പത്തനംതിട്ട: ചലച്ചിത്രതാരം ക്യാപ്റ്റന്‍ രാജുവിന് ജന്മനാടിന്റെ യാത്രാമൊഴി. ഇന്നലെ വൈകിട്ട് നാലരയോടെ ഔദ്യോഗിക ബഹുമതികളോടെ പത്തനംതിട്ട-പുത്തന്‍പീടിക വടക്ക് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയിലായിരുന്നു സംസ്കാര ചടങ്ങുകള്‍. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഏഴരയോടെ കൊച്ചി ആലിന്‍ചുവട്ടിലുള്ള വസതിയിലായിരുന്നു അന്ത്യം.
ഇന്നലെ ഉച്ചക്ക് ഒന്നരയോടെ എറണാകുളത്തു നിന്ന് വിലാപയാത്രയായി പത്തനംതിട്ടയില്‍ ഭൗതികദേഹം കൊണ്ടുവന്നപ്പോള്‍ പ്രിയ താരത്തെ ഒരുനോക്കു കാണാന്‍ നൂറുകണക്കിന് ആളുകളാണ് കാത്തുനിന്നത്. പത്തനംതിട്ട ടൗണ്‍ഹാളിന് മുമ്പില്‍ അരമണിക്കൂര്‍ പൊതുജനങ്ങള്‍ക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ അവസരം നല്കി. തുടര്‍ന്ന് സ്വദേശമായ ഓമല്ലൂരിലേക്ക് വാഹന നിരയുടെ അകമ്പടിയോടെ വിലാപയാത്രയായി കൊണ്ടുപോയി. വൈകിട്ട് മൂന്ന് വരെ ഓമല്ലൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മൈതാനിയില്‍ പൊതുദര്‍ശനത്തിന് വെച്ചു. തുടര്‍ന്ന് കുടുംബവീടായ കുര്യന്റയ്യത്ത് വീട്ടില്‍ മൃതദേഹം എത്തിച്ചു. വീട്ടിലെ ശശ്രൂഷക്ക് ശേഷം നാലരയോടെ പുത്തന്‍പീടിക വടക്ക് സെന്റ്മേരീസ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍ സംസ്കരിച്ചു.
ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ, യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്ത, ഗീവര്‍ഗീസ് മാര്‍ കുറീലോസ്, ഗീവര്‍ഗീസ് മാര്‍ ക്ലിമ്മീസ് എന്നിവരുടെ കാര്‍മികത്വത്തിലായിരുന്നു സംസ്കാര ചടങ്ങുകള്‍. സംസ്ഥാന സര്‍ക്കാരിനുവേണ്ടി മന്ത്രിമാരായ എ.കെ. ബാലന്, മാത്യു ടി.തോമസ് എന്നിവര്‍ മൃതദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. ആന്റോ ആന്റണി എംപി, എംഎല്‍എമാരായ വീണാ ജോര്‍ജ്, ചിറ്റയം ഗോപകുമാര്‍, രാജു എബ്രഹാം, കെ.ബി. ഗണേഷ്കുമാര്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ രാജ്യസഭ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്, ജില്ലാ കളക്ടര്‍ പി.ബി. നൂഹ്, ഫ്രാന്‍സിസ് ജോര്‍ജ്്, ചലച്ചിത്ര താരങ്ങളായ മധു, മുകേഷ്, ജോണി, കോട്ടയം നസീര്‍ തുടങ്ങിയവരടക്കം വന്‍ ജനാവലി അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു.
രാവിലെ 8.30 മുതല്‍ 9.30 വരെ എറണാകുളം ടൗണ്‍ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ കലാ, സാംസ്കാരിക, രാഷ്ട്രീയ മേഖലകൡലെ നിരവധി പേര് ക്യാപ്റ്റന്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു. മൃതദേഹം എത്തിക്കുന്നതിനു മുമ്പേ നിരവധി പേര് ടൗണ്‍ഹാളിനു മുമ്പില്‍ തടിച്ചുകൂടിയിരുന്നു. സുരേഷ് ഗോപി എംപി പാടിവട്ടത്തെ വീട്ടില്‍ പ്രാര്‍ഥനാ ശുശ്രൂഷയില്‍ പങ്കെടുത്തു.
താര സംഘടനയായ അമ്മയ്ക്കുവേണ്ടി ജനറല്‍ സെക്രട്ടറി ഇടവേള ബാബു റീത്ത് സമര്‍പ്പിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്, മുന്‍മന്ത്രി കെ. ബാബു, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.സി. ചാക്കോ, കൊച്ചി കോര്പ്പറേഷന് ഡെപ്യൂട്ടി മേയര്‍ ടി.ജെ. വിനോദ്, ഡൊമിനിക് പ്രസന്റേഷന്, ഇന്നസെന്റ് എംപി, സംവിധായകരായ വിനയന്, ഹരിഹരന്, സിബി മലയില്‍, കമല്‍ നടന്മാരായ ലാലു അലക്സ്, മനോജ് കെ. ജയന്, ജനാര്ദനന്, ടിനി ടോം, ബാബുരാജ്, കെ.എസ്. പ്രസാദ് തുടങ്ങിയവരും അന്ത്യാഞ്ജലി അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: