അനധികൃത ബോര്‍ഡുകള്‍ ഉടന്‍ നീക്കണം: ഹൈക്കോടതി

Friday 21 September 2018 1:06 am IST
തദ്ദേശ സ്ഥാപനങ്ങള്‍ പരസ്യ ബോര്‍ഡുകള്‍ക്ക് അനുമതി നല്‍കുമ്പോള്‍ എവിടെ സ്ഥാപിക്കാമെന്ന് വ്യക്തമാക്കണം. ബോര്‍ഡ് വച്ചതിന്റെ ലക്ഷ്യം നിറവേറിക്കഴിഞ്ഞാല്‍ നീക്കം ചെയ്യാന്‍ വ്യവസ്ഥ വേണം. ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍ ഇതു നീക്കം ചെയ്യണം. ഇതിനായി ബോണ്ട് എഴുതി വാങ്ങാം. റോഡിനും ഫുട്പാത്തിനുമിടയില്‍ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കരുത്.

കൊച്ചി: പൊതുസ്ഥലങ്ങളിലെ അനധികൃത പരസ്യ-ഫ്ളക്സ് ബോര്‍ഡുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നീക്കണമെന്നും തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇതിനായി ഉത്തരവുകള്‍ നല്‍കണമെന്നും ഹൈക്കോടതി. 

തദ്ദേശ സ്ഥാപനങ്ങള്‍ പരസ്യ ബോര്‍ഡുകള്‍ക്ക് അനുമതി നല്‍കുമ്പോള്‍ എവിടെ സ്ഥാപിക്കാമെന്ന് വ്യക്തമാക്കണം. ബോര്‍ഡ് വച്ചതിന്റെ ലക്ഷ്യം നിറവേറിക്കഴിഞ്ഞാല്‍ നീക്കം ചെയ്യാന്‍ വ്യവസ്ഥ വേണം. ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍ ഇതു നീക്കം ചെയ്യണം. ഇതിനായി ബോണ്ട് എഴുതി വാങ്ങാം. റോഡിനും ഫുട്പാത്തിനുമിടയില്‍ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കരുത്. 

റോഡരുകിലോ കാല്‍നട യാത്രക്കാരും വാഹനയാത്രക്കാരും ഉപയോഗിക്കുന്ന പൊതുസ്ഥലങ്ങളിലോ ബോര്‍ഡുകള്‍ പാടില്ല. ഇതിന് വിരുദ്ധമായി ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കും വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും നിയമാനുസൃതം നടപടിയെടുക്കാം. നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോയെന്ന് ചീഫ് സെക്രട്ടറി ഉറപ്പാക്കണമെന്നും ഇടക്കാല ഉത്തരവില്‍ പറയുന്നു. 

ബോര്‍ഡുകള്‍ക്ക് അനുമതി നല്‍കേണ്ടത് തദ്ദേശ സ്ഥാപനങ്ങളാണ്. നിയമലംഘനം നടത്തുന്നവര്‍ക്ക് പിഴയടക്കമുള്ള ശിക്ഷ നല്‍കണം. പൊതുസ്വത്ത് കൈകാര്യം ചെയ്യുന്നതില്‍ ജനങ്ങള്‍ പൗരബോധം കാട്ടുമെന്നാണ് കരുതുന്നത്. പ്രളയത്തെത്തുടര്‍ന്നുണ്ടായ മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ തന്നെ ഏറെ ബുദ്ധിമുട്ടുകയാണ്. സഹോദരങ്ങളുടെ ക്ഷേമത്തിലും ആരോഗ്യത്തിലും താല്‍പ്പര്യമില്ലാത്ത ഏതാനം ചിലരാണ് സ്വന്തം താല്‍പ്പര്യത്തിന് നിയമവിരുദ്ധമായി പരസ്യ ബോര്‍ഡുകള്‍ വെക്കുന്നത്. ഇതിനായി ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.

ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നിരോധിക്കുകയല്ല, സ്ഥാപിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയാണെന്നും സിംഗിള്‍ബെഞ്ചിന്റെ ഇടക്കാല ഉത്തരവില്‍ പറയുന്നു. കറ്റാനം സെന്റ് സ്റ്റീഫന്‍സ് മലങ്കര കത്തോലിക്ക പള്ളിക്ക് മുന്നിലെ അനധികൃത ഫ്ളക്സ് ബോര്‍ഡുകള്‍ക്കെതിരെ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നിരീക്ഷണം. ഹര്‍ജിയില്‍ സിംഗിള്‍ബെഞ്ച് ഒരു അഭിഭാഷകനെ അമിക്കസ് ക്യൂറിയായി നിയോഗിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.