സിപിഎമ്മിനും സര്‍ക്കാരിനും തിരിച്ചടി

Wednesday 19 September 2018 1:33 am IST
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സിപിഎം മാണിക്കെതിരെ കടുത്ത നിലപാടാണ് എടുത്തിരുന്നത്. ബാറുകള്‍ തുറക്കാന്‍ മാണി കോഴ വാങ്ങിയെന്ന് പറഞ്ഞ് നിയമസഭയില്‍ സിപിഎം അക്രമം അഴിച്ചുവിട്ടു. ബജറ്റവതരിപ്പിക്കാന്‍ മാണിയെ സഭയ്ക്കുള്ളില്‍ കയറ്റില്ലെന്നു ആക്രോശിച്ച സഖാക്കള്‍ അന്ന് നിയമസഭയില്‍ താണ്ഡവമാടി.

തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ കെ.എം. മാണിയെ കുറ്റവിമുക്തനാക്കുന്ന  വിജി. റിപ്പോര്‍ട്ട് കോടതി തള്ളിയത്  സിപിഎമ്മിനും സര്‍ക്കാരിനും കനത്ത തിരിച്ചടി. മാണി കുറ്റക്കാരനാണെന്ന നിലപാട് എടുത്ത സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കെ.പി. സതീശനെ പുറത്താക്കി, പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചാണ് ഇടതു സര്‍ക്കാര്‍ മാണിയെ വെള്ളപൂശുന്ന റിപ്പോര്‍ട്ട് ഉണ്ടാക്കിച്ചെടുത്തത്. അതാണ് കോടതി തള്ളിയത്.

യുഡിഎഫുമായി ഇടഞ്ഞ മാണിയെ ചെങ്ങന്നൂര്‍ ഉപതെരെഞ്ഞെടുപ്പിലടക്കം ഒപ്പം കൂട്ടാമെന്നും ഇടതു മുന്നണിയില്‍ ചേര്‍ക്കാമെന്നും കരുതിയാണ് പിണറായി സര്‍ക്കാര്‍ വിജിലന്‍സിനെക്കൊണ്ട് മാണിക്ക് ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിച്ചത്.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സിപിഎം മാണിക്കെതിരെ കടുത്ത നിലപാടാണ് എടുത്തിരുന്നത്. ബാറുകള്‍ തുറക്കാന്‍ മാണി കോഴ വാങ്ങിയെന്ന് പറഞ്ഞ് നിയമസഭയില്‍ സിപിഎം അക്രമം അഴിച്ചുവിട്ടു. ബജറ്റവതരിപ്പിക്കാന്‍ മാണിയെ സഭയ്ക്കുള്ളില്‍ കയറ്റില്ലെന്നു ആക്രോശിച്ച സഖാക്കള്‍ അന്ന് നിയമസഭയില്‍ താണ്ഡവമാടി. അധികാരത്തില്‍ എത്തിയ ശേഷം വിജിലന്‍സ് തലപ്പത്ത് ജേക്കബ് തോമസിനെ എത്തിച്ചു. തുടര്‍ന്ന് ബാര്‍ക്കോഴ കേസില്‍ നിര്‍ണായക തെളിവുണ്ടെന്ന് വിജിലന്‍സ് ഡയറക്ടര്‍ കോടതിയെ അറിയിച്ച് അന്വേഷണവും പുനരാരംഭിച്ചു. പിന്നീടാണ് മലക്കം മറിഞ്ഞത്. 

പിണറായി സര്‍ക്കാരിന്റെ ഒന്നാം നിയമസഭാ സമ്മേളനം കഴിഞ്ഞാണ് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും മാണിയുടെ കുരുക്കില്‍ വീണത്. മാണിയുടെ കേരള കോണ്‍ഗ്രസ് സഭയ്ക്കുള്ളില്‍ പ്രത്യേക ബ്ലോക്കാകാന്‍ തീരുമാനിച്ചു. യുഡിഎഫ് വിടുന്നുവെന്നും പ്രഖ്യാപിച്ചു. ഇതോടെയാണ് മാണിയെ കൂടെക്കൂട്ടാന്‍ സിപിഎം ശ്രമം തുടങ്ങിയത്. നിര്‍ണായക തെളിവുകള്‍ ശേഖരിച്ചുവരവെ വിജി. മേധാവി ജേക്കബ് തോമസിനെ മാണിക്കുവേണ്ടി പിണറായി കൂട്ടിലടച്ചു. മാണി എല്‍ഡിഎഫിലേക്ക് വരുന്നുവെന്ന് അറിഞ്ഞ സിപിഐയും എതിര്‍പ്പുന്നയിച്ചു. ക്രമേണ മാണി സിപിഎമ്മിന് വിശുദ്ധനായി.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മാണിയെക്കൂട്ടാന്‍ കളിച്ചു,  ബാര്‍ക്കോഴക്കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റി. അന്വേഷണവും വാദവും അട്ടിമറിച്ചു. താന്‍ സുരക്ഷിതനാണെന്ന് വന്നതോടെ മാണി സിപിഎമ്മിനെ തള്ളി തങ്ങള്‍ യുഡിഎഫിനൊപ്പം എന്ന് വ്യക്തമാക്കി. അതോടെ കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും സിപിഎമ്മും വെട്ടിലായി. മാണിയെ രക്ഷിക്കാന്‍ അന്ന് ഉണ്ടാക്കിച്ച റിപ്പോര്‍ട്ടാണ് ഇപ്പോള്‍ കോടതി തള്ളിയത്. 

കോടതി പുനരന്വേഷണത്തിന് സര്‍ക്കാരിന്റെ അഭിപ്രായം തേടിയിരിക്കുകയാണ്. ആദ്യം കുറ്റക്കാരനെന്നും പിന്നീട് അല്ലെന്നും പറഞ്ഞ പിണറായി സര്‍ക്കാരും കോടിയേരിയും ഇപ്പോള്‍ കോടതി വിധിയെ അനുകൂലിക്കുന്നു. സര്‍ക്കാരിനും പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും മുഖം നഷ്ടപ്പെട്ട അവസ്ഥയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.