കേസ് അട്ടിമറിക്കാന്‍ ആദ്യം ഇടപെട്ടത് സഭാ നേതൃത്വം

Saturday 22 September 2018 5:15 am IST

കുറവിലങ്ങാട്: ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗികപീഡനക്കേസ് അട്ടിമറിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ സഭയുടെ സ്വാധീനവും സമ്പത്തും വ്യക്തമാക്കുന്നതായിരുന്നു. കേസ് തേച്ചുമാച്ചുകളയാന്‍ രാഷ്ട്രീയ സ്വാധീനം പ്രയോഗിച്ച് ഭരണകക്ഷിയേയും പ്രതിപക്ഷത്തേയും ഒരു പോലെ വരുതിയിലാക്കാന്‍ ശ്രമിച്ചു. 

കത്തോലിക്ക പൗരോഹിത്യം കുറ്റകരമായ മൗനമാണ് പാലിച്ചത്. കെസിബിസി പോലെയുള്ള സംഘടനകള്‍ പരാതിക്കാരിയെ പിന്തുണയ്ക്കാന്‍ തയാറായില്ല. പരാതിക്കാരിക്കെതിരെ നിരവധി അപവാദ പ്രചാരണങ്ങളും ഉണ്ടായി. അതേസമയം, കന്യാസ്ത്രീകള്‍ നടത്തിയ സമരത്തെ തള്ളിപ്പറയാനും താഴ്ത്തി കാണിക്കാനുമാണ് കെസിബിസി അടക്കമുള്ള സംഘടനകള്‍ ശ്രമിച്ചത്. കന്യാസ്ത്രീ തന്റെ മൊഴിയില്‍ ഉറച്ച് നില്‍ക്കുകയും കുടുംബാംഗങ്ങളും മഠത്തിലെ സഹപ്രവര്‍ത്തകരായ കന്യാസ്ത്രീകളും അവര്‍ക്ക് ധൈര്യം പകര്‍ന്ന് എല്ലാ പ്രലോഭനങ്ങളെയും അതിജീവിക്കുകയുമായിരുന്നു.

അന്വേഷണത്തിന്റെ പല ഘട്ടങ്ങളിലും സഭ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് വാഗ്ദാനങ്ങള്‍ ഉണ്ടായത്. പരാതിയില്‍ നിന്ന് പിന്മാറാന്‍ ഉന്നതസ്ഥാനവും അഞ്ച് കോടി രൂപയും വാഗ്ദാനം ചെയ്‌തെന്ന് കന്യാസ്ത്രീയുടെ സഹോദരന്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന് ശേഷമാണ് കുര്യനാട് ആശ്രമത്തിലെ ഫാ. ജെയിംസ് എര്‍ത്തയില്‍ രംഗത്തിറങ്ങിയത്. പരാതിക്കാരിയെ പിന്തുണയ്ക്കുന്ന കന്യാസ്ത്രീയുമായി ഫോണില്‍ ബന്ധപ്പെട്ട് 10 ഏക്കര്‍ സ്ഥലവും മഠവുമാണ് വാഗ്ദനം ചെയ്തത്.  

ഈ സംഭാഷണം പുറത്തായതോടെ ഫാ. ജയിംസ് എര്‍ത്തയില്‍ വെട്ടിലായി. ഇയാള്‍ക്കെതിരെ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് കേസെടുക്കുകയും ചെയ്തു. രൂപത പിആര്‍ഒ കൊച്ചിയില്‍ മുന്തിയ ഹോട്ടലില്‍ തങ്ങിയാണ് അട്ടിമറിക്ക് നേതൃത്വം കൊടുത്തതെന്നാണ് വിശ്വാസികളില്‍ ഒരു വിഭാഗം പറയുന്നത്. കന്യാസ്ത്രീ അംഗമായ മിഷണറീസ് ഓഫ് ജീസസ് ആകട്ടെ പരാതിക്കാരിയുടെ ചിത്രം പുറത്ത് വിട്ട് പ്രതികാരം തീര്‍ക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.