കൊച്ചി: കന്യാസ്ത്രീക്കെതിരെ നടത്തിയ മോശം പരാമര്‍ശത്തിന്റെ പേരില്‍ നേരിട്ട് ഹാജരാകാന്‍ ദേശീയ വനിതാ കമ്മിഷന് നല്കിയ നോട്ടീസിനെതിരെ സമര്‍പ്പിച്ച ഹര്‍ജി പി.സി. ജോര്‍ജ് പിന്‍വലിച്ചു. കമ്മിഷന് മുമ്പാകെ ഹാജരായി വിശദീകരണം നല്‍കിയശേഷം ഹര്‍ജി പരിഗണിക്കാമെന്ന നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചത്. തുടര്‍ന്നാണ് ഹര്‍ജി പിന്‍വലിച്ചത്.
ബിഷപ്പിന്റെ പീഡനത്തിനിരയായ കന്യാസ്ത്രീക്കും ഇവര്‍ക്കൊപ്പമുള്ള മറ്റു കന്യാസ്ത്രീകള്‍ക്കുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് ദേശീയ വനിതാ കമ്മിഷന് നോട്ടീസ് നല്‍കിയത്. സപ്തംബര്‍ 20നാണ് ഹാജരാകേണ്ടത്. തനിക്ക് 17നാണ് നോട്ടീസ് ലഭിച്ചതെന്നും ചുരുങ്ങിയ സമയത്തിനുള്ളില്‍ നേരിട്ട് ഹാജരാകാന്‍ ബുദ്ധിമുട്ടുണ്ടെന്നും പി.സി. ജോര്‍ജ് ചൂണ്ടിക്കാട്ടിയിരുന്നു.
തനിക്കെതിരെ കമ്മിഷന് നല്കിയ നോട്ടീസ് റദ്ദാക്കണം, നേരിട്ട് ഹാജരാകണമെന്ന നിര്‍ദേശം ഒഴിവാക്കണം, ഇതല്ലെങ്കില്‍ കേരളത്തില്‍ ക്യാമ്പ് സിറ്റിംഗ് നടത്തി തന്റെ വിശദീകരണം കേള്‍ക്കണം എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് പി.സി. ജോര്‍ജ് ഉന്നയിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: