മിഷന്റെയും മേല്‍നോട്ടം വേണമെന്ന് കുടുംബശ്രീ മിഷന്‍ ഇതുസംബന്ധിച്ച് ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ചുരുക്കത്തില്‍ പ്രാദേശിക സിപിഎം നേതാക്കളുടെ ശുപാര്‍ശയുണ്ടെങ്കില്‍ മാത്രമെ ഈ വായ്പ ലഭ്യമാകുകയുള്ളൂ എന്ന് സാരം. 

  36 മാസം മുതല്‍ 48 മാസം വരെ തിരിച്ചടവു കാലാവധിയുള്ള വായ്പയുടെ ഒന്‍പത് ശതമാനം പലിശ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് നല്‍കുമെന്നാണ് അറിയിപ്പ്. ബാങ്ക് മോറട്ടോറിയം അനുവദിക്കുമെങ്കിലും വായ്പ ലഭ്യമായ അടുത്തമാസം മുതല്‍ വായ്പ തിരിച്ചടവ് ഗുണഭോക്താവ് അയല്‍ക്കൂട്ടത്തിന് നല്‍കുന്നുണ്ടെന്ന് കുടുംബശ്രീ മിഷന്‍ ഉറപ്പ് വരുത്തണമെന്നും ഉത്തരവില്‍ പറയുന്നു. നിലവില്‍ പ്രളയ ദുരിതാശ്വാസത്തിന് പതിനായിരം രൂപയുടെ അടിയന്തര സര്‍ക്കാര്‍ സഹായം ലഭിച്ച കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് മാത്രമെ കുടുംബശ്രീ വായ്പ അനുവദിക്കുകയുള്ളൂ.

 വായ്പ തുക തിരിച്ചടയ്ക്കാനുള്ള പ്രാപ്തി വിലയിരുത്തി ഒരോ വ്യക്തിക്കും അനുവദിക്കാവുന്ന തുക എത്രയെന്ന് കണ്ടെത്തേണ്ട ചുമതലയും അയല്‍ക്കൂട്ടങ്ങള്‍ക്കും നല്‍കിയിരിക്കുകയാണ്. പ്രളയക്കെടുതിയില്‍പ്പെട്ട മുഴുവന്‍ കുടുംബങ്ങള്‍ക്കും അവശ്യസാധനങ്ങള്‍ വാങ്ങാന്‍ ഒരു ലക്ഷം രൂപ നല്‍കുമെന്ന വാഗ്ദാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. പണം എത്ര നല്‍കണമെന്ന് തീരുമാനിക്കാനുള്ള അധികാരം കുടുംബശ്രീക്ക് നല്‍കിയതോടെ പദ്ധതി നടത്തിപ്പില്‍ രാഷ്ട്രീയ ഇടപെടലുകളും ഉറപ്പായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.