കുട്ടിയുടെ ചെവിയില്‍ നുള്ളി മോദി; ഇന്‍സ്റ്റഗ്രാമില്‍ വൈറലായി ചിത്രം

Friday 21 September 2018 5:43 pm IST

ന്യൂദല്‍ഹി: ഈ കഴിഞ്ഞ പതിനേഴിനായിരുന്നു  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 68-ാം ജന്മദിനം. തന്റെ ലോക്സഭാ മണ്ഡലമായ വാരണാസിയിലായിരുന്നു അദ്ദേഹം പിറന്നാള്‍ ആഘോഷിച്ചത്. ഈ യാത്രയുടെ ഹൃദയഹാരിയായ ഒരു ചിത്രം അദ്ദേഹം ഇന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. തന്റെ 'കുഞ്ഞു കൂട്ടുകാര്‍' എന്ന് മോദി വിശേഷിപ്പിക്കുന്ന കുട്ടികള്‍ക്കൊപ്പമുള്ളതാണ് ചിത്രം. 

മോദിക്ക് കുട്ടികളോടുള്ള പ്രത്യേക വാത്സല്യം എടുത്തു കാട്ടുന്ന ചിത്രത്തിന് രണ്ടുമണിക്കൂറിനകം തന്നെ നിരവധി പ്രതികരണങ്ങളാണ് ലഭിച്ചത്. പെണ്‍കുട്ടി നോക്കിനില്‍ക്കെ, കളിയായി മോദി ആണ്‍കുട്ടിയുടെ ചെവിയില്‍ നുള്ളുന്നതാണ് ചിത്രത്തിലുള്ളത്. 'ഞാനും എന്റെ കുഞ്ഞു കൂട്ടുകാരും' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

രണ്ടു മണിക്കൂറുകള്‍ക്കകം തന്നെ 4.8 ലക്ഷം ലൈക്കുകള്‍ ചിത്രത്തിന് ലഭിച്ചു. ഒപ്പം ആയിരക്കണക്കിന് പ്രതികരണങ്ങളും. 'വിസ്മയിപ്പിക്കുന്ന ചിത്രം സര്‍' എന്നായിരുന്നു ഒരു ഇന്‍സ്റ്റഗ്രാം ഉപയോക്താവിന്റെ കമന്റ്. 'അതിമനോഹരം' എന്നായിരുന്നു മറ്റൊരാള്‍ പറഞ്ഞത്. 

വാരണാസി എന്ന ഹാഷ്ടാഗും ഇതിനൊപ്പമുണ്ട്. ജന്മദിനത്തോട് അനുബന്ധിച്ച് രണ്ടുദിവസം മോദി വാരണാസിയിലുണ്ടായിരുന്നു. സന്ദര്‍ശന വേളയില്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി ആശവിനിമയം നടത്തിയ മോദി 550 കോടി രൂപയിലധികം വരുന്ന വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തിരുന്നു. ഇത് ആദ്യമായല്ല കുട്ടികളുടെ ചെവി പിടിച്ച് വലിക്കുന്ന മോദിയുടെ ചിത്രം വൈറലാകുന്നത്. 

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഫെബ്രുവരിയില്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഒമ്പതു വയസുള്ള മകള്‍ എല്ല ഗ്രേസിന്റെ ചെവിക്ക് പിടിക്കുന്ന ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മോദി തന്നെയായിരുന്നു അന്ന് ചിത്രം ട്വീറ്റ് ചെയ്തിരുന്നത്. പ്രധാനമന്ത്രി തന്റെ മകന്‍ ആരവിന്റെ ചെവി പിടിച്ച് വലിക്കുന്ന ചിത്രം 206-ല്‍ നടന്‍ അക്ഷയ് കുമാറും 2016-ല്‍ പങ്കുവച്ചിരുന്നു. ഇനിയും ഇത്തരം ചിത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ് മോദി ആരാധകര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.