അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം സമരം ശക്തമാക്കാന്‍ നീക്കം

Friday 21 September 2018 1:23 am IST
"നീതിയില്ല 'തീ'മാത്രം... കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എറണാകുളത്ത് കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിന് പിന്തുണയര്‍പ്പിച്ച് കിളിരൂര്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ കെ.എന്‍ സുരേന്ദ്രകുമാര്‍ എത്തിയപ്പോള്‍. സിസ്റ്റര്‍ അനുപമയുടെ പിതാവ് കെ.എം. വര്‍ഗീസും (ഇടത്ത്), ആര്‍ട്ടിസ്റ്റ് സാലി സമര്‍പ്പിച്ച യേശുവിന്റെ ചിത്രവുമായി കന്യാസ്ത്രീകളും സമരപ്പന്തലില്‍"

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോയെ ഇന്നലെ അറസ്റ്റ് ചെയ്യാതിരുന്നതോടെ ഹൈക്കോടതി ജംഗ്ഷനില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരം ശക്തിപ്പെടുത്താന്‍ തീരുമാനം. പതിമൂന്ന് ദിവസം പിന്നിടുമ്പോള്‍ അറസ്റ്റ് വൈകുന്നതില്‍ സമരസമിതി നേതൃത്വം കടുത്ത പ്രതിഷേധത്തിലാണ്.  പോലീസ് നിയമം അട്ടിമറിച്ചെന്ന് സമരസമിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. 

ലൈംഗികപീഡനകേസുകളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് രണ്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന ക്രിമിനല്‍ നിയമഭേദഗതിയിലെ പതിനാലാം വകുപ്പ് അട്ടിമറിച്ചെന്നാണ് ആരോപണം. 

 ആര്‍എംപി നേതാവ് കെ.കെ. രമ ഇന്നലെ സമരപ്പന്തലിലെത്തി സമരത്തിനു പിന്തുണ അറിയിച്ചു. പിന്തുണ നല്‍കി കിളിരൂര്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ കെ.എന്‍. സുരേന്ദ്രന്‍ വേദിയില്‍ എത്തി.  തനിക്കും തന്റെ മകള്‍ക്കും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നീതി ലഭിച്ചില്ലെന്നും, കന്യാസ്ത്രീ സമരത്തിന് നീതി ലഭിക്കുന്നതുവരെ താനും കൂടെ ഉണ്ടാകുമെന്നും  സുരേന്ദ്രന്‍ വ്യക്തമാക്കി. 

വീഴ്ചകള്‍ ഉണ്ടെങ്കില്‍ അത് തിരുത്താന്‍ സഭ തയാറാകണമെന്ന് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മാനന്തവാടി രൂപത അംഗം സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞു. 50,000 ത്തോളം കന്യാസ്ത്രീമാര്‍ സഭയിലുണ്ട്. എന്നിട്ടും വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് സമരത്തിന് പിന്തുണയുമായി സമരവേദിയിലെത്തിയത്. എല്ലാവരും ഒറ്റക്കെട്ടായി നിന്നാല്‍ മാത്രമെ അനുകൂല തീരുമാനം ഉണ്ടാക്കാന്‍ സാധിക്കു. ഭയന്നിരിക്കുന്ന കന്യാസ്ത്രീമാരുടെ പൂര്‍ണ പിന്തുണ നീതിക്കായി പോരാടുന്ന കന്യാസ്ത്രീമാരോടൊപ്പമുണ്ടെന്നും സിസ്റ്റര്‍ ലൂസി വ്യക്തമാക്കി. 

സമരത്തിന് പിന്തുണയുമായി എഴുത്തുകാരന്‍ പി. സുരേന്ദ്രന്‍, അഡ്വ. എം.എ. ജോര്‍ജ്്, എം.എ. ആന്‍ഡ്രൂസ്, സാഹിത്യകാരന്‍ സി.ആര്‍. പരമേശ്വരന്‍ തുടങ്ങിയവര്‍ എത്തി. അലോഷ്യ ജോസഫ്, സ്റ്റീഫന്‍ മാത്യു എന്നിവര്‍ എറണാകുളം ജനറല്‍ ആശുപത്രിയിലും നിരാഹാരം തുടരുകയാണ്. ഹൈക്കോര്‍ട്ട് ജംഗ്ഷനിലെ സമരപന്തലില്‍ എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ ഡോ.പി.ഗീത നിരാഹാരം തുടരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.