ആശാവര്‍ക്കര്‍മാരുടെയും അങ്കണവാടി ജീവനക്കാരുടെയും ശമ്പള വര്‍ധനക്ക് മന്ത്രിസഭയുടെ അംഗീകാരം

Thursday 20 September 2018 2:39 am IST

ന്യൂദല്‍ഹി: ആശാവര്‍ക്കര്‍മാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും ആനുകൂല്യ വര്‍ധനയും  നല്‍കുന്ന പാക്കേജിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി അംഗീകാരം നല്‍കി. ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ ആശാവര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം നല്‍കി വന്നിരുന്ന ആനുകൂല്യം 1000 രൂപയില്‍ നിന്ന് 2000 രൂപയായി വര്‍ധിപ്പിച്ചു. അടുത്ത മാസം മുതല്‍ പ്രാബല്യത്തില്‍ വരും. 10,22265 ആശാവര്‍ക്കര്‍മാര്‍ക്ക് പ്രയോജനം ലഭിക്കും.

ആശാവര്‍ക്കര്‍മാര്‍, ആശാ ഫെസിലിറ്റേറ്റര്‍മാര്‍ എന്നിവര്‍ക്ക് പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബിമാ യോജന (അപകട ഇന്‍ഷുറന്‍സ്), പ്രധാനമന്ത്രി സുരക്ഷാ ബിമാ യോജന (ലൈഫ് ഇന്‍ഷുറന്‍സ്) എന്നിവയുടെ  പരിരക്ഷ ലഭ്യമാകും. ഒരുവര്‍ഷത്തേക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാകുക. വാര്‍ഷിക പ്രീമിയം കേന്ദ്രം അടയ്ക്കും. 2019 ഒക്ടോബര്‍ 30 ഓടെ മുഴുവന്‍ ആശാവര്‍ക്കര്‍മാരെയും ഫെസിലിറ്റേറ്റര്‍മാരെയും പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബിമാ യോജന, പ്രധാനമന്ത്രി സുരക്ഷാ ബിമാ യോജന എന്നിവയുടെ പരിധിയില്‍കൊണ്ടുവരും.

അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും ഓണറേറിയം വര്‍ധിപ്പിക്കാനും അനുമതിയായി. അടുത്ത മാസം ഒന്നു  മുതല്‍ പ്രാബല്യത്തില്‍വരും. 

അങ്കണവാടി വര്‍ക്കര്‍മാരുടെ ഓണറേറിയം പ്രതിമാസം 3000 രൂപയായിരുന്നത് 4500 രൂപയായാണ് വര്‍ധിപ്പിച്ചത്. മിനി അങ്കണവാടികളിലെ വര്‍ക്കര്‍മാരുടെ ഓണറേറിയം 2250 രൂപയില്‍നിന്ന് 3500 രൂപയായും അങ്കണവാടികളിലെ ഹെല്‍പ്പര്‍മാരുടെത് 1500 രൂപയില്‍ നിന്ന് 2,250 രൂപയായും വര്‍ധിപ്പിച്ചു. അങ്കണവാടികളിലെ ഹെല്‍പ്പര്‍മാര്‍ക്ക് 250 രൂപ പെര്‍ഫോമന്‍സ് ലിങ്ക്ഡ് ആനുകൂല്യം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.