കണ്ണൂരില്‍ ബോയിങ്ങിറങ്ങി

Friday 21 September 2018 1:44 am IST

കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്നതിന്റെ മുന്നോടിയായി യാത്രാവിമാനം റണ്‍വേയിലിറങ്ങി. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 189 സീറ്റുകളുള്ള 737-800 ബോയിംഗ് വിമാനമാണ്  ഇറക്കിയത്. തിരുവനന്തപുരത്ത് നിന്ന് രാവിലെ 9.50 നു പുറപ്പെട്ട വിമാനം 50 മിനുട്ട് കൊണ്ട് കണ്ണൂര്‍ വിമാനത്താവളത്തിന്റെ സിഗ്നല്‍ പരിധിയിലെത്തി. വിമാനത്താവളത്തിലെത്തി രണ്ടു മണിക്കൂറോളം വട്ടമിട്ട് പറന്ന് പന്ത്രണ്ട് മണിക്ക് റണ്‍വേയില്‍ ഇറക്കി. ആറ് തവണ റണ്‍വേയില്‍ ഉയര്‍ന്നും താണും പറന്ന് പരീക്ഷണം നടത്തിയ ശേഷമാണ് വലിയ വിമാനം റണ്‍വേയിലിറങ്ങിയത്. റണ്‍വേയുടെ രണ്ടു ഭാഗങ്ങളിലും മൂന്നു തവണ വീതം വിമാനം ലാന്റ്  ചെയ്ത് പറന്നുയര്‍ന്നു.  ലാന്റിംഗ് പരിശോധന വിജയകരമായി പൂര്‍ത്തീകരിച്ച ശേഷം വിമാനം ടെര്‍മിനല്‍ ബില്‍ഡിംഗിനു സമീപം ഏപ്രണില്‍ നിര്‍ത്തിയിട്ടു.

കര്‍ണ്ണാടക സ്വദേശിയായ കമാന്‍ഡര്‍ ക്യാപ്റ്റന്‍ കെ.എസ്.റാവുവാണ് വിമാനം പറത്തിയത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഉദ്യോഗസ്ഥര്‍, എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് എയര്‍ക്രാഫ്റ്റ് എഞ്ചിനീയര്‍മാര്‍ എന്നിവരാണ് പൈലറ്റിനൊപ്പം ഉണ്ടായിരുന്നത്. കിയാല്‍ എംഡി വി.തുളസിദാസ്, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ.പി. ജോസ് പ്രൊജക്ട്  എജിനീയര്‍ കെ.വി.ഷിബു തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

വിമാനത്താവളത്തിന് അന്തിമ അനുമതി ലഭിക്കാനുള്ള അവസാനഘട്ട പരിശോധനയാണ് ഇന്നലെ നടന്നത്. ഏത് കാലാവസ്ഥയിലും ഏത് സമയത്തും വിമാനത്താവളം പ്രവര്‍ത്തിപ്പിക്കുവാനുള്ള അനുമതിയാണ് കണ്ണൂര്‍ വിമാനത്താവളത്തിന് ലഭിക്കേണ്ടത്. ഫ്‌ളൈറ്റ് വാലിഡേഷന്‍ പൂര്‍ത്തിയാക്കി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) റിപ്പോര്‍ട്ട് നല്‍കിയ ശേഷമാകും വിമാനത്താവളത്തിന് അന്തിമ അനുമതി നല്‍കുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.