മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ആദ്യ ഗ്രൂപ്പ് മത്സരത്തിനായി നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ്, കരുത്തരായ ബയേണ്‍ മ്യൂണിക്ക്, യുവന്റസ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി ടീമുകള്‍ ഇന്ന് കളത്തിലെത്തും.
ഗ്രൂപ്പ് ഇയിലെ മത്സരത്തില്‍ റയലിന് എതിരാളികള്‍ സീരി എ ടീം റോമയാണ്. ഈ സീസണില്‍ ഇറ്റാലിയന്‍ ലീഗില്‍ മോശം പ്രകടനമാണ് റോമയുടേത്. കളിച്ച നാല് കളികളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് ജയിക്കാനായത്. റയലാകട്ടെ സ്പാനിഷ് ലീഗില്‍ ബാഴ്സക്ക് പിന്നില്‍ രണ്ടാം സ്ഥാനത്ത്. നാല് കളികളില്‍ മൂന്നും ജയിച്ചു. കഴിഞ്ഞ കളിയില്‍ അത്ലറ്റികോ ബില്‍ബാവോയോട് സമനില പാലിച്ചു. സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ റയല്‍ വിട്ട് യുവന്റസിലേക്ക് ചേക്കേറിയെങ്കിലും കരിം ബെന്‍സേമ, ഗരെത്ത് ബെയ്ല് തുടങ്ങിയ സൂപ്പര്‍താരങ്ങളുടെ കരുത്തിലാണ് റയലിന്റെ ആത്മവിശ്വാസം. സാന്റിയാഗോ ബെര്‍ണാബ്യുവില്‍ നടക്കുന്ന പോരാട്ടത്തില്‍ വിജയത്തോടെ തുടക്കം കുറിക്കാമെന്ന പ്രതീക്ഷയിലാണ് റയല്‍ അധികൃതര്‍. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സിഎസ്കെഎ മോസ്കോ വിക്ടോറിയ പ്ലസനുമായി ഏറ്റുമുട്ടും.
ഗ്രൂപ്പ് എച്ചില് ക്രിസ്റ്റിയാനോയുടെ ചുമലിലേറി വരുന്ന യുവന്റസിന് എവേ മത്സരത്തില്‍ സ്പാനിഷ് ക്ലബ് വലന്‍സിയയാണ് എതിരാളികള്‍. സീരി എയുടെ തുടക്കത്തില്‍ ഗോള്‍ കണ്ടെത്താന്‍ കഴിയാതെ വിഷമിച്ച ക്രിസ്റ്റിയനോ കഴിഞ്ഞ കൡയില്‍ സാസ്സുലോക്കെതിരെ രണ്ട് ഗോളടിച്ച് ഫോമിലേക്ക് തിരിച്ചെത്തിയിടുണ്ട്. മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എവേ പോരാട്ടത്തില്‍ യങ് ബോയ്സുമായി കളിക്കും.
ഗ്രൂപ്പ് എഫില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് സ്വന്തം തട്ടകത്തില്‍ ഫ്രഞ്ച് ക്ലബ് ലിയോണാണ് എതിരാളികള്‍. ഗ്രൂപ്പ് ഇയില്‍ ബയേണിന് എവേ മത്സരത്തില്‍ എതിരാളികള്‍ ബെനഫിക്കയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: