തഴക്കര സഹകരണ ബാങ്ക് തട്ടിപ്പ് : പ്രതികള്‍ സ്വത്തു കൈമാറി

Friday 21 September 2018 1:09 am IST

ആലപ്പുഴ: മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിലെ തഴക്കര ശാഖയില്‍ കോടികള്‍ ക്രമക്കേട് നടത്തിയ പ്രതികള്‍ സ്വത്തുവകകള്‍ കൈമാറ്റം ചെയ്യുന്നതായി പരാതി. തട്ടിപ്പിനിരയായവര്‍ രൂപീകരിച്ച നിക്ഷേപകൂട്ടായ്മയാണ് അസിസ്റ്റന്റ് രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയത്. 

  കേസില്‍ പ്രതിയായ മുന്‍ മാനേജര്‍ ജ്യോതി മധുവിന്റെ ഉടമസ്ഥതയിലുള്ള രാംകോ ഡെന്റല്‍ ക്ലിനിക്, സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവ കൈമാറ്റം നടന്നതായാണ് ആക്ഷേപം. കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതടക്കമുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടയിലാണ് വസ്തുക്കളുടെ കൈമാറ്റം. 

  2016 ഡിസംബറിലാണ് താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയില്‍  34 കോടി രൂപയുടെ ക്രമക്കേട് നടന്നതായി തെളിഞ്ഞത്.  ഇതേത്തുടര്‍ന്ന് ബാങ്കിലെ മാനേജരായ ജ്യോതി മധു, കാഷ്യര്‍ ബിന്ദു ജി. നായര്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ കുട്ടിസീമശിവം എന്നിവരെ സര്‍വീസില്‍ നിന്ന് നീക്കിയിരുന്നു. 

  മാവേലിക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് കഴിഞ്ഞ മേയില്‍ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ ബാങ്കിലെ ഡേബുക്ക്, ക്യാഷ് ബുക്ക്, കമ്പ്യൂട്ടര്‍ എന്നിവയില്‍ കൃത്രിമം കാട്ടിയതായി കണ്ടെത്തിയിട്ടുണ്ട്. 

 സ്വര്‍ണപ്പണയത്തില്‍ പണയവസ്തു ഇല്ലാതെ വായ്പ കൊടുത്തതായും വ്യാജ നിക്ഷേപക സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി വ്യാജ അക്കൗണ്ടുകളിലേക്കും പ്രവര്‍ത്തനമില്ലാതെ കിടക്കുന്ന അക്കൗണ്ടുകളിലേക്കും പണം മാറ്റിയതായും കണ്ടെത്തി. ജ്യോതി മധുവിന്റെ സ്വന്തം അക്കൗണ്ടുകളിലേക്കും പണം മാറ്റിയതായും വ്യക്തമായി. ഏഴു വര്‍ഷമായി ഈ ക്രമക്കേടുകള്‍ തുടര്‍ന്നുവരികയായിരുന്നു. കേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.